ശ്രീകൃഷ്ണകഥകൾ
ശ്രീ ഹരി വിഷ്ണു ഭഗവാന്റെ ശ്രേഷ്ഠ ഭാവങ്ങളിൽ ഒന്നാണ് ശ്രീ സന്താനഗോപാലമൂർത്തി ഭാവം
ഒരിക്കൽ പാലാഴിവാസനായ ഭഗവാൻ ശ്രീ ഹരിക്കു നരനാരായണന്മാരെ ഒരുമിച്ചു കാണണമെന്ന് ആഗ്രഹമുണ്ടായി. നരനാരായണന്മാർ കൃഷ്ണനും അർജ്ജുനനും ആയി ദ്വാപര യുഗത്തിൽ അവതരിച്ച കാലത്താണിത് .
ഈ സമയം പാണ്ഡവന്മാർ കുരുക്ഷേത്ര യുദ്ധാനന്തരം രാജ്യം ഭരിക്കുന്ന സമയം. അര്‍ജ്ജുനന് കുറച്ചു അഹങ്കാരം കൂടി നിൽക്കുകയാണ്. തങ്ങൾ ഭരിക്കുന്ന ഈ കാലമാണ് ഏറ്റവും നല്ലതെന്നും, ആർക്കും ഒരു കുറവുമില്ല, ഇതെല്ലാം തന്റെ ശക്തി പ്രഭാവം കാരണമാണെന്നുമുള്ള അഹങ്കാരം. ശ്രീകൃഷ്ണന് അർജ്ജുനന്റെ ഈ അഹങ്കാരം തീർത്തു കൊടുക്കുകയും വേണം.
അര്‍ജ്ജുനന് ഇടയ്ക്കിടയ്ക്ക് തന്റെ ശക്തിയിൽ അഹങ്കാരം ഉണ്ടാകുകയും, അതാതു സമയത്തു ഭഗവാൻ അത് മാറ്റികൊടുക്കുകയും പതിവുണ്ട്. ഇതിനും ഭഗവാൻ ഒരു വഴി കണ്ടു.
ഹസ്തിനപുരത്തു ഒരു ബ്രാഹ്മണനും പത്നിക്കും ജനിക്കുന്ന എല്ലാ കുട്ടികളും മരിക്കുന്ന ഒരു സ്ഥിതിവിഷയമുണ്ടായി. എട്ടു പ്രാവശ്യം ബ്രാഹ്മണ പത്നി പ്രസവിക്കുകയും ആ കുട്ടികൾ എല്ലാം മരണപ്പെടുകയും ചെയ്തു. ഇതിൽ മനംനൊന്തു ഇതിനൊരു പരിഹാരത്തിനായി ബ്രാഹ്മണന്‍ പാണ്ഡവ സന്നിധിയിൽ വന്നു സങ്കടമുണർത്തിച്ചു.
ഇത് കേട്ട് അർജ്ജുനൻ ഇതിനു പരിഹാരം കാണാം എന്ന് ബ്രാഹ്മണന് വാക്ക് കൊടുത്തു.
ബ്രാഹ്‌മണ പത്നിയുടെ ഒമ്പതാമത്തെ പ്രസവ സമയം അർജ്ജുനൻ അവരുടെ വീടിനു പുറത്തു കാവൽ നിന്നു.
സങ്കടമെന്നു പറയട്ടെ ആ കുട്ടിയും പ്രസവത്തോടെ മരിച്ചു. ഇതിൽ ദുഃഖിതനായ ബ്രാഹ്മണൻ പാണ്ഡു പുത്രനെ പലവിധത്തിൽ ചീത്ത പറഞ്ഞു കൊണ്ടിരുന്നു.
ഇത് കേട്ട് ലജ്ജിതനായ അർജുനൻ ബ്രാഹ്മണനു ഒരു വാക്ക് കൊടുത്തു.
അടുത്ത പ്രസവ സമയത്തു കുട്ടിയെ രക്ഷിക്കാം എന്നും അതിനു സാധിച്ചില്ലെങ്കിൽ ഞാൻ സ്വയം ചിത ഒരുക്കി, അതിൽ ചാടി ആത്മഹത്യ ചെയ്യുമെന്നും സത്യം ചെയ്തു.
