വിവിധതരം പാട്ടുകൾ

❉വിവിധതരംപ്പാട്ടുകൾ❉ 

                            


1. കൈകൊട്ടിക്കളിപ്പാട്ടുകൾ
➖➖➖➖➖➖➖➖➖
തമിഴ്നാട്ടിലെ "കുമ്മി"യോടു് സാമ്യമുള്ള നൃത്തഗാനങ്ങൾ ആണു് കൈകൊട്ടിക്കളിപ്പാട്ടുകൾ. ധനുമാസത്തിലെ തിരുവാതിരനാളിലെ കൈകൊട്ടിക്കളിയാണു് തിരുവാതിര കളി. പരമ്പരാഗതമായ പാട്ടുകൾക്ക് പുറമേ വർത്തമാനകാലത്തെ കവികളും കവിയത്രികളും ഈ ശാഖയ്ക്കു് പാട്ടുകൾ പ്രദാനം ചെയ്തിട്ടുണ്ട്.

2. കളം പാട്ട്
➖➖➖➖➖➖➖➖➖
 ഭഗവതി സേവ, ബാധ ഒഴിപ്പിക്കൽ, മാന്ത്രിക / താന്ത്രിക കർമ്മങ്ങൾ എന്നിവയുടെ ഭാഗമായി 'കളമെഴുത്ത് ' സാധാരണ ആണ്. അങ്ങനെ എഴുതുന്ന കളങ്ങളുമായി ബന്ധപ്പെട്ട പാട്ടുകൾ ആണ് കളമെഴുത്തുപാട്ട്. കളമെഴുതപ്പെട്ട രൂപങ്ങളുടെ കഥയാണു് പാട്ടായി പാടുക. മലയാളത്തിലെ ഏറ്റവും പ്രാചീന ഗാനങ്ങളിൽ പെടുന്നു കളമെഴുത്തുപാട്ട്. ദാരുകവധം കഥ ഒരു പ്രധാന വിഷയമാണ് ഭഗവതി സേവയുമായി ബന്ധപ്പെട്ട കളമെഴുത്തിനു്.

3. ഭദ്രകാളി പാട്ട്
➖➖➖➖➖➖➖➖➖
 ഭഗവതിക്ഷേത്രങ്ങളിൽ ഒരു അനുഷ്ഠാന മായി പാടുന്ന പാട്ടുകൾ. ദീപാരാധനയ്ക്കുശേഷം സ്ത്രീകളും പുരുഷന്മാരും ഇരുവശവും നിരന്നിരുന്നു് പാടുന്ന പാട്ടിന്റെ വിഷയം ദാരികവധം ആണ്. പ്രത്യേക താളത്തിൽ കൈകൾ കൊട്ടി ആണ് "പാട്ട്" പാടുക. ഈ അനുഷ്ഠാനത്തിനു് കൊച്ചി പ്രദേശത്ത് "പാട്ട്" എന്ന് മാത്രമാണ് പറയുക. പാട്ടിലെ ഓരോ വരിയും ഒരാൾ പാടുന്നത് മറ്റുള്ളവർ ഏറ്റു പാടുന്നു. ഓരോ വരിയും പാടിക്കഴിഞ്ഞു് കൈകൾ കൊട്ടി "താതൈ " എന്ന് ഏറ്റു പാടുക പതിവാണ്.

4. കൊട്ടിപ്പാടി സേവപ്പാട്ടുകൾ
➖➖➖➖➖➖➖➖➖
 ക്ഷേത്രങ്ങളിൽ പൂജയ്ക്കായി നട അടയ്ക്കുമ്പോൾ സോപാനത്തിൽ നിന്നുകൊണ്ട് ഇടയ്ക്ക കൊട്ടി പാടുന്ന പാട്ടുകൾ. ഓരോ പൂജയ്ക്കും വ്യത്യസ്തരാഗത്തിലും രാഗമാലിക ആയും പാടുന്ന പതിവു് ഉണ്ട്. ഈ പാട്ടുകൾ പാടി അവസാനിപ്പിക്കുന്നത് മദ്ധ്യമാവതി രാഗത്തിൽ ആണെന്നതു് ശ്രദ്ധേയം ആണ്. പരമ്പരാഗതമായി കൈമാറിവന്ന ഈ പാട്ടുകളുടെ രചന നടന്ന കാലത്തെ കുറിച്ചോ രചയിതാക്കളെ കുറിച്ചോ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

