കര്‍ക്കിടകവാവ് 2019 അറിയേണ്ടതെല്ലാം .....

കര്‍ക്കിടകവാവ് 1194 കര്‍ക്കിടകം 15,ബുധനാഴ്ച (2019 ജൂലായ് 31)



ഈ വർഷം കർക്കിടകത്തിൽ കറുത്തവാവ് രണ്ട് ദിവസങ്ങളിലായി വരുന്നുണ്ട്. ആകയാൽ ആദ്യദിവസത്തെ തിഥി അല്ലെങ്കിൽ നക്ഷത്രം ശ്രാദ്ധകർമ്മങ്ങൾക്ക് എടുക്കേണ്ടതെന്നതിൻപ്രകാരം ആദ്യദിവസമാണ് ഈ വർഷം കർക്കിടകവാവിന് എടുത്തിട്ടുള്ളത്.

കര്‍ക്കിടകവാവ് ബലികര്‍മ്മം:
-----------
ഹിന്ദു ജനിച്ചാലും പിന്നെ മരിച്ചാലും 16 കര്‍മ്മങ്ങളാണ് അനുഷ്ഠിക്കേണ്ടത്. അവ ഏതൊക്കെയെന്ന് ലളിതമായി ഇവിടെ പ്രതിപാദിച്ചു കൊണ്ട് ഈ വര്‍ഷത്തെ കര്‍ക്കിടകവാവ് ദിവസത്തെക്കുറിച്ച് എഴുതാം.

വയറ്റില്‍ വളരുന്നകാലം മുതല്‍ പതിനാറ് കര്‍മ്മങ്ങള്‍. മരിച്ചുകഴിഞ്ഞാലും പതിനാറ് കര്‍മ്മങ്ങള്‍. ചിലരൊക്കെ കളിയായും കാര്യമായും പറയാറില്ലേ, "...നിന്‍റെ പതിനാറടിയന്തിരം കൂടും..." എന്നൊക്കെ? ആ പതിനാറിനും ആചാര്യന്മാര്‍ കൃത്യമായ കണക്കുകള്‍ നല്‍കിയിട്ടുണ്ട്.

വയറ്റില്‍ വളര്‍ന്നുതുടങ്ങുന്നകാലം മുതല്‍ 16 കര്‍മ്മങ്ങള്‍ "പൂര്‍വഷോഡശ സംസ്ക്കാരങ്ങള്‍" എന്ന് അറിയപ്പെടുന്നു. അവ ഇത്രയുമാണ്:

1) ഗര്‍ഭാധാനം അഥവാ സേകം അഥവാ രാത്രിമുഹൂര്‍ത്തം അഥവാ ശാന്തിമുഹൂര്‍ത്തം
2) പുംസവനം
3) സീമന്തം
4) ജാതകര്‍മ്മം
5) നാമകരണം
6) ഉപനിഷ്ക്രാമണം അഥവാ വാതില്‍പ്പുറപ്പാട്
7) അന്നപ്രാശം അഥവാ ചോറൂണ്
8) ചൗളം അഥവാ ചൂഡാകര്‍മ്മം അഥവാ ക്ഷൗരം
9) ഉപനയനം അഥവാ വ്രതബന്ധം
10) ഹോതാരവ്രതം
11) ഉപനിഷദവ്രതം
12) ശുക്രിയം
13) ഗോദാനവ്രതം
14) സമാവര്‍ത്തനം
15) വിവാഹം
16) അഗ്ന്യാധാനം.

ഇതില്‍ വേദങ്ങളും ഉപനിഷത്തുകളും ജ്യോതിഷം ഉള്‍പ്പെടുന്ന വേദാംഗങ്ങള്‍ പഠിച്ചുതുടങ്ങണമെന്ന് പറയുന്നത് പത്താംഭാഗത്തിലാണ്. വേദാംഗങ്ങള്‍ എന്നാല്‍ വേദങ്ങളുടെ ബോധനവുമായി ബന്ധപ്പെട്ട പഠനങ്ങള്‍ എന്ന് സാരം. ഇതില്‍ ജ്യോതിഷമാണ്‌ ആദ്യമുള്ളത്.

