ശബരിമല യാത്ര

ശബരിമല യാത്ര... എരുമേലി. മഹിഷി നിഗ്രഹത്തിന്റെ പുണ്യഭൂമി. ഇവിടെ പളളിയും അമ്പലവും തമ്മില് വേര്തിരിവില്ല. ഭക്തര്ക്ക് ക്ഷേത്രദര്ശനം പോലെ പരമ പവിത്രം വാവരുപളളി ദര്ശനവും. ഹരിഹരപുത്രനായ മണികണ്ഠന് അമ്മയുടെ രോഗം മാറ്റാന് പുലിപ്പാലുതേടി കാട്ടിലേക്കുളള യാത്രയില് ആദ്യം എത്തിയതും എരുമേലിയില്. അവതാരലക്ഷ്യം നേടാനായി മഹിഷിയുമായി മണികണ്ഠന് ഏറ്റുമുട്ടി നിഗ്രഹം നടത്തിയത് എരുമേലിയിലാണ്. മഹിഷി നിഗ്രഹത്തിന്റെ സ്മരണ പുതുക്കിയാണ് എരുമേലിയിലെ പേട്ടതുളളല്. മുഖത്ത് ചായം തേച്ച് പ്രാചീന വേഷംകെട്ടി കൊച്ചമ്പലത്തില് എത്തി വേണം പേട്ട തുടങ്ങാന്. പേട്ടതുളളാന് ആവശ്യമായ കമ്പും പച്ചക്കറികളും വാങ്ങി കരിമ്പടത്തില് കെട്ടേണ്ടത് രണ്ടാം കന്നിക്കാരുടെ നേതൃത്വത്തിലാണ്. കമ്പി മധ്യത്തില് കരിമ്പടത്തിലെ കിഴികെട്ടി തൂക്കി രണ്ടു കന്നിക്കാര് തോളില് വച്ചുവേണം പേട്ടതുള്ളാന്. കൊച്ചമ്പലത്തിലെ പേട്ട ശാസ്താവിനെ വണങ്ങി തുളളിനീങ്ങുന്നതിനു വാദ്യമേളങ്ങള് വേണം. ''അയ്യപ്പ.... തിന്തകത്തോം... സ്വാമി തിന്തകത്തോം... '' എന്നു പാടി താളത്തിനൊത്തു ചുവടുവെച്ചു നീങ്ങിയാല് ആദ്യം എത്തേണ്ടത് വാവരുപളളിയില്. പ്രദക്ഷിണം വച്ച് കാണിക്കയിട്ട്...