5. തിരുവാതിരപ്പാട്ട്
➖➖➖➖➖➖➖➖➖
 കൈകൊട്ടിക്കളിപ്പാട്ടുകൾ. ധനുമാസത്തിലെ തിരുവാതിരനാൾ ആണ് ഉചിതമായ സന്ദർഭം. ഉത്തരേന്ത്യയിലെ "ഡാന്ടിയ ", "ഗർഭ " തുടങ്ങിയ നൃത്തങ്ങളെ അനുസ്മരിപ്പിക്കുന്നതാണ് തിരുവാതിരകളി. കത്തിച്ചുവെച്ച വിളക്കിനു ചുറ്റുമായി സ്ത്രീകൾ (പ്രത്യേകിച്ചും കന്യകമാർ ) ചുവടുവെച്ച് കൈകൊട്ടി പാടുന്നു. സ്ത്രീകൾ പരസ്പരം കൈകൊട്ടി ആണ് നൃത്തം ചെയ്യുക. പാർവതി, പരമേശ്വരൻ, സരസ്വതി, ശ്രീകൃഷ്ണൻ തുടങ്ങിയ ദേവി ദേവന്മാരെ സ്തുതിച്ചുകൊണ്ടുള്ള പാട്ടുകൾക്ക് നാടൻ ഈണങ്ങൾ ആണ് ഉപയോഗിച്ചു കണ്ടു വരുന്നത്. സരളമായ രാഗങ്ങളും ആലാപനത്തിന് അടിസ്ഥാനം ആകാറുണ്ട്. കുഞ്ചൻ നമ്പ്യാരുടെ "രുക്മിണി സ്വയംവരം പത്തു വൃത്തം"തിരുവാതിരപ്പാട്ടാണ്. രാമപുരത്തു വാരിയരുടെ "നൈഷധം” ഇരട്ടക്കുളങ്ങര രാമവാരിയരുടെ "നള ചരിതം" തുടങ്ങിയവയും തിരുവാതിരപ്പാട്ടുകൾ ആണ്. ഇരയിമ്മൻ തമ്പി, കുട്ടിക്കുഞ്ഞു തങ്കച്ചി തുടങ്ങിയവർ രചിച്ച തിരുവാതിര പാട്ടുകൾ കൂടുതൽ പ്രചാരം നേടി.

6. തുയിലുണർത്തു പാട്ട്
➖➖➖➖➖➖➖➖➖
പാണന്മാർ തുടികൊട്ടി പാടുന്ന അനുഷ്ഠാനഗാനങ്ങൾ. ചിങ്ങമാസത്തിൽ ആണ് ഈ അനുഷ്ഠാനം പ്രധാനമായും ആചരിച്ചു വരുന്നത്. ഐശ്വര്യദേവതയായ ഭഗവതിയെ സ്വാഗതം ചെയ്തു കൊണ്ടാണ് പാട്ടുകൾ. ഈ പാട്ടുകൾക്ക് പ്രാദേശികമായി പാണർ പാട്ട്, രാപ്പാട്ട്, ചീപോതി പാട്ട് എന്നൊക്കെ വിശേഷണങ്ങൾ ഉണ്ട്

7. നന്തുണിപ്പാട്ട്
➖➖➖➖➖➖➖➖➖
 ഏകതന്ത്രി വാദ്യമായ നന്തുണി വായിച്ചു പാടുന്ന പാട്ടുകൾ. ഗാനങ്ങൾ "ശേലുകൾ " എന്നാണു വിശേഷിക്കപ്പെടുന്നത്. നാലാം ശീല്, ഏരു ശീല്, ആന തൂക്കം, ആമ്മണി ചായ എന്നിങ്ങനെ ശേലുകൾ ഉണ്ട്. കളമെഴുത്തിനു തെയ്യംപാടികളും കുറുപ്പന്മാരും നന്തുണി മീട്ടി നന്തുണി പാട്ടുകൾ പാടാറുണ്ട്.

8. പുള്ളുവൻ പാട്ട്
➖➖➖➖➖➖➖➖➖
 കുഞ്ഞുങ്ങളേയും ഗർഭിണികളേയും പൈശാചികശക്തികളിൽ നിന്നും രക്ഷിക്കാനായി പാടുന്ന അനുഷ്ഠാനഗാനങ്ങൾ ആണ് പുള്ളുവൻ പാട്ട്. വീണ, കൈമണി, കുടം എന്നിവയാണ് അകമ്പടി വാദ്യങ്ങൾ. "പുള്ളുവ കുടോൽഭവ പാട്ട് ", "മോക്ഷപ്പാട്ട് ", നാവേറ് പാട്ട്, കറ്റപ്പാട്ട്, കണ്ണേർപ്പാട്ടു്, ഗുളികദൃഷ്ടി ഒഴിപ്പിക്കൽ പാട്ട്, എന്നിങ്ങനെ വിവിധ അനുഷ്ഠാനപ്പാട്ടുകൾ ഉണ്ട് പുള്ളുവൻ പാട്ടുകളിൽ. പുള്ളുവ സമുദായം ആണ് ഈ അനുഷ്ഠാനത്തിനു് നിയോഗിക്കപ്പെട്ടവർ.