"ജ്യോതിഃ കല്പോ നിരുക്തം ച ശിക്ഷാ വ്യാകരണം തഥാ
ഛന്ദോ വിചിതിരേതാനി ഷഡംഗാനി വിദുഃ ശ്രുതേഃ"

വേദാംഗങ്ങള്‍ എന്നാല്‍ ജ്യോതിഷം, കല്പം, നിരുക്തം, ശിക്ഷ, വ്യാകരണം, ഛന്ദസ്സ് എന്നീ 6 പാഠഭാഗങ്ങള്‍.
----------------

മരിച്ചുകഴിഞ്ഞാല്‍ ബന്ധുക്കളാല്‍ ചെയ്യപ്പെടേണ്ട 16 കര്‍മ്മങ്ങള്‍ "അപരഷോഡശ സംസ്ക്കാരങ്ങള്‍" എന്ന് അറിയപ്പെടുന്നു. അവ ഇത്രയുമാണ്:

1) മന്ത്രസംസ്ക്കാരം
2) ഉദകക്രിയ
3 മുതല്‍ 12 വരെയുള്ള 10 ദിവസത്തെ 'ദശാഹം'
13) അസ്ഥിസഞ്ചയനം
14) ഏകാദശപിണ്ഡം
15) സപിണ്ഡി
16) വാര്‍ഷികശ്രാദ്ധം

ഇതില്‍ ശ്രാദ്ധം പിന്നെയും അഞ്ച് വിധമുണ്ട്.

1) അന്നശ്രാദ്ധം
2) ഹിരണ്യശ്രാദ്ധം
3) ആമശ്രാദ്ധം
4) പാര്‍വ്വണശ്രാദ്ധം
5) സപിണ്ഡീകരണശ്രാദ്ധം.

എന്താണ് ശ്രാദ്ധം?
------------
ശ്രാദ്ധാല്‍ പരതരം നാന്യല്‍ ശ്രേയസ്കരമുദാഹൃതം
തസ്മാല്‍ സര്‍വ്വപ്രയത്നേന ശ്രാദ്ധം കുര്യാല്‍ വിചക്ഷണ:
യേ യേന വിധിനാ ശ്രാദ്ധം കുര്യാദേകാഗ്രമാനസ:
വ്യപേതകല്‍മഷൊ നിത്യം യാതി നാലവര്‍ത്തനെ പുന:

ശ്രാദ്ധമെന്നാല്‍ ശ്രദ്ധയോടെ ചെയ്യേണ്ടതാകുന്നു. ശ്രദ്ധയെന്നാല്‍ മറ്റുള്ളവര്‍ക്ക് ദോഷം വരാതെയുള്ളതെന്നും അല്പം കൂടി കടന്നുചിന്തിച്ചാല്‍ മറ്റുള്ളവര്‍ക്ക് നന്മയുണ്ടാക്കുന്നതെന്നും നമുക്ക് വ്യാഖ്യാനിക്കാം.

പിതൃപ്രീതിക്കായി നമുക്ക് എന്തൊക്കെ ചെയ്യാന്‍ സാധിക്കും?

പലരുടെയും അന്വേഷണമാണ്. ഉത്തമനായൊരു ജ്യോതിഷി പറയുന്നത് ഇപ്രകാരം മാത്രമായിരിക്കും: "ദാരിദ്ര്യമില്ലാതെ ജീവിച്ചുമരിക്കാന്‍ കൂടെ നില്‍ക്കുകയും അവരുടെ മരണശേഷം മരണാനന്തരകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും, ശേഷം ശിവരാത്രിവ്രതവും ശിവരാത്രിയിലെ ബലിതര്‍പ്പണവും തിലഹോമവും പിന്നെ കര്‍ക്കിടകവാവ് ബലിയും തിലഹോമവും ചെയ്‌ത് ധൈര്യമായി പിതൃപ്രീതി നേടുകയും ചെയ്യുക..." എന്നായിരിക്കും.

