കണിക്കൊന്നയ്ക്ക് ഒരു കഥയുണ്ട്
കണിക്കൊന്നയ്ക്ക് ഒരു കഥയുണ്ട്
*ത്രേതായുഗത്തില്‍ ശ്രീരാമ സ്വാമി സീതാന്വേഷണത്തിന് പോയപ്പോള്‍ യാത്രാമദ്ധ്യേ സുഗ്രീവനുമായി സഖ്യം ചെയ്ത് ബാലിയെ ഒളിയമ്പെയ്ത് കൊന്നത് ഒരു മരത്തിന്‍റെ പിന്നില്‍ മറഞ്ഞു നിന്നാണെന്ന് കേട്ടീട്ടില്ലേ?*
*ഈ മരം കാണുമ്പോള്‍ എല്ലാവരും ബാലിയെ കൊന്ന മരം എന്ന് പറയാന്‍ തുടങ്ങി. അത് പിന്നീട്* *""കൊന്ന"" മരമായി മാറി . പാവം ആ വൃക്ഷത്തിന് സങ്കടമായി, ഒരു തെറ്റും ചെയ്യാത്ത തനിക്ക് ഇങ്ങിനെ ഒരു അപവാദം കേള്‍ക്കേണ്ടി വന്നല്ലോ? അത് ശ്രീ രാമസ്വാമിയെത്തന്നെ സ്മരിച്ചു. ഭഗവാന്‍ പ്രത്യക്ഷനായി. മരം സങ്കടത്തോടെ ചോദിച്ചു.*
*"ഭഗവാനേ! എന്‍റെ പിന്നില്‍ മറഞ്ഞു നിന്ന് ബാലിയെ വധിച്ചത് അങ്ങല്ലേ? എന്നാല്‍* *""കൊന്ന"" മരം എന്ന് എന്നെയാണ് എല്ലാവരും വിളിക്കുന്നത്. എനിക്ക് ഈ പഴി താങ്ങുവാന്‍ വയ്യ. അങ്ങ് തന്നെ ഇതിന് പരിഹാരം കണ്ടെത്തണം."*
*ഭഗവാന്‍ പറഞ്ഞു.*
*" പൂര്‍വ്വ ജന്മത്തില്‍ നീ ഒരു മഹാത്മാവിനെ തെറ്റിദ്ധാരണമൂലം ചെയ്യാത്ത കുറ്റം ആരോപിച്ചു. പിന്നീട് സത്യം മനസ്സിലാക്കി ക്ഷമാപണം ചെയ്തെങ്കിലും ആ കര്‍മ്മഫലം അനുഭവിക്കുക തന്നെ വേണം.ഈ നാമം നിന്നെ വിട്ട് പോകില്ല. എന്നാല്‍ എന്നോടു കൂടി സംഗമുണ്ടയതുകൊണ്ട് നിനക്കും നിന്‍റെ വര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്കും സൌഭാഗ്യം ലഭിക്കും. സാദാ ഈശ്വര സ്മരണയോടെ ഇരിക്കുക".*
*ഭഗവാന്റെ വാക്കുകള്‍ ശിരസ്സാ വഹിച്ചുകൊണ്ട് കൊന്നമരം ഈശ്വര ചിന്തയോടെ കഴിഞ്ഞു.*
*കലികാലം ആരംഭിച്ചു, പരബ്രഹ്മ മൂര്‍ത്തിയായ ശ്രീ കൃഷ്ണ ഭഗവാന്‍ വാണരുളുന്ന ഭൂലോക വൈകുണ്ഡമായ ഗുരുവായൂരില്‍ ആ ഉണ്ണിക്കണ്ണന്‍റെ പ്രത്യക്ഷ ദര്‍ശനം പല ഭക്തോത്തമന്മാര്‍ക്കും ലഭിച്ചു. കൂരൂരമ്മക്കും വില്വമംഗലത്തിനും പൂന്താനത്തിനും ഉണ്ണിയായി കണ്ണന്‍ ലീലയാടി. കണ്ണനെ തന്‍റെ കളിക്കുട്ടുകാരനായി കണ്ട ഒരു ഉണ്ണി ഉണ്ടായിരുന്നു, ആ ബാലന്‍ വിളിച്ചാല്‍ കണ്ണന്‍ കൂടെ ചെല്ലും .തൊടിയിലും പാടത്തുമെല്ലാം രണ്ട് പേരും കളിക്കും. ആ കുഞ്ഞ് അതെപ്പറ്റി പറയുമ്പോള്‍ ആരും വിശ്വസിച്ചിരുന്നില്ല. ഒരു ദിവസം അതിമനോഹരമായ ഒരു സ്വര്‍ണ്ണമാല ഒരു ഭക്തന്‍ ഭഗവാന് സമര്‍പ്പിച്ചു. അന്ന് ആ മാലയും ഇട്ടുകൊണ്ടാണ് കണ്ണന്‍ തന്‍റെ കൂട്ടുകാരനെ കാണുവാന്‍ പോയത്.