പൂരക്കളി

പൂരക്കളി

നാലു വേദങ്ങളുടെയും ആറുശാസ്ത്രങ്ങളുടെയും 64 കലകൾ 96 തത്വങ്ങൾ എന്നിവയുടെ പൊരുൾ അടങ്ങിയതും ശ്രുതിയിൽ രൂപം കൊണ്ടും സപ്തസ്വരങ്ങളിൽ അധിഷ്ഠിതമായ രാഗങ്ങളോട്‌ കൂടിയതും പ്രാസങ്ങളും നടനക്രമങ്ങളും ചേർന്നതും കളരിയിലെ ചുവടുകൾ ചേർന്നതുമായ അതുല്യ അനുഷ്ഠാനമാണു പൂരക്കളി. തീയ്യസമുദായത്തിന്റെ കഴകങ്ങളിൽ പ്രസിദ്ധമായ രാമവില്ല്യം കഴകത്തിൽ പരശുരാമനാൽ ദിവ്യനു (തീയ്യനു) ഉപദേശിക്കപ്പെട്ട വസന്തദീപമെന്ന പൂരം ഉദയസൂര്യന്റെ രശ്മികളെന്നവണ്ണം രാമവില്ല്യത്തിനു ചുറ്റും പ്രചരിച്ച്‌ മലനാട്‌ നിറഞ്ഞ്‌ നിൽക്കുന്നു.

ഐതിഹ്യം
▪▪▪▪
  പരശുരാമൻ പയ്യന്നൂരിൽ എത്തി പയ്യന്നൂർ പെരുമാളെ ദർശ്ശിക്കാനൊരുങ്ങി. കയ്യിലുണ്ടായിരുന്ന വില്ല് വടക്ക്‌ പടിഞ്ഞാറു ദേശത്തായി ഒരിടത്ത്‌ വെച്ച്‌ ദർശ്ശനം നടത്തി. ദർശ്ശനം നടത്തി തിരിച്ചെത്തിയ അദ്ദേഹത്തിന്  വില്ലിളക്കാനാകാതെ പോയി . വില്ല് അവിടെ ഉറച്ചിരുന്നു. ഭാർഗ്ഗവരാമന്റെ വില്ലുറച്ച ഈ സ്ഥലമാണു തീയ്യസമുദായത്തിന്റെ പ്രസിദ്ധമായ കഴകങ്ങളിലൊന്ന്. രാമവില്ല് ഉറച്ചിരുന്നത്‌ കൊണ്ട്‌ കഴകത്തിനു " ശ്രീ രാമവില്ല്യം കഴകം " എന്ന പേർ സിദ്ധിച്ചു. രാമൻ കഴകത്തിൽ ഭഗവതിപ്രതിഷ്ഠ  നടത്തുകയും ചെയ്തു. നൃത്ത, സംഗീത, വാദ്യ, നൈവേദ്യ , ദീപങ്ങൾ അടങ്ങുന്ന പഞ്ചാംഗോപചാരങ്ങളാണു രാമനാൽ വിധിക്കപ്പെട്ട പൂജാവിധി. ശൗണ്ഡികൻ (തീയ്യൻ) രാമോപദേശപ്രകാരം വസന്തസഖനായ കുസുമായുധന്റെ പൂജാവിധിയായ വസന്തദീപം പൂരോൽസവവും പൂരക്കളിയുമായി ഉയർന്നുവന്നു. ഈ കല പ്രചരിച്ചു , ഈ ക്ഷേത്രത്തിനു ചുറ്റും.