ഇങ്ങനെ വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം പിതൃപ്രീതികര്‍മ്മങ്ങളായ രണ്ട് ബലിതര്‍പ്പണങ്ങള്‍ നടത്തുന്നവര്‍ക്ക് യാതൊരുവിധ പിതൃദോഷവും സംഭവിക്കുന്നതല്ലെന്ന് നിരവധി അനുഭവസാക്ഷ്യങ്ങളുമുണ്ട്‌. ലക്ഷങ്ങള്‍ മുടക്കിയുള്ള പിതൃകര്‍മ്മങ്ങളേക്കാള്‍ അത്യുത്തമം നമ്മള്‍ സ്വന്തമായി അനുഷ്ഠിക്കുന്ന ഈ ബലികര്‍മ്മങ്ങള്‍ തന്നെയാകുന്നു.

പിതൃകര്‍മ്മം ചെയ്യാനുള്ള ഉത്തമദിനങ്ങള്‍ ഏതൊക്കെയാണ്?
-----------------
1) ഉത്തരായന പുണ്യകാലം (മകരം 01)
2) ശിവരാത്രി
3) ദക്ഷിണായന പുണ്യകാലം (കര്‍ക്കിടകം 01)
4) കര്‍ക്കിടകവാവ്
5) വിഷുവത് പുണ്യകാലം (മേടം 01)
6) അക്ഷയതൃതീയ

(ശ്രദ്ധിക്കുക: അക്ഷയതൃതീയ എന്നത് പിതൃപ്രീതിക്കായുള്ള അത്യുത്തമദിവസമാണ്. അല്ലാതെ സ്വര്‍ണ്ണം വാങ്ങാനുള്ള ദിവസമല്ല)

ഈ ദിവസങ്ങളിലെല്ലാം ശ്രാദ്ധം നടത്തി പ്രാര്‍ത്ഥിക്കാന്‍ സാധിച്ചില്ലെങ്കിലും കഴിയുന്ന ദിവസങ്ങളില്‍ ശ്രാദ്ധം അനുഷ്ഠിക്കാന്‍ ശ്രമിക്കണം.

ബലികര്‍മ്മം: ഒരു അവലോകനം.
------------------------
"ശ്രദ്ധയാ ധാര്യതെ ധര്‍മ്മ ബഹുഭിന്നാര്‍ത്ഥരാശിഭി:
നിഷ്കിഞ്ചിനോപി മുനയ: ശ്രദ്ധാവന്തൊ ദിവംഗത:"

നാം ചെയ്യുന്ന ക്രിയകള്‍ പ്രയോജനമായി വരണമെങ്കില്‍ അത് ധര്‍മ്മമായി പരിണമിക്കണം. ശ്രദ്ധയോടുകൂടി ചെയ്യുന്ന കര്‍മ്മങ്ങള്‍ മാത്രം ധര്‍മ്മമായി പരിണമിക്കുന്നു. ഭക്തിയും ശ്രദ്ധയുമില്ലാതെ ചെയ്യുന്ന കര്‍മ്മങ്ങള്‍ ധര്‍മ്മമായി പരിണമിക്കുന്നതല്ല.

മൃതരായ മാതൃ-പിതൃ-പിതാമഹ-പ്രപിതാമഹന്മാര്‍ക്ക് വേണ്ടി ജീവിച്ചിരിക്കുന്നവര്‍ ചെയ്യുന്ന കര്‍മ്മത്തിന് ശ്രാദ്ധം അഥവാ ബലികര്‍മ്മം എന്ന് പറയുന്നു. ശ്രാദ്ധം ചെയ്യുന്ന പുണ്യത്തെക്കുറിച്ച് കൂര്‍മ്മപുരാണത്തിലും ബ്രഹ്മപുരാണത്തിലും ഗരുഡപുരാണത്തിലും ആദിത്യപുരാണത്തിലും വിഷ്ണുസ്മൃതിയിലും പറഞ്ഞിട്ടുണ്ട്.

ഒരു കഷണം പച്ചക്കറിയോ ഒരു പഴമോ കൊണ്ടെങ്കിലും ശ്രാദ്ധം നടത്തിയാല്‍ ആ വംശത്തില്‍ നിന്നും സര്‍വ്വദു:ഖങ്ങളും ഒഴിഞ്ഞുമാറുന്നു.

