കാവുകൾ സംരക്ഷിക്കപ്പെടണം
കാവുകള്‍
മലയാളിയുടെ ജീവിതത്തില്‍ കാവുകള്‍ക്ക് പ്രതേക സ്ഥാനമുണ്ട്. കേവലം പടര്‍ന്ന പച്ചപ്പ് മാത്രമല്ല. വിശ്വാസത്തീന്‍റെതായ ഒരു തലം ഈ കാവുകളെ ചുറ്റി സംരക്ഷിക്കുന്നതായി കാണാം. കാവുകള്‍ അതത് നാട്ടുകാരുടെ മാനസികവും ശാരീരികവുമായ കേള്ശങ്ങള്‍ അകറ്റി ആത്മധൈര്യവും സദാചാരബോധവും വളര്‍ത്തി ധാര്‍മ്മിക ജീവിതം നയിക്കാന്‍ സമൂഹത്തെ പ്രാപ്തമാക്കുന്ന ഒന്നും കൂടിയാണ്. ഗുളികന്‍ കാവ്, ചാമുണ്ഡിക്കാവ്, മുച്ചിലോട്ട് കാവ്, ഇങ്ങനെ ഏതെങ്കിലും ഒരു പ്രധാന ദേവതയുടെ ആരൂഡമെന്ന പേരിലാണ് ഓരോ കാവും അറിയപ്പെടുന്നതെങ്കിലും ആ ദേവതയോടോപ്പം അനേകം തെയ്യങ്ങളും കാവില്‍ കുടികൊള്ളുന്നുണ്ടാവും. കാവുകള്‍ ഓരോന്നും ഓരോ ജാതി സമൂഹത്തിന്റെതാണ് എങ്കിലും ഗ്രാമത്തിലെ നാനാജാതികളുടെയും കൂട്ടായ്മ തെയ്യാട്ട വേളയിലും വിശേഷാവസരങ്ങളിളും കാണാവുന്നതാണ്.
കാവുകളുടെ പ്രധാന ഉത്സവം കളിയാട്ടമാണ്. എല്ലാ കാവുകളിലും ആണ്ടോടാണ്ട് കൂടുമ്പോള്‍ കളിയാട്ടം നടക്കാറില്ല. ചില കാവുകളില്‍ ഈരാണ്ടിലോരിക്കലും മറ്റ് ചിലയിടങ്ങളില്‍ മൂവാണ്ടിലോരിക്കലും നടത്തുമ്പോള്‍ പത്തോ പന്ത്രണ്ടോ കൊല്ലങ്ങള്‍ കൂടുമ്പോള്‍ കഴിക്കുന്ന കളിയാട്ടത്തെ പെരുങ്കളിയാട്ടം എന്ന് പറയുന്നു. നാലഞ്ചു നാള്‍ നില്‍ക്കുന്ന മഹോല്‍സവമായിട്ടാണ് ഇത് നടക്കുന്നത്. സാധാരണ പെരുങ്കളിയാട്ടങ്ങള്‍ നടക്കുന്നത് മുച്ചിലോട്ട് കാവുകളിലും, കഴകങ്ങളിലുമാണ്.
കാവിലെ ശുദ്ധികര്‍മ്മങ്ങള്‍ക്കു അധികാരി ബ്രാഹ്മണനാണ്, പീഠമൊരുക്കുവാനും പന്തല്‍പണിക്കുള്ള മരമൊരുക്കാനും ആശാരിയും, പള്ളിവാളും കൈവിളക്കും കടഞ്ഞൊരുക്കാന്‍ കൊല്ലനും, ഓട്ടുരുക്കള്‍ തയ്യാറാക്കാന്‍ മൂശാരിയും കലശമൊരുക്കാന്‍ തീയ്യനും, എണ്ണയെത്തിക്കാന്‍ വാണിയനും, മാറ്റ് തുണിയെത്തിക്കാന്‍ വെളുത്തെടനും സ്വര്‍ണ്ണം വിളക്കാന്‍ തട്ടാനും മുഹൂര്‍ത്തം കുറിക്കാനും ആചാരക്കുട സമര്‍പ്പിക്കാനും കണിയാരും കാവിലെത്തുമ്പോള്‍ കാവിലേക്ക് ആവശ്യമായ തഴപ്പായകള്‍ നല്‍കുന്നത് പുലയരാണ്. കാസര്‍ഗോഡ് ജില്ലയിലെ ചില കാവുകളിലേക്ക് തെയ്യാട്ടത്തിനുള്ള വെറ്റില നല്‍കുന്നത് മുസ്ലിം തറവാട്ട്കാരാണ്. രക്ഷാധികാരികളായി കാവില്‍ നായര്‍, നമ്പ്യാര്‍, പൊതുവാള്‍ തുടങ്ങിയവരും സന്നിഹിതരാകും. ചുരുക്കത്തില്‍ വിത്യസ്ത ജാതിക്കാരുടെ ഒരു കൂട്ടായ്മയാണ് തെയ്യക്കാവുകളില്‍ കാണുന്നത്. യഥാര്‍ത്ഥത്തില്‍ വിശ്വാസത്തിന്‍റെയും സംസ്ക്കാരത്തിന്‍റെയും പച്ചപ്പ് നിലനിര്‍ത്തുന്നതില്‍ കാവുകള്‍ വഹിക്കുന്ന പ്രാധാനൃം നാം കാണാതെ പോകരുത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