ഒടിയൻ ആരാണ്

                        

കലിയടങ്ങാതെ കുടിലിനു ചുറ്റും ഓടുന്ന ഒടിയൻ, ഒടി മറയാൻ പിള്ള തൈലം


  രാത്രിയിരുട്ടിൽ ഒടിയൻ ഒരു പാതിയിൽ മനുഷ്യൻ, മറുപാതിയിൽ മൃഗം. പൂർണഗർഭിണിയുടെ ഭ്രൂണം മുളങ്കമ്പുകൊണ്ട് കുത്തിയെടുത്തുള്ള നിഗൂഢകർമം ഒടിവിദ്യയുടെ അടിസ്ഥാനമായി പഴങ്കഥകളിലുണ്ട്

എത്രത്തോളം സത്യമുണ്ടെന്ന് അറിയില്ലെങ്കിലും ഒടിയന്മാരെക്കുറിച്ച് പലരും പറഞ്ഞു തുടങ്ങുന്നത് ഭയത്തോടെയാകും. ഇപ്പോഴിതാ ഒടിയനെക്കുറിച്ച് ചിത്രകാരനായ ടി. മുരളി എഴുതിയ കുറിപ്പും അദ്ദേഹം വരച്ച ചിത്രവും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. നാടോടി കഥകളിലൂടെ കേട്ടു പതിഞ്ഞ വിവരങ്ങളാണ് അദ്ദേഹം പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നത്.

ഒടിയൻമാർ രാത്രി കാലങ്ങളിലെ പേടി സ്വപ്നമായിരുന്ന ഒരു ഇരുണ്ട കാലം തെക്കൻ മലബാറിൽ ഏതാണ്ട് 80 വർഷം മുമ്പുവരെ നിലനിന്നിരുന്നു. മാന്ത്രികതയിലും അനുഷ്ഠാന- ആചാരങ്ങളിലുമായി തളയ്ക്കപ്പെട്ട നിലയിലുള്ള ഒറ്റപ്പെട്ട കൊലപാതകങ്ങൾ സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സവര്‍ണ പൗരോഹിത്യ താല്‍പ്പര്യത്താല്‍ സ്ഥാപിതമായ ഒരു അനുഷ്ഠാന ദുരാചാരമായിരുന്നു ഒടിമറിയൽ.

ഒടി മറയുക എന്നാൽ വേഷം മാറുക എന്നർത്ഥം. നേരം ഇരുട്ടിയാൽ അനുഷ്ഠാനപരമായ ചില പൂജകൾക്കു ശേഷം ഒടിമറയാൻ തയ്യാറാകുന്ന വ്യക്തി പൂർണ നഗ്നനായി ചെവികളിൽ പിള്ള തൈലം/പിണ്ണതൈലം എന്നൊരു മാന്ത്രിക എണ്ണ പുരട്ടുന്നതോടെ ആഗ്രഹിക്കുന്ന ഏതെങ്കിലും മൃഗരൂപം പ്രാപിക്കുകയോ അല്ലെങ്കിൽ അദൃശ്യനാകുകയോ ചെയ്യുമെന്നാണ് വിശ്വാസം. (പൊതു വഴികളില്‍ വൈദ്യുതി വിളക്കുകള്‍ അപൂര്‍വമായിരുന്ന 60 വര്‍ഷങ്ങള്‍ക്കു മുമ്പ് ഉള്ള കേരളത്തില്‍ ഒരു മാന്ത്രിക മരുന്നും ഇല്ലാതെ തന്നെ രാത്രികാലങ്ങളില്‍ ഒടിമാറിഞ്ഞു അപ്രത്യക്ഷന്‍ ആകാനുള്ള ഇരുട്ട് സുലഭമായിരുന്നു എന്നോര്‍ക്കുക.)

 ഈ മാന്ത്രിക വിശ്വാസത്തിന്റെ ബലത്തിൽ ബ്രാഹ്മണ പൌരോഹിത്യത്തിന്റെ ഉടമസ്ഥതയിലുള്ള സവർണ്ണ മതത്തിന്റെ കണ്ണിലെ കരടായി കണക്കാക്കപ്പെട്ടിരുന്ന ആശാരി / മൂശാരി / തട്ടാൻ / ഈഴവര്‍-തിയ്യര്‍ / മാപ്പിള തുടങ്ങിയ ബൗദ്ധ/ അസവർണ്ണ ഹിന്ദുക്കളായ പ്രമുഖരേയോ മുസ്ലീങ്ങളെയോ (ജോനകർ / മാപ്പിളമാർ ) ഒളിഞ്ഞിരുന്ന് ആക്രമിച്ച് കൊല്ലുക എന്നതാണ് ഒടിയന്റെ രീതി.