ദേവഗണങ്ങള്‍ക്ക് അതീവപ്രാധാന്യമുള്ള ഉത്തരായനകാലം കഴിഞ്ഞ് പിതൃക്കള്‍ക്ക് അതീവപ്രാധാന്യമുള്ള ദക്ഷിണായനകാലം ആരംഭിക്കുന്ന കര്‍ക്കടകത്തിലെ കറുത്തവാവ് (അമാവാസി) ബലികര്‍മ്മത്തിന് അത്യുത്തമം.

മരിച്ചുപോയവര്‍ ആ മരണമടഞ്ഞ നക്ഷത്രദിവസമോ അല്ലെങ്കില്‍ തിഥിദിവസമോ വീട്ടുപടിക്കല്‍ എത്തുമെന്നും അവരെ പ്രീതിപ്പെടുത്തണമെന്നും പറഞ്ഞിരിക്കുന്നു. ഇവ തുടരുന്നവരും ഇവയൊന്നും സാധിക്കാത്തവരും കര്‍ക്കടകത്തിലെ കറുത്തവാവ് (അമാവാസി) ബലികര്‍മ്മം ആചരിച്ചുവരുന്നു.

ഈ വര്‍ഷത്തെ കര്‍ക്കിടകവാവ് 1194 കര്‍ക്കിടകം 15 ബുധനാഴ്ച (2019 ജൂലായ് 31) ആകുന്നു.

കറുത്തവാവ് 31-7-2019, ബുധനാഴ്ച പകൽ 11.57.32 സെക്കന്‍റ് മുതല്‍ ആരംഭിച്ച് വ്യാഴാഴ്ച രാവിലെ 08.41.48 സെക്കന്‍റിന് അവസാനിക്കും

കറുത്തവാവ് ആരംഭിക്കുന്ന ദിവസം അതിപുലര്‍ച്ചെ മുതല്‍ മിക്ക ക്ഷേത്രങ്ങളിലും ബലികര്‍മ്മങ്ങള്‍ ആരംഭിക്കാറുണ്ട്. എന്നിരിക്കിലും മിഥുനം രാശിയില്‍ പുലര്‍ച്ചെ 03.09.25 സെക്കന്‍റ് മുതല്‍ 05.20.12 സെക്കന്‍റ് വരെയും തുടര്‍ന്ന്‍ കര്‍ക്കിടകം രാശിയില്‍ പുലര്‍ച്ചെ 07.26.54 സെക്കന്‍റ് വരെയും തുടര്‍ന്ന്‍ രാവിലെ 09.26.24 സെക്കന്‍റ് വരെ ചിങ്ങം രാശിയും തുടര്‍ന്ന്‍ രാവിലെ 11.24.23 സെക്കന്‍റ് വരെ കന്നിരാശിയുമാണ്. ഇതും ബലികര്‍മ്മത്തിന് ശുഭപ്രദമായിരിക്കും.

ഇതില്‍ ഏറ്റവും ഉത്തമം 07.26.55 സെക്കന്‍റ് മുതല്‍ 09.26.24 സെക്കന്‍റ് വരെയുള്ള ചിങ്ങം രാശിയാകുന്നു. ആകയാല്‍ ഈ സമയത്ത് ഈ വര്‍ഷത്തെ ബലികര്‍മ്മം ചെയ്യാന്‍ ശ്രമിക്കണം.

അന്നത്തെ കൃത്യം രാഹുകാലം രാവിലെ 12.29 മുതല്‍ 2.02 വരെയാകുന്നു (ഗണനം: കൊല്ലം ജില്ല, By: Anilvelichappad) രാഹുകാലം നോക്കുന്നവര്‍ക്ക് അതുമാകാം.

കര്‍ക്കിടകവാവ് ബലി എപ്പോള്‍?
------------------------
സാധാരണ ഗതിയില്‍ വെളുപ്പിന് 5.30 മുതല്‍ ബലികര്‍മ്മങ്ങള്‍ മിക്ക ക്ഷേത്രങ്ങളിലും സമുദ്ര-നദീതീരങ്ങളിലും ആരംഭിക്കാറുണ്ട്. ചില അതിപ്രധാന ക്ഷേത്രങ്ങില്‍ അതിപുലര്‍ച്ചെ 03.09.25 മുതല്‍ ബലികര്‍മ്മങ്ങള്‍ ആരംഭിക്കാറുണ്ട്.