9. പൂക്കുലപ്പാട്ട്
➖➖➖➖➖➖➖➖➖
 മലയാളർ സമുദായത്തിന്റെ ആചാരപ്പാട്ട്. കയ്യിൽ കമുങ്ങിന്റെ പൂക്കുലയേന്തി പാടുന്ന പാട്ടിനു് ആവർത്തന സ്വഭാവം ആണ് ഉള്ളത്. വിശേഷ ദിനങ്ങളിലും ശുഭമുഹൂർത്തങ്ങളിലും പൂക്കുലപ്പാട്ട് പാടി വരുന്നു

10. മണ്ണാർപ്പാട്ട്
➖➖➖➖➖➖➖➖➖
 മദ്ധ്യകേരളത്തിലെ മണ്ണാന്മാരുടെ അനുഷ്ഠാന സംഗീതം. തുടി, ചെണ്ട, നന്തുണി, തുടങ്ങിയ വാദ്യഘോഷങ്ങളോടെ പാടുന്ന പാട്ടുകൾ - മുണ്ടിയൻ പാട്ട്, പൊലിച്ചുപാട്ട് എന്നിങ്ങനെ അറിയപ്പെടുന്നു. വിശേഷദിവസങ്ങളിലും ഉത്സവ ദിനങ്ങളിലും ഈ പാട്ടുകൾ പാടി വരുന്നു

11. മഹാബലിപ്പാട്ട്
➖➖➖➖➖➖➖➖➖
 വാമനാവതാരകഥ പറയുന്ന അനുഷ്ഠാന ഗാനം. ഉത്തര കേരളത്തിലെ തെയ്യംപാടികളുടെതാണു് ഈ സംഗീത വിഭാഗം

12. തുക്കിലോണത്ത് പാട്ട്
➖➖➖➖➖➖➖➖➖
കേരളത്തിലെ പാണസമുദായത്തിൽപ്പെട്ടവർ ഭഗവതിയെ സ്വാഗതം ചെയ്തു പാടുന്ന പാട്ട്. ഈ നാടോടിഗാനം ചിങ്ങ മാസത്തിലാണ് വിശേഷവിധിയായി പാടി വരുന്നതു്.

13. തോറ്റം പാട്ട്
➖➖➖➖➖➖➖➖➖
ഒരു അനുഷ്ഠാന ഗാനം. ഭദ്രകാളിപ്പാട്ട് എന്നും അറിയപ്പെടുന്നു. കോവലൻ - കണ്ണകി കഥയും ദാരുകാസുരവധവുമാണ് പ്രമേയം.

14. ദാരുകൻ തോറ്റം
➖➖➖➖➖➖➖➖➖
 പാലക്കാട് ജില്ലയിലെ ചിറ്റൂരിൽ പ്രചാരത്തിലുള്ള തോറ്റം പാട്ട്. കാളി ആരാധനയാണ് പ്രമേയം.

15. ഗന്ധർവ്വം പാട്ട്
➖➖➖➖➖➖➖➖➖
 ഗർഭിണികളായ സ്ത്രീകളിലെ "ബാധ" ഒഴിപ്പിക്കാൻ പാടാറുള്ള അനുഷ്ഠാന ഗാനം

16. ചാറ്റ് പാട്ട്
➖➖➖➖➖➖➖➖➖
 ദുർ‌ദേവതകളെ അകറ്റാനുള്ള ഉച്ചത്തിൽ പാടുന്ന മന്ത്രവാദപാട്ടുകൾ. കാണിക്കർ, മലയരയർ എന്നിവരാണു് ഈ പാട്ട് അനുഷ്ഠാനം ചെയ്തു വരുന്നതു്.

17. തമ്പുരാൻ പാട്ട്
➖➖➖➖➖➖➖➖➖
 തിരുവിതാംകൂറിലെ ഒരു നാടോടിപ്പാട്ട്. മാർത്താണ്ഡവർമ്മയുടെ കഥയാണ് അടിസ്ഥാനം.

18. മലകിളപ്പാട്ട്
➖➖➖➖➖➖➖➖➖
 പുലയരുടെയും പറയരുടെയും നാടോടി ഗാനം സ്ത്രീകളും പുരുഷന്മാരും ചേർന്നു് നിലം ഒരുക്കുന്നതിനിടയിൽ ആണു് ഈ ഗാനങ്ങൾ പാടുക പതിവ്. താളത്തിനൊത്തു് മണ്‍വെട്ടികൊണ്ട് കിളയ്ക്കുന്നു.

19. മലപ്പാട്ട്
➖➖➖➖➖➖➖➖➖
 ദക്ഷിണകേരളത്തിലെ കാനപ്പുലയരുടെ അനുഷ്ഠാന ഗാനം "തിരണ്ടു കല്യാണ" പാട്ടാണിതു്. ഋതുമതിയായ പെൺകിടാവിനെ പ്രത്യേക കുടിലിൽ 15 ദിവസം പാർപ്പിക്കുന്നു. അതിൽ ആദ്യദിവസം പാടുന്ന പാട്ടാണ് മലപ്പാട്ട്.

20. പൊറാട്ട് പാട്ട്
➖➖➖➖➖➖➖➖➖
 പാലക്കാട് ജില്ലയിൽ പ്രധാനമായും മേടമാസത്തിൽ കളിക്കുന്ന "കണ്ണ്യാർകളി " യിൽ പാടുന്ന പാട്ടുകൾ. ചെണ്ട, മദ്ദളം, ഇലത്താളം, ചേങ്ങില എന്നീ വാദ്യഘോഷങ്ങളോടെ ഭഗവതി ക്ഷേത്രങ്ങളിൽ ആണു് ഈ അനുഷ്ഠാന ഗാന സമ്പ്രദായം അരങ്ങേറി വരുന്നത്. പുരുഷന്മാരാണു് കണ്ണ്യാർകളിയിൽ പങ്കെടുക്കുക.