 'ചെകൊപുളപ്പും, ജോനക പുളപ്പും തീര്‍ക്കുക' എന്നാണു ഈ വംശീയ ഉന്മൂലന തന്ത്രത്തെ വടക്കന്‍ പാട്ടുകളില്‍ വിശേഷിപ്പിച്ച് കാണുന്നത്. കളരി ചേകവ ഗുരുക്കന്മാരെ ആവശ്യപ്പെടുന്ന അത്രയും സ്വര്‍ണ്ണ കിഴികളും ദക്ഷിണയായും കാണിക്കയായും കൊടുത്ത് ആദരിച്ചു വിളിച്ചുവരുത്തി പരസ്പ്പരം അങ്കം വെട്ടിച്ച് കൊല്ലിക്കുന്ന ഒരു തന്ത്രം മലബാറില്‍ ജനകീയ ഉത്സവമായിത്തന്നെ നടന്നിരുന്നല്ലോ.

 മലബാറിലെ തിയ്യന്മാരുടെ ബൗദ്ധ കളരികളുടെ പ്രാമാണ്യത്തെ /മേധാവിത്വത്തെ ഇല്ലാതാക്കാനായി സവര്‍ണ്ണ പൗരോഹിത്യം നടപ്പാക്കിയ‍ 'ചതിപ്പോരാ'യിരുന്നു ഇത്. നായന്മാര്‍ക്ക് ( ശൂദ്രന് ) ഇടയിലെ നിസാര ദുരഭിമാന തര്‍ക്കങ്ങള്‍ തീര്‍ക്കാനുള്ള 'തര്‍ക്ക പരിഹാര' മാര്‍ഗ്ഗമായാണ് താന്ത്രികമായി തിയ്യ ചേകവന്മാരെ ഉന്മൂലനം ചെയ്യാനുള്ള അങ്കങ്ങള്‍ നടപ്പാക്കിയിരുന്നത്.

ഇതിന്‍റെ ഭാഗമായുണ്ടാക്കിയിരുന്ന അങ്കങ്ങള്‍ക്കു ശേഷം വിജയിച്ച ആരോമല്‍ ചേകവരെ മച്ചൂനനെ കൊണ്ട് കുത്തുവിളക്ക് ഉപയോഗിച്ച് ചതിയില്‍ കൊലപ്പെടുത്തുന്നതും പിന്നീട് ചതിയനായ മച്ചൂനന്‍ ചന്തു വിജശ്രീലാളിതനായി 'ചന്തു കുറുപ്പ്' എന്ന പേരില്‍ സവർണ പക്ഷത്തേക്ക് മാറ്റപ്പെടുന്നതും 'കുറുപ്പ്' എന്നൊരു ജാതിപ്പേര്‍

 സവര്‍ണ മതം തിയ്യരില്‍ നിന്നും ശൂദ്ര പക്ഷത്ത് എത്തുന്നവര്‍ക്കായി നിര്‍മിച്ചതായും പ്രകടമായി കാണാം. ഇതുപോലെ മുസ്ലീങ്ങളുടെ വളര്‍ച്ച തടയാന്‍ അവരെ കളരി പഠിപ്പിച്ച ആരോമല്‍ ചേകവരുടെ പെങ്ങളായ ഉണ്ണിയാര്‍ച്ച പോലുള്ള ചേകവ സ്ത്രീകളെ ഉപയോഗിച്ച് വെട്ടി നിരത്തുന്ന തന്ത്രവും വടക്കന്‍ പാട്ടുകളില്‍ കാണാം.
തെക്കന്‍ കേരളത്തില്‍ ഇതിനോട് സമാനമായി 'ഇഞ്ച്ത്തലയും ഈഴ്തലയും വളരുമ്പോള്‍ കൊത്തണം' എന്ന പഴം ചൊല്ലും നിലനിന്നിരുന്നു. പഴഞ്ചൊല്‍ പ്രപഞ്ചം എന്ന പുസ്തകത്തില്‍ പ്രൊഫ.പി.സി.കര്‍ത്ത ഇതിനെ വിശദീകരിക്കുന്നത്, ഈഴവരെ അഭിവൃദ്ധിപ്പെടാന്‍ അനുവദിക്കരുത് എന്നാണ്. വൈദിക ബ്രാഹ്മണരുടെ സവര്‍ണ്ണ-ജാതീയ മതത്തിന് ഭീഷണിയായിരുന്ന കളരികളുടെ ഉടയോരായിരുന്ന (ഇന്നത്തെ പിന്നോക്കക്കാരായ) ബൗദ്ധ സമൂഹത്തെ അടിച്ചമര്‍ത്താനുള്ള ബ്രാഹ്മണ താന്ത്രികത എന്ന് പറയാം.