അതിപുലര്‍ച്ചെ 03.09.25 സെക്കന്റിന് മുമ്പുള്ള ഇടവം രാശിയും രാഹുകാലസമയത്ത് വരുന്ന തുലാം രാശിയും ബലികര്‍മ്മങ്ങള്‍ക്ക് ശുഭപ്രദമല്ല. ചില തിരക്കേറിയ ക്ഷേത്രങ്ങളില്‍ മുഹൂര്‍ത്തമൊന്നും പാലിക്കാന്‍ കഴിയാത്തത്, വിശ്വാസികളുടെ ആധിക്യം കാരണമാണ്. ആകയാല്‍ സന്തോഷത്തോടെ നിങ്ങളാല്‍ കഴിയുന്ന നല്ല മുഹൂര്‍ത്തത്തില്‍ ബലികര്‍മ്മം ചെയ്ത് പിതൃപ്രീതിക്കായി പ്രാര്‍ത്ഥിക്കുക.

കര്‍ക്കിടകവാവ് ബലിയ്ക്കുള്ള ഈ വര്‍ഷത്തെ നല്ല സമയങ്ങള്‍
----------------------
ഉത്തമം: 07.26.55 സെക്കന്‍റ് മുതല്‍ 09.26.24 സെക്കന്‍റ് വരെയുള്ള ചിങ്ങം രാശി
മദ്ധ്യമം: 03.09.25 സെക്കന്‍റ് - 05.20.12 സെക്കന്‍റ് വരെയുള്ള മിഥുനം രാശി
മദ്ധ്യമം: 05.20.13 സെക്കന്‍റ് - 07.26.54 സെക്കന്‍റ് വരെയുള്ള കർക്കിടകം രാശി
മദ്ധ്യമം: 09.26.25 സെക്കന്‍റ് - 11.24.23 സെക്കന്‍റ് വരെയുള്ള മിഥുനം രാശി
മദ്ധ്യമം: പകൽ 12.05 മുതൽ 12.27 വരെയുള്ള അഭിജിത് ശുഭമുഹൂർത്തം

അന്നത്തെ സമയവിവരങ്ങള്‍ (ഗണനം: കൊല്ലം ജില്ല)‍:
----------------------
കൃത്യം രാഹുകാലം: 12.29 മുതല്‍ 2.02 വരെ
ഉദയം: 06.17.55am (ഗണനം: കൊല്ലം ജില്ല)
അസ്തമയം: 6.41.39pm
ഗുളികകാലം: 10.56am to 12.29am
യമകണ്ടകാലം: 07.50am to 09.23am
കൃത്യം മദ്ധ്യാഹ്നം: 12.29.47pm
അഭിജിത് മുഹൂര്‍ത്തം: ബുധനാഴ്ചയിലെ അഭിജിത്മുഹൂർത്തം പൊതുവെ എടുക്കാറില്ല.
--------------------

പ്രധാന കര്‍ക്കിടക വാവ് ബലികേന്ദ്രങ്ങള്‍ എവിടെയൊക്കെ?
------------

(ശ്രദ്ധിക്കുക: ഹരിതചട്ടം അനുസരിച്ച് കർമ്മങ്ങൾ അനുഷ്ഠിച്ചുകൊണ്ട് പ്രകൃതിയെ സംരക്ഷിക്കുക, നിയമത്തെ അനുസരിക്കുക)

തിരുവനന്തപുരം - തിരുവല്ലം പരശുരാമ ക്ഷേത്രം (ഇവിടെ ഒരേസമയം 3000 പേർക്ക് ബലിയിടാനുള്ള സൗകര്യം ഒരുക്കിവരുന്നു)

വര്‍ക്കല പാപനാശം

കൊല്ലം-കരുനാഗപ്പള്ളി കാട്ടിൽമേക്കതിൽ ദേവീക്ഷേത്രം

പിതൃകുന്നം ക്ഷേത്രം (വൈക്കം)

മലപ്പുറം - തിരുനാവായ നാവാമുകുന്ദ ക്ഷേത്രം

ശ്രീ സാലിഗ്രാം അരീക്കോട്

ആലുവ മഹാദേവ ക്ഷേത്രം

ഹരിഹരസുതക്ഷേത്രം (പാലാരിവട്ടം)