അതിനു ശേഷം ബ്രാഹ്മണ പത്നി വീണ്ടും ഗർഭം ധരിക്കുകയും പ്രസവസമയം അർജ്ജുനൻ വന്നു അവരുടെ വീടിനു ചുറ്റും ദിവ്യാസ്ത്രങ്ങളാൽ ശക്തി സുരക്ഷാ കവചം സൃഷ്ടിക്കുകയും ചെയ്തു. ഒരു സൂക്ഷ്മാണുവിന് പോലും കടക്കാൻ പറ്റാത്തവിധം ബന്ധനസ്ഥമായിരുന്നു അത്. കൂടാതെ അർജ്ജുനൻ വീടിനു കാവലിരിക്കുകയും ചെയ്തു.
അത്ഭുതമെന്നേ പറയേണ്ടു... ഈ പ്രസവാനന്തരം കുട്ടിയെ ഉടലോടെ തന്നെ കാണാതായി. ഇതു കണ്ടു സങ്കടവും ദേഷ്യവും സഹിക്കാതെ ബ്രാഹ്മണൻ അർജ്ജുനനെ പലവിധം ശപിച്ചു കൊണ്ടിരുന്നു.
വില്ലാളി വീരനാണ്, ഉത്തമ ഭരണാധികാരി ആണ്, പ്രജകൾക്ക് ഒരു വിഷമവും വരുത്താത്തവനാണ്, പിന്നെ എന്തൊക്കെ ആയിരുന്നു വീമ്പ് . ഇപ്പോൾ എന്തായി?, മുൻപ് എനിക്കെന്റെ മക്കളുടെ ഉടലെങ്കിലും കാണാമായിരുന്നു. ഇപ്പോൾ താങ്കൾ കാരണം അതും നഷ്ടമായി, എന്നൊക്കെ പറഞ്ഞു അർജ്ജുനനോട് അരിശം തീർത്തു കൊണ്ടിരുന്നു.
ഇത് കണ്ടും, ബ്രാഹ്മണന്റെ വാക്കു കേട്ടും വിഷമം സഹിക്കാതെ അർജ്ജുനൻ പല സ്ഥലങ്ങളിലും കുട്ടിയെ അന്വേഷിച്ചു നടന്നു, അവിടെയൊന്നും കാണാതെ പാർത്ഥൻ നേരെ യമലോകത്തു പോയി. അവിടെയും കുട്ടിയെ കാണാൻ കഴിഞ്ഞില്ല. ഇതിനെ കുറിച്ച് യമരാജനോട് അന്വേഷിച്ചപ്പോൾ കുട്ടിയെ ഞാൻ കൊണ്ട് വന്നിട്ടില്ലെന്നും കുട്ടിക്ക് മരണസമയം ആയിട്ടില്ലെന്നും അറിയിച്ചു.
അവിടെ നിന്ന് നിരാശനായി അർജ്ജുനൻ വീണ്ടും ബ്രാഹ്മണ സവിധം വരികയും, തന്നെ കൊണ്ട് കുട്ടിയെ തിരിച്ചു തരാൻ സാധിക്കില്ലെന്നും,ക്ഷമിക്കണമെന്നും അപേക്ഷിക്കുകയും, സത്യം പാലിക്കുവാൻ സ്വയം ചിതയൊരുക്കി ആത്മഹത്യ ചെയ്യുവാൻ അതിലേക്കു ചാടാൻ പോകുകയും ചെയ്തു.
അന്നേരം ശ്രീകൃഷ്‌ണൻ ഓടിവന്നു അർജ്ജുനന്റെ കൈയില്‍ പിടിച്ചു. എന്നിട്ടു പാർത്ഥനോട് , 'എന്തായാലും ഇത്രയായി, ഇനി എന്റെ കൂടെ ഒരു സ്ഥലം കൂടി പോയി അന്വേഷിച്ചു വരാം' എന്ന് പറഞ്ഞു.