21. പോർ പാട്ട്
➖➖➖➖➖➖➖➖➖
 നാടോടിപ്പാട്ടുകളുടെ ഒരു വകഭേദം. ഞാറുനടുമ്പോൾ രണ്ടു ചേരിയായി തിരിഞ്ഞുനിന്നു് സ്ത്രീകളാണ് പാടാറുള്ളത്.

22. ഭരണിപ്പാട്ടുകൾ
➖➖➖➖➖➖➖➖➖
 കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിൽ മീനഭരണി ഉത്സവത്തിന്‌ പാടുന്ന പാട്ടുകൾ. അശ്ളീലപദങ്ങളും അസഭ്യവും പാട്ടുകളിൽ കലർന്നിട്ടുണ്ടാവും.

23. പേനപ്പാട്ട്
➖➖➖➖➖➖➖➖➖
 മന്ത്രവാദപ്പാട്ടുകളാണ് ഇവ. കേരളത്തിലെ വടക്കൻ പ്രദേശത്തിലെ മലയർ, പുലയർ, പുള്ളുവർ, പണിയർ തുടങ്ങിയവർ മന്ത്രവാദത്തിനായി ഈ പാട്ടുകൾ പാടുന്നു.

24. കഥാകാലക്ഷേപം
➖➖➖➖➖➖➖➖➖
 "കാലക്ഷേപം" എന്നാൽ സമയം കളയൽ. ഭാഗവതരും അകമ്പടിക്കാരും പുരാണകഥകൾ സംഗീതരൂപത്തിൽ അവതരിപ്പിക്കുന്നു. ഇതിന്റെ പിൻതുടർച്ചയായാണു് കഥാപ്രസംഗ പ്രസ്ഥാനം ആവിർഭവിച്ചതു്.

25. കുമ്മിപ്പാട്ട്
➖➖➖➖➖➖➖➖➖
 കുമ്മിനൃത്തത്തിനു് പാടുന്ന പാട്ട്. ചിദംബര കുമ്മി, രാമായണ കുമ്മി, ഗജേന്ദ്രമോക്ഷ കുമ്മി ഉദാഹരണങ്ങൾ

26. കിളിപ്പാട്ട്
➖➖➖➖➖➖➖➖➖
 കിളിയെക്കൊണ്ട് പാടിക്കുന്ന രീതിയിൽ ആണ് പാട്ടുകൾ. തുഞ്ചത്തു് എഴുത്തച്ഛന്റെ രാമായണം ഉദാഹരണം. ഹംസം, തത്ത, കുയിൽ, വണ്ട്‌ തുടങ്ങിയവയെ കൊണ്ട് പാടിക്കുന്നതായാണ് രചന. സൂർദാസ് , തുളസി ദാസ് തുടങ്ങിയ ഭക്ത കവികളും വണ്ടിനെ കൊണ്ട് പാട്ടുകൾ പാടിക്കുന്നതായി കാവ്യങ്ങൾ രചിച്ചിട്ടുണ്ട് . "ഭ്രമർ ഗീത് " എന്നാണു് അവ അറിയപ്പെടുന്നതു്.

27. കുറുന്തിനിപ്പാട്ട്
➖➖➖➖➖➖➖➖➖
 ഉത്തരകേരളത്തിലെ വണ്ണാന്മാരുടെ അനുഷ്ഠാന ഗാനം. സന്താന ലബ്ധിക്കായാണ് ഈ പാട്ട് അനുഷ്ഠാനം. നാഗപ്രീതിയാണു് സന്താനലബ്ധിക്കായുള്ള ആരാധന എന്നതിനാൽ നാഗപൂജയുടെ ഭാഗമായാണു് ഈ പാട്ടുകൾ പാടുന്നതു്.

28. അക്കമ്മപ്പാട്ട്
➖➖➖➖➖➖➖➖➖
 സമുന്തൻനമ്പിയാർ സമുദായമായി ബന്ധപ്പെട്ടതു്. പുരാണത്തിലെ കഥകൾ പ്രമേയം.സമുദായത്തിലെ സ്ത്രീകൾ - "അക്കമ്മമാർ " വിവാഹം തുടങ്ങിയ മംഗളവേളകളിൽ പാടുന്ന അനുഷ്ടാന ഗാനങ്ങൾ

29. അച്ചുകുളിപ്പാട്ട്
➖➖➖➖➖➖➖➖➖
 ബ്രാഹ്മണകന്യകമാർ മംഗല്യസൌഭാഗ്യത്തിനായി കുളിക്കുമ്പോൾ പാടുന്ന പാട്ടുകൾ. ഓരോ ഭാഗത്തേക്കു് തിരിഞ്ഞു പാട്ടുപാടുന്നു. ഇത്തരത്തിലുള്ള അനുഷ്ഠാനങ്ങൾ കാലക്രമത്തിൽ ഇല്ലാതെയായി.