ഇരുട്ടിന്‍റെ മറവില്‍ ഇരയുടെ പിന്നിലൂടെ ഓടി വന്ന് ഒരു വടി കൊണ്ട് പിൻകഴുത്തിൽ ഇടിച്ച് ഇരയെ വീഴ്ത്തുകയും, വീണ് കിടക്കുന്ന ഇരയുടെ കഴുത്തിൽ വടി വച്ച്, രണ്ട് വശങ്ങളിലുമായി വടിയിൽ കയറി നിന്ന് നട്ടെല്ല് പൊട്ടുന്ന വിധം വടിയിൽ ചവിട്ടുകയുമാണ് ഒടിയന്‍ ചെയ്യുക. ഇര മൃത പ്രായനായെന്നു കണ്ടാൽ ഒടിയൻ ഓടി രക്ഷപ്പെടും.(പൊതുവെ പാവം ഭീരുവാണ് ) പലപ്പോഴും സ്വന്തം വീട്ടുപടിക്കൽ വച്ചു നടക്കുന്ന ആക്രമണമായതിനാലാകണം പാതി ജീവനിൽ ഇഴഞ്ഞ് പൂമുഖത്തെത്തി രക്തം ഛർദ്ദിച്ച് മരിക്കുകയായിരുന്നു വംശീയ ഉന്മൂലനത്തിനു വിധേയരായിരുന്ന വള്ളുവനാട്ടിലെ സമ്പന്നരായിരുന്ന അസവര്‍ണ ഇരകളുടെ വിധി.

 ഒടി മറയാനുള്ള മാന്ത്രികമരുന്നായിരുന്ന പിള്ള തൈലം തയാറാക്കുന്നതിലും ക്രൂരമായ വംശഹത്യയുടെ ഗൂഢാലോചന ഉണ്ടായിരുന്നു എന്ന് കാണാം. അവർണ / തിയ്യ തറവാടുകളിലെ ഗർഭിണികളായ സ്ത്രീകളുമായി സ്നേഹവിധേയത്വം കാണിച്ച് അടുത്തുകൂടുന്ന ഒടിയ കുടികളിലെ സ്ത്രീകൾ (ഒടിയന്റെ ഭാര്യയോ മറ്റു കുടുംബാംഗങ്ങളായ സ്ത്രീകളോ) കാലു തടവിക്കൊടുക്കുന്നതിനിടയിൽ ചില മർമ്മ പ്രയോഗങ്ങളിലൂടെ ഗർഭിണികളുടെ ഗർഭം അലസിപ്പിക്കുന്നതായും, മാസ്മരിക (ഹിപ്നോട്ടിസം) വിദ്യയിലൂടെ ഗർഭിണികളെ പിറ്റേന്ന് രാവിലെ കിണറ്റില്‍ ചാടിയും മറ്റും ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചിരുന്നതായുമൊക്കെ കഥകൾ കേട്ടിട്ടുണ്ട്.

ഇങ്ങനെ ഗർഭിണിയായിരിക്കെ ആത്മഹത്യ ചെയ്യുന്ന അസവർണ / ഈഴവ/തിയ്യ സ്ത്രീകളുടെ മൃതശരീരത്തിൽ നിന്നും ശേഖരിച്ചിരുന്ന ഗർഭസ്ഥ ശിശുവിന്റെ ശരീരം വാറ്റിയെടുത്തുണ്ടാക്കിയിരുന്ന മാന്ത്രിക മരുന്നാണത്രേ പിള്ള തൈലം !

ഒടി മറിഞ്ഞ് ഉദിഷ്ട കൊലപാതകം നടത്തി വരുന്ന ഒടിയൻ കൊലപാതക 'കലി'യടങ്ങാതെ തന്റെ കുടിലിനു ചുറ്റും ഓടുമെന്നും, ആ സമയത്ത് ഒടിയ കുടിയിലെ സ്ത്രീ അടുക്കളയിൽ നിന്നും കാടിവെള്ളം ഒടിയന്റെ തലയിലൂടെ ഒഴിക്കുന്നതിലൂടെ മാത്രമെ ഒടിയന്റെ കലിയടങ്ങി പൂർവരൂപം പ്രാപിക്കുകയുള്ളു എന്നായിരുന്നു വിശ്വാസ ആചാരങ്ങള്‍. ഈ പ്രവർത്തിക്ക് ഒടിയ സ്ത്രീ താമസിക്കുന്ന പക്ഷം, ഒടിയൻ തന്റെ കുടുബത്തിലെ സ്ത്രീയെയും ക്രൂരമായി വലിച്ചു കീറി കൊന്നിരുന്നത്രേ !

