നവരാത്രി പൂജ

പൂജ വയ്ക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ടവ




• വിദ്യാര്‍ഥികള്‍ പുസ്തകവും പേനയും പൂജ വയ്ക്കണം
• തൊഴിലാളികള്‍ പണിയായുധങ്ങള്‍ പൂജ വയ്യ്ക്കണം. വാഹനങ്ങള്‍ ഉള്ളവരും വാഹനം ഓടിച്ചു ഉപജീവനം നടത്തുന്നവരും വാഹനം പൂജ വയ്ക്കണം
• കലാകാരന്മാര്‍ അതുമായി ബന്ധപ്പെട്ടവ പൂജ വയ്ക്കണം
• അഷ്ടമി തിഥി അവസാനിക്കുന്നതിനു മുന്‍പ് തന്നെ പൂജ വയ്ക്കണം
• സരസ്വതി, ദുര്‍ഗ്ഗാ ദേവിമാരുടെ ചിത്രത്തിനു മുന്‍പില്‍ പൂജ വയ്ക്കാം. ഗണപതിയുടെ ചിത്രവും ഉപയോഗിക്കാറുണ്ട്

• പൂജിക്കേണ്ട പുസ്തകങ്ങള്‍ ഒരു തുണിയില്‍ പൊതിഞ്ഞാണ് നല്‍കേണ്ടത്. പത്രം(news paper) പൊതിയാന്‍ ഉപയോഗിക്കാതിരിക്കുക. കടലാസ്സില്‍ പൊതിഞ്ഞാണ് ക്ഷേത്രത്തില്‍ സ്വീകരിക്കുന്നതെങ്കില്‍ അതിനകത്ത് പുസ്തകം നല്ല തുണിയില്‍ പൊതിഞ്ഞു വയ്ക്കണം.
• പൂജ വയ്ക്കുന്നതിനു മുന്‍പ് ആയുധങ്ങള്‍ നന്നായി വൃത്തിയാക്കണം
• വീട്ടില്‍ തന്നെയാണ് പൂജ വയ്ക്കുന്നതെങ്കില്‍ ഒരു നിലവിളക്ക് പൂജ വയ്ക്കുന്നിടത്തു സദാ എരിഞ്ഞുകൊണ്ടിരിക്കണം. ആയുധങ്ങളില്‍ കുങ്കുമം തൊടുവിക്കണം. പുസ്തകങ്ങളില്‍ പുഷ്പങ്ങളും അര്‍പ്പിക്കണം
• പൂജ വച്ചുകഴിഞ്ഞാല്‍ ദേവിമന്ത്രം ജപിച്ചിരുന്നു വ്രതം എടുക്കുന്നതും പൂജ എടുത്തു കഴിഞ്ഞു വ്രതം മുറിച്ചു ഭക്ഷണം കഴിക്കുന്നതും അത്യുത്തമം ആണ്. അതുവരെ വ്രതഭക്ഷണം കഴിക്കാം.
• പൂജ എടുക്കുമ്പോള്‍ പൂജകനു ദക്ഷിണ നല്‍കണം
• പൂജ എടുത്തു കഴിഞ്ഞു മണ്ണിലോ അരിയിലോ ‘ഹരിഃ ശ്രീ ഗണപതയേ നമഃ’ എന്ന് മാതൃഭാഷയിലോ സംസ്കൃതത്തിലോ എഴുതുക. ( ‘ഗണപതയേ’ എന്നതാണ് ശരി. ‘ഗണപതായൈ’ എന്നോ ‘ഗണപതായേ’ എന്നോ എഴുതരുത് )
• അക്ഷരമാല ക്രമത്തില്‍ അക്ഷരങ്ങള്‍ എഴുതണം
• പുസ്തകം തുറന്നു അപ്പോള്‍ കാണുന്ന ഭാഗം വായിക്കണം.
• തൊഴില്‍ ഉപകരണങ്ങള്‍