30. അഞ്ചൈക്കള തോറ്റം
➖➖➖➖➖➖➖➖➖
 ഭദ്രകാളിയെ ഉപാസിക്കാൻ പ്രാദേശികമായി വ്യത്യസ്ത അനുഷ്ഠാനങ്ങൾ കേരളത്തിൽ നിലനിൽ‌ക്കുന്നു. മദ്ധ്യകേരളത്തിൽ നിലനിൽ‌ക്കുന്ന ഒരു പാട്ടു് അനുഷ്ഠാനം ആണു് അഞ്ചൈക്കള തോറ്റം പാട്ടുകൾ.

31. അഞ്ചടിപ്പാട്ട്
➖➖➖➖➖➖➖➖➖
 ചോറ്റാനിക്കര, ചെല്ലൂർ പ്രദേശങ്ങളിൽ പാടി വരുന്ന അനുഷ്ഠാന പാട്ടുകൾ. ഭഗവത് പ്രീതിക്കായിട്ടാണ് പാടുന്നതു്.

32. ശീപോതിപ്പാട്ട്
➖➖➖➖➖➖➖➖➖
 പാണന്മാരുടെ അനുഷ്ഠാനപ്പാട്ടുകൾ. ഐശ്വര്യദേവതയായ ശീപോതിയെ (ശ്രീ ഭഗവതിയെ) സ്തുതിച്ചുകൊണ്ടുള്ള പാട്ടുകൾ ഓണം, വിഷു തുടങ്ങിയ വിശേഷ ദിവസങ്ങളിൽ പാടി വരുന്നു.

33. ശാസ്താം പാട്ട്
➖➖➖➖➖➖➖➖➖
 നാഗാരാധനയുമായി ബന്ധപ്പെട്ട പാട്ടുകൾ. പുള്ളുവരാണ് ഈ പാട്ടുകൾ അനുഷ്ഠിച്ചു വരുന്നതു്. ഉടുക്ക്, മിഴാവ് തുടങ്ങിയവയാണ് വാദ്യങ്ങൾ.

34. വില്ലടിച്ചാൻ പാട്ട്
➖➖➖➖➖➖➖➖➖
കഥാ ഗാനങ്ങൾ ആണ് വില്ലടിച്ചാൻ പാട്ടുകൾ . ആറടിയോളം നീളമുള്ള വില്ലിൽ ഒരു ജോഡി വടികൾ കൊണ്ടടിച്ചു പാടുന്ന കഥാ ഗാനങ്ങൾ . വില്ലിന്റെ ചരടിൽ മണികൾ തൂക്കിയിട്ടുണ്ടാകും . ഗായകരിൽ ഒരു പ്രധാനിയും സഹായികളും കഥാ പ്രസംഗ രൂപത്തിൽ കഥ പാടി കേൾപ്പിക്കുന്നു . ഗണപതി , സരസ്വതി, ഇഷ്ട ദേവത , ഗുരു, സഭ - ഇവയെ വന്ദിച്ചു കൊണ്ടാണ് കഥ പാടി തുടങ്ങുക . ഉലകുട പെരുമാൾ പാട്ട് , പുതു പാന പാട്ട് , നീലി പ്പാട്ട് , അഞ്ചു തമ്പുരാൻ പാട്ട്, നീലി പ്പാട്ട്, സുഭദ്ര ഹരണം , കീചക വധം തുടങ്ങിയവയാണ് പ്രസിദ്ധമായ വില്ലടിച്ചാൻ പാട്ടുകൾ .

35. വാകപ്പൊലി പാട്ട്
➖➖➖➖➖➖➖➖➖
 ഉത്തര കേരളത്തിൽ പുലയർ തിരണ്ടു കല്യാണത്തിന് പാടുന്ന പാട്ടുകൾ. പെണ്‍കുട്ടി ഋതുമതി ആയതിന്റെ ഏഴാം ദിവസം ചില ചടങ്ങുകൾക്ക് ശേഷം വാകപ്പൊലി പാട്ടുകൾ പാടുന്നു.

36. വടക്കുപുറത്തു പാട്ട്
➖➖➖➖➖➖➖➖➖
വൈക്കം മഹാദേവ ക്ഷേത്രത്തിൽ 12 വർഷത്തിൽ ഒരിക്കൽ നടക്കുന്ന പാട്ട് ഉത്സവത്തിന്‌ 12 ദിവസങ്ങളിൽ ഭഗവതിയെ സങ്കല്പ്പിച്ചു നടത്തുന്ന കള മെഴുത്തിനു പാടി വരുന്ന അനുഷ്ഠാന ഗാനങ്ങൾ.

