മാങ്ങാട് നീലിയാർ കോട്ടവും കോട്ടത്തമ്മ നീലിയാർ ഭഗവതിയും

മാങ്ങാട് നീലിയാർ കോട്ടവും

കോട്ടത്തമ്മ നീലിയാർ ഭഗവതിയും 



  മനുഷ്യവിശ്വാസങ്ങളേയും  പ്രകൃതിയെയും സമീകരിക്കുന്ന ദ്രാവിഡ സംസ്‌കാരത്തിന്റെ ശേഷിപ്പുകളാണ് ഉത്തര മലബാറിലെ തെയ്യക്കാവുകള്‍. ഓരോ ജീവജാലങ്ങളിലും നിറഞ്ഞു നിൽക്കുന്നതാണ് ഈശ്വരചൈതന്യം
എന്ന മഹത്തായ വീക്ഷണത്തിൻ്റെ  മുകളിലാണ് ഈ സംസ്കാരം അതിൻ്റെ വേരുപടർത്തിയിരിക്കുന്നത്. ഉത്തര മലബാറിലെ തെയ്യക്കാവുകളുടെ ചരിത്രം/
പുരാവൃത്തം പരിശോധിച്ചാൽ അവയെല്ലാം തന്നെ പ്രകൃതിസംരക്ഷണ ഇടങ്ങളെന്ന നിലയിൽ ഉത്ഭവിച്ചിട്ടുള്ളവയാണെന്നു മനസ്സിലാക്കാൻ സാധിക്കും. വടക്കൻ്റെ തനത് അനുഷ്ഠാനമായ തെയ്യത്തിൻ്റെ അസ്തിത്വവും പൂർണമായും പ്രകൃതിയിൽ ലയിച്ചു തന്നെയാണ്. എന്നാൽ ജനങ്ങളുടെ മനോഭാവത്തിലുണ്ടായ മാറ്റങ്ങളും അപക്വമായ വികസന ചിന്താഗതികളും കാവുകളുടെ രൂപവും ഭാവവും ഇന്ന് ഒരുപാട് മാറ്റിമറിച്ചിരിക്കുന്നു. പ്രകൃതിയെ നോവിക്കാതെ ജീവിച്ച പൂർവിക നന്മയിലൊന്നുമല്ല ഇന്നു നമ്മൾ ജീവിക്കുന്നത്. തെയ്യക്കാവുകളോടു ചേർന്ന് നിലനിർത്തേണ്ടിയിരുന്ന പച്ചപ്പിനെ ആവുംവിധം ദ്രോഹിച്ചുകൊണ്ട് രൂപപരിണാമം നേടുന്ന കാഴ്ചയാണ് മിക്ക കാവുകളിലും കാണാൻ സാധിക്കുന്നത്.

