ശാസ്താവിൻറെ വാഹനമേത് ?
എന്താണ് ‘വാഹന’മെന്ന് പറഞ്ഞാൽ?
ശാസ്താവിൻറെ വാഹനമേത് ?
ദേവൻറെ അല്ലെങ്കിൽ ദേവിയുടെ സ്വരൂപംഏതിലൂടെ ഭക്തർക്കു സ്പഷ്ടമാകുന്നുവോ (ഭക്തരിൽ എത്തിച്ചേരുന്നുവോ) അതിനെ പ്രതീകവത്കരിക്കുന്നതാണു വാഹനം. സാധാരണയായി തിര്യഗ് രൂപങ്ങളിൽ ഒന്നായിരിക്കും വാഹനമായി പറയുക.
വിഷ്ണുവിനു ഗരുഡൻ, ശിവനു വൃഷഭം, ദുർഗയ്ക്കു സിംഹം, സരസ്വതിക്കു ഹംസം എന്നിങ്ങനെ.
’പുലിവാഹനനേ ശരണം പൊന്നയ്യപ്പാ’ എന്ന് ഭക്തിപൂർവ്വം നാം ശരണം വിളിക്കാറുണ്ട്.
പന്തളം രാജ്ഞിയുടെ തലവേദന ശമിപ്പിക്കുന്നതിനു പുലിപ്പാൽ തേടിപ്പോയ അയ്യപ്പൻ പുലിരൂപം ധരിച്ച ദേവേന്ദ്രനു മുകളിലേറി കൊട്ടാരത്തിൽ തിരിച്ചെത്തി എന്നാണു ഐതിഹ്യം. അതിനാൽ പുലിവാഹനനായ അയ്യപ്പൻ ഭക്തമനസ്സുകളിൽ പ്രതിഷ്ഠിക്കപ്പെ ട്ടു.
എന്നാൽ തന്ത്രശാസ്ത്ര ഗ്രന്ഥങ്ങളിൽ ശാസ്താവിൻറെ വാഹനമായി പറയുന്നത് കുതിരയെ ആണ്.
ഭഗവാൻറെ ധ്വജപ്രതിഷ്ഠകളിൽ വാഹനമായി പ്രതിഷ്ഠിക്കപ്പെ ടുന്നത് അശ്വമാണ്. ശാസ്താവിൻറെ കൊടിയടയാളവും കുതിര തന്നെ.
വാജിവാഹനൻ, തുരഗവാഹനൻ, തുരംഗവാഹനൻ, ഹയാരൂഢൻ, അശ്വാരൂഢൻ എന്നെല്ലാം ശാസ്താവ് വിളിക്കപ്പെടുന്നു. അതിവേഗം ഗമിക്കുന്നത്, ചിന്ത എന്നെല്ലാമാണു തുരഗം (തുരംഗം), അശ്വം, വാജി, ഹയം എന്നീ പദങ്ങള്ക്കെ്ല്ലാമുള്ള സാമാന്യാർത്ഥം. മനുഷ്യൻറെ ചിന്തകളെയാണു ധർമ്മമൂർത്തിയായ ശാസ്താവിൻറെ വാഹനമായി കൽപ്പിച്ചിരിക്കുന്നത്.
അതിവേഗം സഞ്ചരിക്കുന്ന ചിന്തകളെ നിയന്ത്രിക്കാനുള്ള കടിഞ്ഞാൺ ഭഗവാൻറെ കയ്യിലാണ്. വ്രതവിശുദ്ധിയാണു കടിഞ്ഞാൺ. ഭക്തൻറെ ചിന്തകളെ നേർവഴിക്കുനയിക്കുന്നവൻ എന്നു സൂചിപ്പിക്കുവാനാണു പ്രതീകാത്മകമായി തുരഗവാഹനനായി ശാസ്താവിനെ പൂർവ്വികർ അവതരിപ്പിച്ചത്.
കാറ്റിനെ വെല്ലുന്ന വേഗത്തിൽ പായുന്ന കുതിരയുടെ പുറത്ത് അമ്പും വില്ലും ധരിച്ചവനായി ഭക്തരുടെ മനസ്സാകുന്ന കാട്ടിൽ വിഹരിക്കുന്ന രാഗദ്വേഷാദികളായ ദുഷ്ടമൃഗങ്ങളെ സംഹരിക്കാൻ എഴുന്നള്ളുന്ന വില്ലാളിവീരനാണു ധർമ്മശാസ്താവ് എന്ന് ഒരു ധ്യാനശ്ലോകത്തിൽ ഭഗവാനെ വന്ദിക്കുന്നതും അതിനാൽ ത്തന്നെ ശ്രദ്ധേയമാണ്.