37. മുടിപ്പുര പ്പാട്ട്
➖➖➖➖➖➖➖➖➖
 വിളവെടുപ്പുമായി ബന്ധപ്പെട്ട അനുഷ്ഠാന ഗാനങ്ങൾ . താൽകാലികമായി ഉണ്ടാക്കിയ മുടിപ്പുരയിൽ ദേവിയെ കുടിയിരുത്തി 7 ദിവസം തുടർച്ചയായി പാടുന്നു. തോറ്റം പാട്ടിന്റെ ഈ രൂപം തെക്കൻ തിരുവിതാംകൂറിൽ ആണ് കൂടുതലും അനുഷ്ഠിക്കുന്നത് .

38. അയ്യപ്പൻ പാട്ട്
➖➖➖➖➖➖➖➖➖
 മണ്ഡല കാലത്ത് വ്രതമെടുത്ത് ശബരിമല യാത്രാ സമയത്ത് പാടുന്ന പാട്ട് . ഉടുക്ക്, കൈമണി, തുടങ്ങിയ വാദ്യങ്ങൾ ഉപയോഗിക്കുന്നു. ശാസ്താം പാട്ട് എന്നും അറിയപ്പെടുന്നു .

39. ഈഴത്ത് പാട്ട്
➖➖➖➖➖➖➖➖➖
 ഈഴവ സമുദായത്തിലെ മണ്‍ മറഞ്ഞ വീരന്മാരെ കുറിച്ച് പാടുന്ന പാട്ട്. വടക്കൻ പാട്ടിലെ വീര പരാക്രമിളായ ആരോമൽ ചേകവർ , ഉണ്ണിയാർച്ച , കണ്ണപ്പനുണ്ണി തുടങ്ങിയവരാണ് പാട്ടിലെ നായികാ നായകന്മാർ.

40. മുരുകൻ പാട്ട്
➖➖➖➖➖➖➖➖➖
 കേരളത്തിലെ ഗിരി വർഗക്കാർ കാട്ടു ദേവതകളെ പ്രകീർത്തിച്ചു പാടുന്ന പാട്ടുകൾ . പെരുമ്പറ യാണ് പശ്ചാത്തല വാദ്യം.

41. വട്ടിപ്പാട്ട്
➖➖➖➖➖➖➖➖➖
പുലയ സ്ത്രീകളും ചെറുമികളും കുട്ടകൾ ഉണ്ടാക്കുമ്പോൾ പാടുന്ന പാട്ടുകളുടെ പ്രമേയം മുള വെട്ടുന്നതും കീറുന്നതും മറ്റുമാണ് .

42. മാവാരതം പാട്ട്
➖➖➖➖➖➖➖➖➖
 കേരളത്തിൽ പ്രചാരത്തിലുള്ള മഹാഭാരത കഥാ പാട്ടുകൾ . നിഴൽക്കൂത്ത് പാട്ടുകൾ എന്നും അറിയപ്പെടുന്നു .

43. മുളകൊട്ടു പാട്ട്
➖➖➖➖➖➖➖➖➖
 കേരളത്തിലെ മാരിയമ്മൻ ക്ഷേത്രങ്ങളിലെ അനുഷ്ഠാന ഗാനം. പലതരം വിത്തുകൾ മണ്‍ പാത്രങ്ങളിൽ ഇട്ടു പാട്ട് പാടി മുളപ്പിക്കുന്നതാണ് അനുഷ്ഠാനം . തമിഴ് കലർന്ന മലയാളം പാട്ടുകൾക്ക് അകമ്പടി ചെണ്ടയും ഉടുക്കുമാണ് .

44. അരവ് പാട്ട്
➖➖➖➖➖➖➖➖➖
 കല്യാണം തുടങ്ങിയ വിശേഷ ദിനങ്ങളിൽ മുറ്റത്തു പന്തലിട്ടു അമ്മികൾ ഇട്ടു അരയ്ക്കുമ്പോൾ പാടുന്ന പാട്ട്. തിയ്യർ , പുലയർ സമുദായക്കാർ പ്രധാനമായും അനുഷ്ഠിച്ചു പോരുന്നു.

45. ആലപ്പാട്ട്
➖➖➖➖➖➖➖➖➖
ഉത്തര കേരളത്തിലെ അനുഷ്ഠാന പാട്ടുകൾ . കോതാമൂരി തെയ്യം , പനിയന്മാർ മുതലായവർ തുലാമാസത്തിൽ വീടുകൾ തോറും കയറി ഇറങ്ങി പാടുന്ന പാട്ടുകൾ . ദുരിതങ്ങൾ അകലാനും ഐശ്വര്യം കൈവരാനും ഉള്ള അനുഷ്ഠാനം

46. ആവിയർ പാട്ട്
➖➖➖➖➖➖➖➖➖
കണ്ണകിയെ പ്രകീർത്തിച്ചു കൊണ്ടുള്ള പാട്ടുകൾ . വർണ്ണ പ്പൊടികൾ കൊണ്ട് കളം വരച്ചു അതിന്റെ മുന്നിലിരുന്നാണ് പാടുക .

47. കർമശാസ്താം പാട്ട്
➖➖➖➖➖➖➖➖➖
ഉത്തര കേരളത്തിലെ പുള്ളുവരുടെ അനുഷ്ഠാനം . പുള്ളുവരുടെ വർഗോല്പ്പത്തിയും കലാ പാരമ്പര്യവും ആണ് വിഷയം . മിഴാവാണ്‌ വാദ്യം .