വടക്കേമലബാറിലെ തെയ്യക്കാവുകളെ കുറിച്ചുള്ള ഇന്നത്തെ വായന ഇപ്രകാരമാവുന്നിടത്താണ് മാങ്ങാട് നീലിയാർ കോട്ടവും അവിടെ ആരാധിക്കപ്പെടുന്ന കോട്ടത്തമ്മ നീലിയാർ ഭഗവതിയും അതീവ പ്രാധാന്യമുള്ള, സവിശേഷമായ കാഴ്ചകളായി മാറുന്നത്. പതിനാറ് ഏക്കറോളം പരന്നു കിടക്കുന്ന ഒരു സ്വഭാവിക വനമാണ് നീലിയാർ കോട്ടം.  എല്ലാ ജീവജാലങ്ങൾക്കും അവകാശങ്ങളുള്ള, മനുഷ്യനിർമ്മിതികൾക്ക് പ്രാധാന്യമില്ലാത്ത ഒരിടം. പച്ചിലക്കാട്ടിലച്ചി എന്നു സ്വയം വിശേഷിപ്പിക്കുന്ന നീലിയാർ ഭഗവതി ഇവിടെ ആരാധിക്കപ്പെടുന്നു. ആചാരനുഷ്ഠാനങ്ങൾ കൊണ്ടും രൂപഭാവങ്ങൾ കൊണ്ടും നീലിയാർ കോട്ടവും കോട്ടത്തമ്മയും വ്യതിരിക്തമായൊരു അസ്തിത്വം കൈവരിക്കുന്നു. തുലാമാസത്തിൽ ആരംഭിച്ച് ഇടവപ്പാതിയോടുകൂടി അവസാനിക്കുന്ന ഉത്തര മലബാറിലെ തെയ്യക്കാലത്തിനു വിഭിന്നമായി ഇടവേളകളില്ലാതെ വർഷത്തിൽ എല്ലാ സമയവും നീലിയാർ കോട്ടത്ത് അമ്മയുടെ തിരുമുടി ഉയരുന്നു. കോലം തികഞ്ഞ മാതാവാണ് അമ്മ നീലിയാർ ഭഗവതി. ഉത്തര മലബാറിൽ കെട്ടിയാടിക്കുന്ന നുറുകണക്കിനു തെയ്യക്കോലങ്ങളിൽ നിന്നും വിഭിന്നമായൊരു സവിശേഷതയാണത്. മറ്റു തെയ്യക്കോലങ്ങൾ കാവിൻ്റെ / പളളിയറയുടെ മുന്നിൽ വന്ന് തിരുമുടിയേന്തുമ്പോഴാണ്, ആയുധം സ്വീകരിക്കുമ്പോഴാണ് ദൈവീക ചൈതന്യത്തിലേക്ക് ഉയർത്തപ്പെടുന്നത്. എന്നാൽ തിരുമുടിയേന്തി ആയുധത്തോടും കൂടി കോലം തികഞ്ഞാണ് അണിയറയിൽ നിന്നും കോട്ടത്തമ്മയുടെ പുറപ്പാട് തന്നെ. കാഴ്ചയിൽ തായ്പരദേവതയോടു സാദൃശ്യമുള്ള രൂപമാണ് കോട്ടത്തമ്മയുടേത്.

ഐതിഹ്യം
* * * * * * * *
വ്യത്യസ്തമായ ഐതീഹ്യങ്ങൾ നീലിയാർ ഭഗവതിയുടേതായി പറയപ്പെടുന്നുണ്ട്. കോലത്തുനാടിൻ്റെ ഒരു കാലത്തെ സാമൂഹികാവസ്ഥ വരച്ചുകാട്ടുന്ന ഒരു ഐതിഹ്യം ഇപ്രകാരമാണ്. കണ്ണൂര്‍ കൊട്ടിയൂരിനടുത്തുള്ള മണത്തണയില്‍ നാട്ടു രാജാവിനാല്‍ അപമൃത്യുവിനിരയായ സുന്ദരിയും തര്‍ക്കശാസ്ത്ര വിദഗ്ദയുമായ  താഴ്ന്ന ജാതിയില്‍ പെട്ട നീലി എന്ന യുവതിയാണ് മരണ ശേഷം നീലിയാര്‍ ഭഗവതിയായി മാറിയതത്രേ.
വ്യഭിചാര ദോഷം ചുമത്തി നീലി എന്നൊരു അടിയാത്തിപ്പെണ്ണിനെ അവളുടെ പിതാവിനെ കൊണ്ട് തന്നെ കൊല ചെയ്യിച്ചതും നീലി മരണാനന്തരം നീലിയാര്‍ ഭഗവതിയായി മാറിയതുമായ മറ്റൊരു നാട്ടുപുരാവൃത്തവും നിലവിലുണ്ട്.

മണത്തണയിൽ നിന്നും ഭഗവതി ഇവിടെയെത്തിയതിനെ പറ്റിയുള്ള കഥ ഇപ്രകാരമാണ്.
മണത്തണയിൽ ഭഗവതി രൗദ്ര ഭാവത്തിലായിരുന്നു കഴിഞ്ഞിരുന്നത്. ഒരിക്കൽ അവിടെയെത്തിച്ചേർന്ന കാളകാട്ട് നമ്പൂതിരി ഭഗവതിയെ അമ്മേയെന്ന് എന്ന് വിളിച്ചതിനാല്‍ അദ്ദേഹത്തിൽ സംപ്രീതയായ ഭഗവതി കാളകാട്ട് നമ്പൂതിരിയുടെ മെയ്യോലക്കുടയാധാരമായി യാത്ര തിരിക്കുകയും ചെയ്തത്രേ.
പശുവും പുലിയും ഒന്നിച്ചു സ്നേഹത്തൊടെ കഴിയുന്നിടത്ത് തന്നെ കുടിയിരുത്തണമെന്നു ഭഗവതി അരുൾ ചെയ്തെന്നും യാത്രാമദ്ധ്യേ മാങ്ങാട് ദേശത്ത് അപ്രകാരമൊരു സ്ഥലം കാണുകയും കാളകാട്ട് നമ്പൂതിരി ഭഗവതിയെ അവിടെ കുടിയിരുത്തുകയും ചെയ്തത്രേ.