ശിവക്ഷേത്രം (നെട്ടൂര്‍)

ശ്രീ ഭുവനേശ്വരി ക്ഷേത്രം (പള്ളുരുത്തി)

പെരുമ്പാവൂര്‍ ചേലാമറ്റം ക്ഷേത്രം

മൂവാറ്റുപുഴ മുടവൂര്‍ ചാക്കൂന്നത്ത് ശ്രീ മഹാദേവക്ഷേത്രം

കണ്ണൂര്‍ - തളാപ്പ്‌ സുന്ദരേശ്വര ക്ഷേത്രം

ചൊവ്വ ശിവക്ഷേത്രം

തലശ്ശേരി ശ്രീ ജഗന്നാഥക്ഷേത്രം

ആദികടലായി ശ്രീകൃഷ്ണ ക്ഷേത്രം

തലായി ബാലഗോപാലക്ഷേത്രം

പഞ്ചവടി ക്ഷേത്രം, ചാവക്കാട്-പൊന്നാനി റൂട്ടില്‍

വയനാട് - തിരുനെല്ലി

ഗുരുപുണ്യാവ്- കൊയിലാണ്ടി

തൃശൂര്‍ - തിരുനാവായ

തിരുവില്വാമല ഐവര്‍മഠം

മഴുവഞ്ചേരി ശിവക്ഷേത്രം (കേച്ചേരി)

കൂര്‍ക്കന്‍ഞ്ചേരി മഹാദേവ ക്ഷേത്രം

തൃപ്രയാര്‍ ക്ഷേത്രം

ആലപ്പുഴ - തിരുവമ്പാടി

പതിയംകുളങ്ങര, കണ്ടിയൂര്‍മഹാദേവക്ഷേത്രം-(മാവേലിക്കര)

തൃക്കുന്നപ്പുഴ ക്ഷേത്രം (കാര്‍ത്തികപ്പള്ളി, ഹരിപ്പാട്)

ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രം(ചെങ്ങന്നൂര്‍)

കൊല്ലം - തിരുമുല്ലാവരം മഹാവിഷ്ണു ക്ഷേത്രം

വെളിനെല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രം

ആറാമട ശ്രീ ചക്രം മഹാദേവക്ഷേത്രം (ശംഖ്മുഖം കടപ്പുറം)

പാലക്കാട്‌ - തിരുമിറ്റക്കോട്

ത്രിമൂര്‍ത്തി ക്ഷേത്രം (കല്‍പ്പാത്തി)

തമലം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

തൃക്കണ്ണാപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

കേരളാദിത്യപുരം  കേളമംഗലം ശ്രീ സപ്തമാതൃ സന്നിധി

അണിയൂർ തച്ചിങ്ങൽ ശ്രീ മഹാവിഷ്ണു ക്ഷേത്ര ബലിക്കടവ്

അരുവിക്കര ശിവക്ഷേത്രം

കടപ്പാട്ടൂര്‍ മഹാദേവക്ഷേത്രം (പാലാ)

പന്തളം മഹാദേവ ക്ഷേത്രം.



എന്തെങ്കിലും കാരണത്താല്‍ കര്‍ക്കിടകവാവിന് പിതൃതര്‍പ്പണം നടത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെയുള്ള കറുത്തവാവില്‍ ബലികര്‍മ്മം നടത്തുകയും ചെയ്യാം. മുകളില്‍ എഴുതിയ മിക്ക ക്ഷേത്രങ്ങളിലും എല്ലാ അമാവാസി നാളിലും ബലിതര്‍പ്പണം നടത്താനുള്ള സൗകര്യം ഉണ്ടായിരിക്കും.

അഭിപ്രായങ്ങള്‍

ഒരു നിമിഷം

വേങ്ങക്കോട്ട് പെരുംകളിയാട്ടം.കാസറഗോഡ് പിലിക്കോട്

കാവുകൾ സംരക്ഷിക്കപ്പെടണം

ശിവരാത്രി വ്രതം

ബലിതർപ്പണം ചെയ്യുന്നതെന്തിന്