48. കാക്കപ്പാട്ട്
➖➖➖➖➖➖➖➖➖
പരേതരുടെ ആത്മാക്കളെ തൃപ്തി പ്പെടുത്താനുള്ള അനുഷ്ഠാന ഗാനങ്ങൾ . പ്രാകൃത വർഗക്കാരുടെ ഇടയിൽ കൂടുതൽ പ്രചാരം

49. മരക്കൊട്ടൻ പാട്ട്
➖➖➖➖➖➖➖➖➖
ഉത്തര കേരളത്തിലെ "മാവില " സമുദായക്കാരുടെ അനുഷ്ഠാനം . "മാവിലർ " തെയ്യം കെട്ടി ആടിയതിനു ശേഷം മരക്കൊട്ടൻ പാട്ടുകൾ പാടി കളിക്കുന്നു.

50. ഊഞ്ഞാൽ പാട്ട്
➖➖➖➖➖➖➖➖➖
ധനുമാസത്തിൽ തിരുവാതിര നാളിൽ ഊഞ്ഞാലാടിക്കൊണ്ട് സ്ത്രീകൾ പാടുന്ന പാട്ട് . ദമയന്തി സ്വയംവരം , സുന്ദരീ കല്യാണം, സീതാ സ്വയംവരം , മത്സ്യ ഗന്ധി ചരിതം തുടങ്ങിയ കഥകളാണ് വിഷയം

51. എണ്ണപ്പാട്ട്
➖➖➖➖➖➖➖➖➖
കല്യാണം കഴിഞ്ഞു നാലാം നാൾ വധൂ വരന്മാർ എണ്ണ തേയ്ക്കു മ്പോഴും കുളിക്കുമ്പോഴും ക്രിസ്തീയ സമുദായക്കാർ പാടുന്ന പാട്ടുകൾ.

52. ഒക്കല് പാട്ട്
➖➖➖➖➖➖➖➖➖
വയനാട്ടിലെ ആദിവാസി പാട്ട്. പണിയർ കുലത്തിൽ പെട്ടവർ നെല്ല്‌ മെതിക്കുമ്പോൾ പാടുന്ന പാട്ടുകൾ.

53. കമ്മാളർ പാട്ട്
➖➖➖➖➖➖➖➖➖
കൊല്ലൻ , ആശാരി , മൂശാരി , തട്ടാൻ തുടങ്ങിയ കമ്മാള വർഗക്കാർ വിവാഹത്തിനും തിരണ്ടു കല്യാണത്തിനും പാടുന്ന പാട്ട് . ചന്ദന പ്പാട്ട് (കുറിപ്പാട്ട് ) , പന്തൽ പാട്ട് , ഗണപതിപ്പാട്ട്, എന്നിങ്ങനെ സന്ദർഭാനുസരണം വകഭേദങ്ങൾ ഉണ്ട്. പാഞ്ചാലി സ്വയംവരം , സീതാ സ്വയംവരം , തുടങ്ങിയ പുരാണ കഥകൾ വിഷയം.

54. ഗണപതി തോറ്റം
➖➖➖➖➖➖➖➖➖
തിരിഉഴിച്ചിലിനോടു് (അഗ്നിപൂജ) അനുബന്ധിച്ചു പാടുന്ന നാടോടിപ്പാട്ടുകൾ.

55. മരക്കളപ്പാട്ടു്
➖➖➖➖➖➖➖➖➖
മുക്കുവരാജാവായ സാരംഗപാലനെക്കുറിച്ച് പാടുന്ന തോണിപ്പാട്ടുകളാണു് മറക്കളപ്പാട്ടുകൾ.

56. കലശാട്ട് പാട്ട്
➖➖➖➖➖➖➖➖➖
നാടൻ പേറ്റിച്ചികൾ കുട്ടികളെ എടുത്തു കുളിപ്പിക്കുമ്പോൾ പാടാറുള്ള മന്ത്രവാദപ്പാട്ടുകൾ. പുള്ളുവത്തികളും ഈ പാട്ടുകൾ പാടാറുണ്ട്.

57. കലശപ്പാട്ട്
➖➖➖➖➖➖➖➖➖
ഉത്തരകേരളത്തിലെ പുലയരുടെ അനുഷ്ഠാന ഗാനം. തെയ്യത്തിന്റെ തലേദിവസം പാടി വരുന്നു. മദ്യോല്പാദനവും നായാട്ടുമാണ് വിഷയം.

58. കളിക്കപ്പാട്ട്
➖➖➖➖➖➖➖➖➖
മുത്തപ്പന്റെ ചരിത്രം ആണ് വിഷയം. വണ്ണാൻ, അഞ്ഞൂറാൻ, തുടങ്ങിയ സമുദായക്കാർ മുത്തപ്പൻ സന്നിധിയിൽ ദേവപ്രീതിക്കായി പാടുന്ന അനുഷ്ഠാന ഗാനങ്ങൾ.