ഈ പുരാവൃത്തത്തെ സാധൂകരിക്കുന്ന തെളിവുകൾ ഒന്നും തന്നെ നീലിയാർ ഭഗവതിയുടെ തോറ്റംപാട്ടിൽ ഇല്ല എന്നുള്ളതാണ് യാഥാർത്ഥ്യമത്രേ. വണ്ണാൻ സമുദായത്തിൽപ്പെട്ട മാങ്ങാടൻ എന്ന ആചാര സ്ഥാനമുള്ള കോലധാരികൾക്കാണ് കോട്ടത്തമ്മയുടെ തിരുമുടിയണിയാനുള്ള അവകാശം.
ഒരു ചെറു ചെണ്ടയുടേയും കൈമണിയുടേയും അകമ്പടിയിൽ സൂര്യാസ്തമയത്തോടെയാണ് ഭഗവതിയുടെ പുറപ്പാടുണ്ടാവുക. മാസ സംക്രമല്ലാത്ത ചൊവ്വ, ഞായർ ദിവസങ്ങളിൽ ഭഗവതിയുടെ കോലമുണ്ടാവാറില്ല. കൂടാതെ കർക്കിടക സംക്രമത്തിനു ശേഷം പതിനാറ് ദിവസം ഭഗവതിയെ നീലിയാർ കോട്ടത്ത് കെട്ടിയാടിക്കാറില്ല. ഈ പതിനാറ് ദിവസം ദേവി ആരൂഢസ്ഥാനമായ മണത്തണയിൽ ആയിരിക്കുമെന്നാണ് വിശ്വാസം. മറ്റെല്ലാ ദിവസങ്ങളിലും സന്താനഭാഗ്യത്തിനും മംഗല്യഭാഗ്യത്തിനും വിശ്വാസികളുടെ നേർച്ചയായി നീലിയാർ കോട്ടത്ത് കോട്ടത്തമ്മയുടെ തിരുമുടിയുയരുന്നു

മനുഷ്യവിശ്വാസങ്ങൾക്കുമപ്പുറത്ത് നീലിയാർ കോട്ടത്തിനുള്ള പാരിസ്ഥിതിക പ്രാധാന്യം മനസ്സിലാവുക കണ്ണൂർ ജില്ലയിൽത്തന്നെ ഏറ്റവുമധികം അന്തരീക്ഷ മലിനീകരണം നടക്കുന്ന പ്രദേശമാണ് നീലിയാർ കോട്ടം ഉർപ്പെടുന്ന മാങ്ങാടുപറമ്പ് എന്നത് തിരിച്ചറിയുമ്പോഴാണ്.
സംരക്ഷിത വനങ്ങൾ പോലും നശിപ്പിച്ചു കൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത് ഇങ്ങനെയൊരു സ്വാഭാവിക വനം സംരക്ഷിച്ചു നിർത്തുന്നവരോട് നന്ദി പറയേണ്ടതുണ്ട് നമ്മൾ. അതിനു ആധാരമായിരിക്കുന്ന ആ ചൈതന്യത്തെ സ്തുതിക്കട്ടെ.
നീലിയാർ കോട്ടങ്ങൾ നിലനിൽക്കട്ടെ.... ഭൂമിയുടെ ശ്വാസകോശങ്ങളായ്... ഗർഭപാത്രങ്ങളായ്

ഐതീഹ്യംകടപ്പാട് : മഞ്ഞൾക്കുറി,
ജിഷ്ണു  പദ്മരാജൻ

അഭിപ്രായങ്ങള്‍

ഒരു നിമിഷം

പൂരക്കളി

പാലന്തായികണ്ണൻ

ശ്രീനാരായണ ഗുരു

ക്ഷേത്രാചാരം

വിഷുകണി ഒരുക്കാൻ അറിയാത്തവർക്കായി