തെനാലിരാമന്‍ കഥ

തെനാലിരാമന്‍  കഥ  



വെളുത്ത പട്ടിയെ  കറുത്തതാക്കാന്‍


രാജകൊട്ടാരത്തിലെ  ക്ഷുരകന്‍  നിത്യവും  രാവിലെ രാജാവിന്  ക്ഷൗരം നടത്താനെത്തും.  ഒരു ദിവസം  ക്ഷുരകന്‍  എത്തിയപ്പോള്‍ രാജാവ്  ഉറങ്ങുകയായിരുന്നു.  വിദഗ്ദ്ധനായ  ക്ഷുരകന്‍ , രാജാവിന്‍റെ  ഉറക്കത്തിന്  വിഘ്നം വരുത്താതെതന്നെ  ക്ഷൗരം ചെയ്തു മടങ്ങി.

ഉറക്കമുണര്‍ന്നെഴുന്നേറ്റ രാജാവ്  തന്‍റെ മുഖം നിലക്കണ്ണാടിയില്‍  കണ്ട്  അത്ഭുതപ്പെട്ടു.  താന്‍ ഉറങ്ങിക്കിടക്കുംബോള്‍  ക്ഷുരകന്‍ വന്ന് താടിയും മുടിയും  മിനുക്കിയിരിക്കുന്നു.

'' ആരവിടെ ! ക്ഷുരകനെ നമ്മുടെ മുന്നില്‍  ഹാജരാക്കട്ടെ.''  രാജാവ്  കല്പിച്ചു.

പേടിച്ചുവിറച്ചുകൊണ്ടാണ് ക്ഷുരകന്‍ രാജാവിന്‍റെ മുന്നിലെത്തിയത്. ഉറങ്ങുംബോള്‍ ക്ഷൗരം ചെയ്തതിന് ശിക്ഷിക്കാനായിരിക്കും  രാജാവ് വിളിപ്പിച്ചതെന്ന്  ക്ഷുരകന്‍ ഉറപ്പിച്ചു

 '' നീ ബഹുകേമന്‍ തന്നെ . നമ്മുടെ ഉറക്കം നഷ്ടപ്പെടുത്താതെ ക്ഷൗരം ചെയ്തതിന്  നിനക്ക് ഒരു സമ്മാനം തരാം പറഞ്ഞോളു എന്താണ് വേണ്ടത് ? എന്തും ചോദിക്കാം ''

രാജാവിന്‍റെ വാക്കുകേട്ടപ്പോള്‍  ക്ഷുരകന് സമാധാനമായി.

എന്തു സമ്മാനമാണ് ചോദിക്കുക എന്ന് ഒരുനിമിഷം ചിന്തിച്ച ക്ഷുരകന്‍ ,  ബ്രാഹ്മണര്‍ക്ക് കൊട്ടാരത്തില്‍ കിട്ടുന്ന സ്ഥാനമാനങ്ങളില്‍ ക്ഷുരകന് ആഗ്രഹം ഉണ്ടായിരുന്നതുകൊണ്ട്  തന്നെ ഒരു ബ്രാഹ്മണനാക്കിത്തരാന്‍  ദയവുണ്ടാകണമെന്ന് രാജാവിനോട് അപേക്ഷിച്ചു. ക്ഷുരകന്‍റെ ആവശ്യം കേട്ടപ്പോള്‍ രാജാവടക്കം എല്ലാവരും ഞെട്ടി.  എന്തൊരസംബന്ധമാണ്  ഈയാള്‍ ആവശ്യപ്പെടുന്നത് ? .പക്ഷേ എന്തുവരവും ചോദിച്ചുകൊള്ളാന്‍ പറഞ്ഞസ്ഥിതിക്ക്  വാക്ക് പാലിച്ചേ പറ്റു രാജാവിന്.   ക്ഷുരകനെ ബ്രാഹ്മണനാക്കാന്‍  രാജാവ് പുരോഹിതര്‍ക്ക്  കല്പന കൊടുത്തു.