ദേവി തന്നെ കര്‍മ്മം ചെയ്യാന്‍ ഏല്‍പ്പിച്ചതാണെന്നു കരുതി ദേവീ സ്മരണയില്‍ ഉപയോഗിക്കുക
ദേവി തന്നെ അനുഗ്രഹിച്ചു നല്ല വിദ്യ നേടാനുള്ള ബുദ്ധിയും കര്‍മ്മം ചെയ്യാനുള്ള ആരോഗ്യവും തന്നു എന്നും അത് താന്‍ അഹങ്കാരമില്ലാതെ നിലനിര്‍ത്തും എന്നും സങ്കല്‍പ്പിക്കുക.
പൂജവയ്പ്പു ചടങ്ങുകള്‍ക്ക് ദേശകാലത്തിനനുസരിച്ചു നിരവധി വ്യത്യാസങ്ങള്‍ കാണുന്നുണ്ട് എങ്കിലും മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാവര്‍ക്കും ചെയ്യാവുന്നതാണ്.
ആശ്വിന മാസത്തിലെ ശുക്ലപക്ഷ അഷ്ടമി സന്ധ്യക്ക്‌ വരുന്ന ദിവസമാണ് കേരളത്തില്‍ പൂജ വയ്ക്കുന്നത്.