ആരൂഢഃ പ്രൗഢവേഗ പ്രവിജിതപവനം തുംഗതുംഗം തുരംഗം
ചേലം നീലം വസാനഃ കരതലവിലസൽ കാണ്ഡകോദണ്ഡ ദണ്ഡഃ
രാഗദേ്വഷാദിനാനാവിധമൃഗപടലീഭീതികൃൽ ഭൂതഭർത്താ
കുർവ്വന്നാഖേടലീലാം പരിലസതു മനഃകാനനേ മാമകീനേ
വേദങ്ങളിൽ വാജി ശബ്ദം ബലവാനായ ജീവാത്മാവ് എന്ന അർത്ഥത്തിലാണു പ്രയോഗിച്ചിരിക്കുന്നത്. അപ്പോള്‍ വാജിവാഹനൻ ജീവാത്മാവിനോടു ചേർന്ന പരമാത്മാവ് എന്ന ആശയവും ഉൾക്കൊള്ളുന്നു
മദമേറിയ ആനപ്പുറത്ത് ഏറിയവനായും (മദഗജാരൂഢം) ശാസ്താവിനെ ധ്യാനിക്കാറുണ്ട്. ശാസ്താവിൻറെ ശത്രുനാശകഭാവത്തിലുള്ള ധ്യാനങ്ങളിലാണു (രജോഗുണ, തമോഗുണ ധ്യാനങ്ങളിൽ ) മദഗജവാഹനം പറയപ്പെ ടുന്നത്.
തേജോമണ്ഡലമധ്യഗം ത്രിണയനംദിവ്യാംബരാലങ്കൃതം
ദേവം പുഷ്പശരേക്ഷു കാർമുകലസ•ാണിക്യപാത്രാഭയം
ബിഭ്രാണം കരപങ്കജൈർ മദഗജസ്‌കന്ധാധിരൂഢം വിഭും
ശാസ്താരം ശരണം ഭജാമി സതതംത്രൈലോക്യസമ്മോഹനം
കൽ ഹാരോജ്ജ്വല നീലകുന്തളഭരംകാളാംബുദശ്യാമളം
കർപ്പൂരാകലിതാഭിരാമവപുഷംകാന്തേന്ദു ബിംബാനനം
ശ്രീ ദണ്ഡാങ്കുശപാശശൂല വിലസത്പാണിം മദാന്ധദ്വിപാ-
രൂഢം ശത്രുവിമർദ്ദനം ഹൃദി മഹാശാസ്താരമാദ്യം ഭജേ
മദയാനയുടെ സവിശേഷത എന്തിനേയും തല്ലിത്തകർക്കാനുള്ള ആക്രമണോത്‌സുകതയാണ്. ആ മദയാനയെ നിയന്ത്രിച്ച് അതിനു മുകളിലേറി ശത്രു സമൂഹത്തിനു നേരെ പടനയിക്കുന്ന മഹാപരാക്രമിയാണു ശാസ്താവ്.
വ്യാഘ്രം (പുലി, കടുവ), സിംഹം (ഹരിവരാസനം) എന്നീ വാഹനങ്ങളേറിയ ശാസ്താസങ്കൽ പ്പങ്ങളും ഇതു തന്നെ ആണു സൂചിപ്പിക്കുന്നത്.
ധർമ്മമാർഗ്ഗത്തിൽ ചലിക്കുമ്പോള്‍ നേരിടേണ്ടിവരുന്ന കാമക്രോധലോഭമോഹമദമാത്‌സര്യാദികളാകുന്ന ശത്രുക്കളെ എതിരിടാൻ വാഹനമേറിയ ശാസ്താവിൻറെ കൃപ ഭക്തനു ആവശ്യമായി വരുന്നു. കരുണാമൂർത്തിയായ ഭഗവാൻ ഭക്തനെ രക്ഷിക്കാൻ വന്നെത്തുകയും ചെയ്യുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