* *കണ്ണന്‍റെ മാല കണ്ടാപ്പോള്‍ ആ ബാലന് അതൊന്നണിയാന്‍ മോഹം തോന്നി. കണ്ണന്‍ അത് ചങ്ങാതിക്ക് സമ്മാനമായി നല്‍കി. വൈകീട്ട് ശ്രീ കോവില്‍ തുറന്നപ്പോള്‍ മാല കാണാതെ അന്വേഷണമായി , ആ സമയം കുഞ്ഞിന്‍റെ കയ്യില്‍ വിലപിടിപ്പുള്ള സ്വര്‍ണ്ണാഭരണം കണ്ട മാതാപിതാക്കള്‍ അവന്‍ പറഞ്ഞതൊന്നും വിശ്വസിച്ചില്ല, അവനെ കൂട്ടി ക്ഷേത്രത്തിലേക്ക് വന്നു. അപ്പോഴും ആ ഉണ്ണി ഇത് കണ്ണന്‍ സമ്മാനിച്ചതാണ് എന്നു പറഞ്ഞു. ആരും അത് വിശ്വസിച്ചില്ല.*
*കുട്ടി മോഷ്ടിച്ചതാണ് എന്ന് കരുതി അവനെ ശിക്ഷിക്കാന്‍ ഒരുങ്ങി. പേടിച്ച കുഞ്ഞ് തന്‍റെ കഴുത്തില്‍ നിന്നും മാല ഊരിയെടുത്ത്*
*" കണ്ണാ! നീ എന്‍റെ ചങ്ങതിയല്ല. ആണെങ്കില്‍ എന്നെ ശിക്ഷിക്കരുതെന്നും നിന്‍റെ സമ്മാനമാണെന്നും ഇവരോട് പറയുമായിരുന്നു. നിന്‍റെ ചങ്ങാത്തം എനിക്ക് വേണ്ട. ഈ മലയും"*
*എന്ന് ദേഷ്യത്തോടെ ഉറക്കെ പറഞ്ഞുകൊണ്ട് ആ മാല പുറത്തേക്കു വലിച്ചെറിഞ്ഞു. ആ മാല ചെന്ന് വീണത് അവിടെ നിന്നിരുന്ന ഒരു കൊന്ന മരത്തിലാണ്.* *അത്ഭുതമെന്നു പറയട്ടെ ആ മരം മുഴുവനും സ്വര്‍ണ്ണ വര്‍ണ്ണത്തിലുള്ള മനോഹരമായ പൂക്കളാല്‍ നിറഞ്ഞു. ആ സമയത്ത് ശ്രീകോവിലില്‍ നിന്നും അശരീരി കേട്ടു.*
*"ഇത് എന്‍റെ ഭക്തന് ഞാന്‍ നല്‍കിയ നിയോഗമാണ്. ഈ പൂക്കളാല്‍ അലങ്കരിച്ച് എന്നെ കണികാണുമ്പോള്‍ എല്ലാവിധ ഐശ്വര്യവും സമ്പല്‍സമൃദ്ധിയും ഉണ്ടാകും. മാത്രമല്ല ഈ പൂക്കള്‍ കണി കാണുന്നത് മൂലം ദുഷ്ക്കീര്‍ത്തി കേള്‍ക്കെണ്ടാതായി വരില്ല".*
*അന്ന് മുതലാണത്രേ കൊന്ന പൂത്തു തുടങ്ങിയത്.അങ്ങിനെ കണ്ണന്‍റെ അനുഗ്രഹത്താല്‍ കണിക്കൊന്ന എല്ലാ മനസ്സുകളിലും പവിത്രമായ സ്ഥാനം പിടിച്ചു.*
*ഈ കഥയൊന്നും അറിയില്ലെങ്കിലും നിറയെ പൂത്ത കണിക്കൊന്ന എല്ലാവരിലും ആനന്ദം പകരുന്നു.എല്ലാ വര്‍ഷവും ഭഗവാന്‍റെ അനുഗ്രഹം ഓര്‍ക്കുമ്പോള്‍ കൊന്നമരം അറിയാതെ പൂത്തുലഞ്ഞു പോകുന്നു,*
അതാണ് കവി പാടിയത്.
" എനിക്കാവതില്ലേ
പൂക്കാതിരിക്കാന്‍
കണിക്കൊന്നയല്ലേ
വിഷുക്കാലമല്ലേ"
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