59. മരവും പറയും തോറ്റം 
➖➖➖➖➖➖➖➖➖
ഉത്തരകേരളത്തിലെ പുലയരുടെ അനുഷ്ഠാന ഗാനം. കാർഷിക പാരമ്പര്യത്തെക്കുറിച്ചാണ് പാട്ടുകൾ.

60. കപ്പൽ പാട്ട് 
➖➖➖➖➖➖➖➖➖
സംസാരത്തെ സാഗരമായും ശരീരത്തെ കപ്പലായും സങ്കൽപ്പിച്ചു രചിക്കപ്പെട്ട പാട്ടുകൾ. അധ്യാത്മിക വിഷയങ്ങളാണ് പാട്ടിൽ അവതരിപ്പിക്കുന്നതു്.

61. കതിരുപാട്ട്
➖➖➖➖➖➖➖➖➖
പുഷ്പക സമുദായത്തിലെ സ്ത്രീകൾ - 'ബ്രാഹ്മണി ' - കളുടെ അനുഷ്ഠാന ഗാനങ്ങൾ. നെടുമംഗല്യത്തിനായി കന്യകമാർ കതിരെടുത്ത് നൃത്തം ചെയ്യുമ്പോൾ പാടുന്ന പാട്ടുകൾ.


62. കരിങ്കുട്ടൻ പാട്ട്
➖➖➖➖➖➖➖➖➖
പുള്ളുവർ പാടുന്ന അനുഷ്ഠാന ഗാനങ്ങൾ.

63. എലെലം കരടി പാട്ട്
➖➖➖➖➖➖➖➖➖
കേരളത്തിലെ വനങ്ങളിൽ പാർക്കുന്ന ഇരുളവർഗ്ഗക്കാർ നൃത്തം ചെയ്യുമ്പോൾ പാടുന്ന പാട്ട്. വട്ടത്തിൽ കറങ്ങിക്കൊണ്ട് പാടുന്ന പാട്ടിന്റെ അകമ്പടി വാദ്യങ്ങൾ "പൊറി " എന്ന് വിളിക്കുന്ന മദ്ദളവും മരക്കുഴലും.

64. ഓണപ്പാട്ടുകൾ
➖➖➖➖➖➖➖➖➖
ഓണക്കാലത്ത് പാടുന്ന പാട്ടുകൾ. മഹാബലിയെ പ്രകീർത്തിച്ചു കൊണ്ടാണു് പാട്ടുകൾ.

65. ഏറ്റപ്പാട്ട്
➖➖➖➖➖➖➖➖➖
വെള്ളം തേവുന്ന യന്ത്രത്തിനരുകിൽ നിന്നുകൊണ്ട് വെള്ളം തേവുമ്പോൾ പാടുന്ന പാട്ടുകൾ.

66. മാരൻ പാട്ട്
➖➖➖➖➖➖➖➖➖
കണിയാൻ, വണ്ണാൻ, മുതലായ വർഗ്ഗക്കാർ പാടുന്ന ശൃംഗാര രസപ്രധാന ഗാനങ്ങൾ. ഗ്രാമീണശൈലിയിൽ നാടൻ വൃത്തത്തിൽ ആണു് ഗാനങ്ങൾ രചിക്കപ്പെട്ടിട്ടുള്ളത്.

67. മാരിപ്പാട്ട്
➖➖➖➖➖➖➖➖➖
ഉത്തരകേരളത്തിലെ പുലയർ കർക്കടമാസതിൽ പാടുന്ന അനുഷ്ഠാന ഗാനം. കർക്കിടകം 16 നാൾ മുതൽ പൊയ്മുഖം അണിഞ്ഞു വീടുകൾ തോറും കയറി ഇറങ്ങി പാടുന്നു. തുടി, ചേങ്ങില എന്നീ വാദ്യങ്ങൾ അകമ്പടി. "കലിയൻ " പാട്ട് എന്നും ചില പ്രദേശങ്ങളിൽ അറിയപ്പെടുന്നു. ഐശ്വര്യലബ്ധിയാണ് ഉദ്ദേശം.

68. കറിപ്പാട്ടുകൾ
➖➖➖➖➖➖➖➖➖
പാചകവിധി വർണ്ണിക്കുന്ന നാടൻ പാട്ടുകൾ. കുമ്പളപ്പാട്ട്, കക്കിരിപ്പാട്ട്, ചീരപ്പാട്ട് തുടങ്ങിയ പേരുകളിൽ പ്രചാരം. വിവാഹം, തുടങ്ങിയ ആഘോഷവേളകളിൽ പാചകം ചെയ്യുമ്പോൾ പാടുന്നു .

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*


➖➖➖➖➖➖➖➖➖

➖➖➖➖➖➖➖➖➖

അഭിപ്രായങ്ങള്‍

ഒരു നിമിഷം

വേങ്ങക്കോട്ട് പെരുംകളിയാട്ടം.കാസറഗോഡ് പിലിക്കോട്

കാവുകൾ സംരക്ഷിക്കപ്പെടണം

ശിവരാത്രി വ്രതം

ബലിതർപ്പണം ചെയ്യുന്നതെന്തിന്