മഹാനവമി, ആയുധ പൂജ
 ~~~~~~~~~~~~~~~~       

ഹൈന്ദവരുടെ ആരാധനയുടേയും നൃത്തത്തിന്റെയും ഒരു ഉത്സവമാണ് നവരാത്രി. ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ടുനില്‍ക്കുന്ന ഈ ഉത്സവത്തില്‍ ശക്തിയുടെ ഒന്‍പത് രൂപങ്ങളെ ആരാധിക്കുന്നു. നവരാത്രി ദിവസങ്ങളിലെ ആദ്യത്തെ മൂന്ന് ദിവസം ദേവിയെ പാര്‍വ്വതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് ദിവസം സരസ്വതിയായും സങ്കല്‍പ്പിച്ച് പൂജ നടത്തുന്നു. ധര്‍മ്മ സംരക്ഷണത്തിന്‍റെയും വിജയത്തിന്‍റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്. നവരാത്രി ആഘോഷത്തിന് കാരണമായി പറയാവുന്ന ദേവിയുടെ യുദ്ധവിജയ കഥകള്‍ ദേവീ ഭാഗവതത്തിലും മാര്‍ക്കണ്ഠേയ പുരാണത്തിലും പറയുന്നുണ്ട്.

 മഹിഷാസുരന്‍, ചണ്ഡാസുരന്‍, രക്തബീജന്‍, ശുഭനിശുംഭന്മാര്‍, ധൂമ്രലോചനന്‍, മുണ്ഡാസുരന്‍ എന്നിവരുടെ നിഗ്രഹത്തിനായി ദേവി എടുത്തിട്ടുള്ള അവതാരങ്ങളും അതില്‍ നേടിയ വിജയവും ആണ് നവരാത്രി ആഘോഷത്തിന് കാരണമായത്. കേരളത്തില്‍ അഷ്ടമി, നവമി, ദശമി എന്നീ ദിവസങ്ങള്‍ക്കാണ് നവരാത്രിയാഘോഷത്തില്‍ പ്രാധാന്യം. ഈ ദിവസങ്ങളില്‍ ദുര്‍ഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നീ പേരുകളില്‍ അറിയപ്പെടുന്നു. അഷ്ടമിക്ക് ദുര്‍ഗ്ഗയെയും നവമിക്ക് മഹാലക്ഷ്മിയെയും ദശമിക്ക് മഹാസരസ്വതിയെയും വിശേഷാല്‍ പൂജിക്കുന്നു.
രാവണനെ കൊല്ലുന്നതിന് ശക്തി സംഭരിക്കാനായി ശ്രീരാമന്‍ ഒമ്പത് നവരാത്രി ദിനങ്ങളിലും ദേവിയെ പൂജിച്ചിരുന്നു. ദേവിയുടെ ഒമ്പത് ഭാവങ്ങളെയും പൂജിച്ച രാമന്‍ പത്താമത്തെ ദിവസം സര്‍വശക്തിമാനായെന്നും രാവണനെ ജയിക്കാനുള്ള ശക്തി നേടിയെന്നുമാണ് വിശ്വാസം.

 രാമകഥയുടെ ഓര്‍മയ്ക്കായാണ് ഈ ദിനത്തില്‍ രാവണ പ്രതിമ അഗ്നിക്കിരയാക്കുന്ന ചടങ്ങ് വടക്കെ ഇന്ത്യയില്‍ ആചരിക്കുന്നത്. മഹാനവമി നാളിൽ ആയുധങ്ങൾ ദേവിയ്ക്കു മുന്നിൽ പൂജയ്ക്കു വയ്ക്കുന്നത് കർമ്മ മാർഗത്തിൽ ദേവീപ്രീതി നേടുന്നതിനായാണ്. ആ ദിനത്തിൽ പ്രവർത്തികളൊന്നും ചെയ്യാതെ ഉപകരണളെയും ദേവിയ്ക്കു മുന്നിൽ പൂജ വയ്ക്കുന്നു.
പഞ്ചപാണ്ഡവര്‍ വനവാസക്കാലത്ത് ആയുധങ്ങളെല്ലാം വലിയൊരു വന്നിമരത്തിന്റെ പൊത്തില്‍ ഒളിപ്പിച്ചുവച്ചിരുന്നു. അവരുടെ പന്ത്രണ്ട് വര്‍ഷത്തെ വനവാസത്തില്‍ സംരക്ഷണമരുളിയത് ഈ വന്നിമരമായിരുന്നു. പാണ്ഡവര്‍ തങ്ങളുടെ രക്ഷയ്ക്കായി നിത്യവും ദുര്‍ഗ്ഗാദേവിയോട് പ്രാര്‍ത്ഥിച്ചിരുന്നു. അവര്‍ക്ക് ദേവിയുടെ അനുഗ്രഹം ലഭിക്കുകയും ചെയ്തു.

 വനവാസം പൂര്‍ത്തിയായപ്പോള്‍ മരപ്പൊത്തിലുണ്ടായിരുന്ന ആയുധങ്ങളെല്ലാം എടുത്ത് ആ മരച്ചുവട്ടില്‍വച്ച് പൂജിച്ചു. വനദുര്‍ഗ്ഗയായും തിന്മകളെ അടക്കി നന്മകള്‍ക്ക് വിജയമേകുന്നവളായും മനസ്സില്‍ കരുതി ഒമ്പത് ദിവസം ദേവിയെ ആരാധിച്ച് ദശമിനാളില്‍ ആയുധങ്ങള്‍ തിരിച്ചെടുത്തു. അവര്‍ നവരാത്രി ദിവസം ആയുധങ്ങള്‍ വച്ച് പൂജിച്ചതിനാല്‍ ആയുധ പൂജ എന്നും അറിയപ്പെട്ടുതുടങ്ങി. നവരാത്രിയെ വിജയനവരാത്രിയെന്നും വന്നിനവരാത്രിയെന്നും ദുര്‍ഗ്ഗാനവരാത്രിയെന്നും വിശേഷിപ്പിക്കാറുണ്ട്. ഈ ആചാരത്തിന്റെ ഭാഗമായിട്ടാണ് ഇന്നും ആയുധപൂജ നടത്തുന്നതും നവരാത്രി ആഘോഷിക്കുന്നു.

അഭിപ്രായങ്ങള്‍

ഒരു നിമിഷം

അയ്യപ്പന്‍ വിളക്ക്

പൊതു വിജ്ഞാനം

101 ശരണ നാമങ്ങൾ

നാള്‍മരം മുറിക്കല്‍

ച്യവന മഹർഷി