പുരോഹിതര്‍  അങ്കലാപ്പിലായി.  ക്ഷുരകനെ എങ്ങനെയാണ്  ബ്രാഹ്മണനാക്കുക.?  വര്‍ഷങ്ങളോളം  വേദമന്ത്രങ്ങള്‍ പഠിച്ചും പൂജകള്‍ ചെയ്തും മാത്രമേ ഒരാള്‍ക്കു ബ്രാഹ്ണനാകാനൊക്കു.  അങ്ങനെയിരിക്കെ അക്ഷരഞ്ജാനം പോലുമില്ലാത്ത ക്ഷുരകനെ എങ്ങനെയാണ്  ബ്രാഹ്മണനാക്കുക. രാജകല്പന ലംഘിച്ചാല്‍ തലപോകും. തെനാലിരാമനു മാത്രമെ തങ്ങളെ രക്ഷിക്കാനൊക്കു.  പക്ഷേ ശത്രുക്കളായ തങ്ങളെ  സഹായിക്കാന്‍ രാമന്‍ തയ്യാറാകുമോ ? രാമന്‍റെ കാലുപിടിക്കുകതന്നെ.  രാജഗുരുവിന്‍റെ നേതൃത്വത്തില്‍ പുരോഹിതര്‍ രാമനെ ചെന്നു കണ്ടു.
               ശത്രുക്കളാണെങ്കിലും ഒരു സഹായം ആവശ്യപ്പെട്ടുകൊണ്ടു വന്നവരെ  രാമന്‍ ഉപേക്ഷിച്ചില്ല.   ക്ഷുരകനെ ബ്രാഹ്മണനാക്കാമെന്നുള്ള  രാജകല്പന പിന്‍വലിപ്പിക്കാമെന്ന്  രാമന്‍ ഏറ്റു. രാമന്‍ ഒരു കാര്യം ഏറ്റാല്‍  അത് നടന്നതിനു തുല്യമാണ് . പുരോഹിതര്‍  മനസ്സമാധാനത്തോടെ തിരിച്ചുപോയി

ഒരുദിവസം പ്രഭാതസവാരി നടത്തുന്നതിനിടയില്‍ രാജാവ്  അംബരിപ്പിക്കുന്ന ഒരു കാഴ്ച്ച കണ്ടു.  വഴിയരുകില്‍  ഒരു കുളക്കരയില്‍  കുറെ വിറകുകൂട്ടി  തീ കത്തിച്ചിരിക്കുന്നു.  തെനാലിരാമന്‍ ഒരു പട്ടിയെ  കയറിട്ട്കെട്ടി തീകുണ്ഡത്തിനുചുറ്റും  രണ്ടുമൂന്നു തവണ നടത്തിച്ചശേഷം  പട്ടിയെ കുളത്തില്‍ മുക്കുന്നു.  വീണ്ടും തീകുണ്ഡത്തിന് ചുറ്റും നടത്തിക്കും .ഈ പ്രവര്‍ത്തി  കുറച്ചുനേരം രാജാവ് നോക്കിനിന്നു.  ആവര്‍ത്തിച്ചകണ്ടപ്പോള്‍ രാജാവ് രാമനോട് ചോദിച്ചു.   ''  എന്താ രാമാ രാവിലെ ഈ സാധു ജീവിയോട്  ഇത്ര ക്രൂരത കാണിക്കുന്നത് ''? എന്ന്.

'' ക്രൂരതയല്ല തിരുമേനി,  അടിയന്‍ ഈ വെളുത്ത പട്ടിയെ  കറുത്ത പട്ടിയാക്കാന്‍ ശ്രമിക്കുകയാണ് ''

'' താനെന്തുമണ്ടത്തരമാണ് രാമാ പറയുന്നത്. ?  എന്തെല്ലാം ചെയ്താലും വെളുത്ത പട്ടി കറുക്കുമോ ?  രാജാവ് പൊട്ടിച്ചിരിച്ചു.

'' കഴിയും പ്രഭോ, ഒരു ക്ഷുരകന് നാലുനാള്‍കൊണ്ട് ബ്രാഹ്മണനാകാമെങ്കില്‍  ഇതും സാധിക്കും ''

രാജാവിന് ഇടിവെട്ടറ്റതുപോലെയായി.  ക്ഷുരകനെ ബ്രാഹ്മണനാക്കാനുള്ള തന്‍റെ കല്പന  ഒരു പംബരവിഡ്ഢിത്തമാണെന്ന കാര്യം തന്നെ ബോധ്യപ്പെടുത്താന്‍ രാമന്‍ കളിച്ച നാടകമായിരുന്നു അതെന്ന് രാജാവിന് മനസ്സിലായി.  ഒന്നും മിണ്ടാതെ അദ്ദേഹം കൊട്ടാരത്തിലേക്ക്  മടങ്ങി ക്ഷുരകനെ വിളിച്ചു വരുത്തി  രാജാവ് കാര്യം പറഞ്ഞു മനസ്സിലാക്കുകയും ധാരാളം പണം കൊടുത്ത് സന്തോഷിപ്പിച്ചയക്കുകയും ചെയ്തു.

അഭിപ്രായങ്ങള്‍

ഒരു നിമിഷം

Sree Nellikka thiruthi Kazhakam

പാലന്തായികണ്ണൻ

ശ്രീകൃഷ്ണകഥകൾ

ക്ഷേത്രാചാരം

പൊതു വിജ്ഞാനം