പൂരക്കളിയുടെ ഉൽപത്തി ഐതിഹ്യം
▪▪▪▪▪▪▪▪▪▪▪

പരമശിവന്റെ തൃക്കണ്ണിൽ നിന്നുണ്ടായ രോഷാഗ്നിയിൽ കാമദേവൻ ഭസ്മമായി. കാമനില്ലാത്ത കാലം സംജാതമായി. ചെടികൾ പുഷ്പിക്കാതായി. ജംഗമങ്ങൾ വംശവർദ്ധനവ്‌ നടത്താതായി. ത്രിലോകങ്ങളിലും വിരക്തിയുടെ വിരസത നിറഞ്ഞു. ജനങ്ങൾ നല്ല ആഭരണങ്ങളോ വസ്ത്രങ്ങളോ ധരിക്കാതെയായി. സംഗീതനൃത്താദികൾ ഇല്ലാതായി. കലകൾ മരവിച്ചു. ലോകം മുഴുവൻ വിരസത കൊണ്ട്‌ നിറഞ്ഞു. പരിഹാരമായി  പുഷ്പബാണന്രെ പുനർജ്ജനിക്കായി ചൈത്രമാസത്തിലെ കാർത്തിക തൊട്ട്‌ ഒൻപതുനാൾ വ്രതാനുഷ്ഠാനത്തോടെ കന്യകമാർ പൂക്കൾ കൊണ്ട്‌ കാമദേവനെ പൂവിട്ടുപൂജിച്ചാൽ കാമദേവൻ പുനർജ്ജനിക്കുമെന്ന് മഹാവിഷ്ണു പറഞ്ഞതനുസരിച്ച്‌ ഭൂമിയിലും സ്വർഗ്ഗത്തിലും അന്തരീക്ഷത്തിലും വെച്ച്‌ 18 നാരിമാർ 18 രാഗത്തിൽ 18 പുഷ്പത്തെയർപ്പിച്ച്‌ പാടി താളാത്മകമായി ആടിയ നൃത്തമാണു പൂരക്കളി എന്നാണു ഐതിഹ്യം.

സമുദായങ്ങൾ
▪▪▪▪▪

    പൂരക്കളി കളിക്കുന്ന സമുദായങ്ങൾ തീയ്യർ, മണിയാണി, ശാലിയ, മുകയ, കമ്മാളരായ ആശാരി , മൂശാരി, കൊല്ലൻ, തട്ടാൻ, മൂവാരി തുടങ്ങിയവയാണു. എന്നാൽ തീയ്യരും മണിയാണിമാരുമാണു മുഖ്യമായും പൂരക്കളി പ്രചരിപ്പിക്കുന്നത്‌. പുരുഷന്മാർ സജീവമായി കളിയിൽ പങ്കെടുക്കുമ്പോൾ കന്യകമാർ പൂവിടൽ ചടങ്ങിൽ ശ്രദ്ധ ചെലുത്തുന്നു. മുച്ചിലോട്ടുകാവുകളിൽ പൂരക്കളി നടത്തുന്നത്‌ മണിയാണിമാരാണു.

  തീയ്യസമുദായത്തിന്റെ
ശ്രീ നെല്ലിക്കത്തുരുത്തിക്കഴകം, രാമവില്യം കഴകം, കുറുവന്തട്ട കഴകം, പാലക്കുന്ന് കഴകം എന്നീ നാലു കഴകങ്ങളിലും കഴകങ്ങളുടെ കീഴിലുള്ള നൂറിലോരം ക്ഷേത്രങ്ങളിലും പൂരക്കളി അവതരിപ്പിക്കുന്നു. തീയ്യസമുദായവും മണിയാണി സമുദായവും മാത്രമേ മറത്തുകളി അവതരിപ്പിക്കാറുള്ളൂ.   
 
             

അഭിപ്രായങ്ങള്‍

ഒരു നിമിഷം

101 ശരണ നാമങ്ങൾ

പൊതു വിജ്ഞാനം

അയ്യപ്പന്‍ വിളക്ക്

പരശുരാമൻ പ്രതിഷ്ഠ നടത്തിയ ശാസ്താ ക്ഷേത്രങ്ങൾ

ശ്രീധർമ്മശാസ്താവും അയ്യപ്പസ്വാമിയും