ഒടിയന്മാർ എന്ന പേരിലുള്ള വാടക കൊലയാളികൾ ഏറ്റവുമധികം ഉണ്ടായിരുന്ന പ്രദേശമായിരുന്നു ചിത്രകാരന്റെ ജന്മദേശമായ പെരിന്തൽമണ്ണ, അങ്ങാടിപ്പുറം, മങ്കട പ്രദേശങ്ങൾ. 1940 കളിൽ പോലും മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ ഉൾപ്പെട്ടിരുന്ന പ്രദേശങ്ങളിൽ ഒറ്റപ്പെട്ട ഒടിയൻ കൊലപാതകങ്ങൾ നടന്നിരുന്നു. വൈദ്യുത വഴി വിളക്കുകൾ വിപുലമായി സ്ഥാപിക്കപ്പെട്ടതോടെയാണ് ഒടിയന്മാർ രംഗം വിട്ടതെന്നു പറയാം. കാരണം, രാത്രികാലങ്ങളിൽ ഇരുട്ടിന്റെ മറവു പറ്റിയാണ് ഒടിയന്റെ ഒടി വിദ്യ അരങ്ങേറിയിരുന്നത്. ഒളിച്ചും പതുങ്ങിയുമിരുന്ന് മുൻ നിശ്ചയിച്ച ഒറ്റപ്പെട്ട പതിവു യാത്രക്കാരനെ അപ്രതീക്ഷിതമായി പിന്നിൽ നിന്നും ആക്രമിച്ച് കൊലപ്പെടുത്തുക എന്ന ദൈവീകമായ അനുഷ്ഠാന കർമ്മമാണ് ഒടിയൻ നിർവഹിച്ചിരുന്നത്. ഇരയായ യാത്രക്കാരനെ കൊള്ളചെയ്യുക എന്നതൊന്നും ഒടിയന്റെ ലക്ഷ്യമല്ല.

സ്ഥലത്തെ നാടുവാഴികളിൽ നിന്നും ലഭിക്കുന്ന നിർദ്ദേശ പ്രകാരം പ്രധാനികളായ ആശാരി / മൂശാരി/ തട്ടാൻ / ഈഴവ-തിയ്യരെ / മാപ്പിള/മുസ്ലീം തുടങ്ങിയ അസവർണ്ണരെ കൊന്നൊടുക്കി, അവരുടെ സ്വത്ത് കയ്യടക്കുക, അസവർണ്ണ കുടുംബത്തെ അനാഥരാക്കുക, വഴിയാധാരമാക്കുക തുടങ്ങിയ ബ്രാഹ്മണിക തന്ത്രങ്ങൾ വCളരെ വിദഗ്ദമായി നടപ്പാക്കാനായി നിയോഗിക്കപ്പെട്ടിരുന്ന വാടക / അനുഷ്ടാന കൊലയാളികളായിരുന്നു ഒടിയന്മാർ. അകാരണവും, മനുഷ്യത്വ രഹിതവുമായ കൊല മനസ്സാക്ഷിക്കുത്തില്ലാതെ നടത്താനുള്ള ന്യായീകരണമായായിരിക്കണം കൊലപാതകത്തെ അനുഷ്ഠാനമായി വ്യവസ്ഥപ്പെടുത്തിയത് എന്നു കരുതാം.

ഒടിയന്മാർക്ക് കൊല്ലാനാകാത്ത വിധം പ്രമുഖരായ/ കളരിഅഭ്യസികളായ അസവർണ്ണരെ കൊല്ലാൻ നിയോഗിക്കപ്പെട്ടിരുന്ന വിദഗ്ദ ഒടിയനെ 'വെള്ളൊടികൾ' എന്നു പറഞ്ഞിരുന്നത്രേ! ഇവർ ഒടി വിദ്യ നടത്തിയാൽ ഇരകൾക്ക് കളരി ചികിത്സയായ 'മറുവൊടി'യിലൂടെ രക്ഷപ്പെടാനുള്ള സാധ്യത പോലും വിരളമായിരുന്നത്രേ !

'കലി'യടങ്ങാതെ കുടിലിനു ചുറ്റും ഓടുന്ന ഒടിയൻ, ഒടി മറയാൻ പിള്ള തൈലം

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഒരു നിമിഷം

Sree Nellikka thiruthi Kazhakam

പൂരക്കളി

ശ്രീകൃഷ്ണകഥകൾ

പാലന്തായികണ്ണൻ

ശ്രീനാരായണ ഗുരു