കുരുക്ഷേത്ര യുദ്ധ സമയത്തു ഞാൻ പാർത്ഥന്റെ സാരഥി ആയി, എന്നാൽ ഈ യാത്രയിൽ പാർത്ഥൻ എന്റെ സാരഥി ആവട്ടെയെന്നും പറഞ്ഞു. അർജ്ജുനൻ തെളിച്ച തേരിൽ അവർ അവിടെ നിന്ന് യാത്ര തിരിച്ചു. ദൂരം കുറെ കഴിഞ്ഞു, ഭൂമിയും, ആകാശവും, ലോകങ്ങളും,എല്ലാം കഴിഞ്ഞു അവസാനം കൂരാ കൂരിരുട്ടായി. അന്നേരം അര്‍ജ്ജുനന് ഭയമാകുകയും, അതിനു പോംവഴിയായി ഭഗവാൻ സുദർശന ചക്രം വരുത്തി. സുദർശന ചക്രത്തിന്റെ പ്രഭയിൽ ഇരുട്ടുമാറുകയും അവര്‍ വീണ്ടും യാത്ര തുടരുകയും ചെയ്തു. അവസാനം അവർ എത്തിച്ചേർന്നത് പാലാഴി നടുവിലായി ജയവിജയന്മാർ കാവൽ നിൽക്കുന്ന ഏഴു ഗോപുരങ്ങളോടെയുള്ള വൈകുണ്ഠത്തിലാണ്. അവിടെ അവർ ആദിശേഷനായ അനന്തനു കീഴെ ശ്രീദേവി ഭൂദേവി സമേതനായ സാക്ഷാൽ പരബ്രഹ്മ സ്വരൂപനായി ശംഖു ചക്ര ഗദാ പത്മ ധാരിയായ ശ്രീഹരി വിഷ്ണുവിനെ കണ്ടു. അത്യന്തം അത്ഭുത ദർശനം. കൂടെ കാണാതാവുകയും, മരിക്കുകയും ചെയ്ത ബ്രാഹ്മണന്റെ കുട്ടികൾ ഭഗവാന്റെയും ദേവിമാരുടെയും കൂടെ കളിച്ചു കൊണ്ടിരിക്കുന്നു!!! നരനാരായണന്മാർ ഭഗവാനെ സാഷ്ടാംഗം വണങ്ങി, ഭഗവാൻ ഇങ്ങനെയൊക്കെ സംഭവിക്കാനിടയായ കാര്യം അര്‍ജ്ജുനന് പറഞ്ഞു കൊടുക്കുകയും ചെയ്തു. അഹങ്കാരം ശമിച്ച അർജ്ജുനൻ ഭഗവാന്റെ അനുഗ്രഹം വാങ്ങി കുട്ടികളെയും കൊണ്ട് കൃഷ്ണന്റെയൊപ്പം ഭൂലോകത്തേക്കു പോയി. അവിടെ ചെന്ന് ബ്രാഹ്മണന് പത്തുകുട്ടികളെയും കൊടുത്തു. ഇതെല്ലാം കണ്ടു സന്തോഷവാനായ ബ്രാഹ്മണൻ അർജ്ജുനനെ ആനന്ദാശ്രുക്കളാൽ അനുഗ്രഹിച്ചു.
അങ്ങനെ വിഷ്‌ണു ഭഗവാന് നരനാരായണന്മാരെ ഒരുമിച്ചു കാണുവാനും കൃഷ്ണന് അർജ്ജുനന്റെ അഹങ്കാരം മാറ്റാനും സാധിച്ചു.
അത്യപൂർവ്വ ഭാവമായാണ് ഭഗവാന്റെ സന്താന ഗോപാല മൂർത്തി ഭാവത്തെ വാഴ്ത്തുന്നത്. ശ്രീദേവി ഭൂദേവി സമേതനായ അനന്ത ശായിയായ ഭഗവാനെയും നര നാരായണന്മാരെയും ഒരുമിച്ചു കാണുന്നത് തന്നെ പുണ്യം.
സന്താന ഗോപാല മന്ത്രം
ഓം ദേവകി സുധ വാസുദേവ ജഗത്പതേ
ദേഹിമേ തനയം കൃഷ്ണ
ത്വമഹം ശരണം ഗതാ
ഹരി ഓം..
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