വിഷുക്കണി 


കേരളീയര്‍ ആഘോഷിക്കുന്ന ഭാരതീയ ഉത്സവങ്ങളില്‍ ഒന്നാണ് വിഷുവും. കുംഭമാസത്തിലെ കറുത്തവാവിനു മുമ്പായി, അതായത് പതിന്നാലാം രാവിലാണ് മഹാശിവരാത്രി ആഘോഷിക്കുന്നതെങ്കില്‍, മീനച്ചൂട് കഴിഞ്ഞ് മേടം തുടങ്ങുന്ന ദിവസമാണ് വിഷു ആഘോഷിക്കുന്നത്. വിഷുവിനോടൊപ്പം തലേന്ന് വിഷുപ്പാട്ടും വിഷുവിളക്കും അപൂര്‍വം ക്ഷേത്രങ്ങളില്‍ നടക്കാറുണ്ട്.
ശബരിമല, ഗുരുവായൂര്‍, തൃശൂര്‍, പാറമേക്കാവ് തുടങ്ങി ക്ഷേത്രങ്ങളിലും ഗൃഗങ്ങളിലും വിഷുകണി ഒരുക്കുകയും കണികാണുകയും ചെയ്തുവരുന്നു. ഈ ഉത്സവങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും പിന്നില്‍ ആത്മീയമായ രഹസ്യങ്ങള്‍ അടങ്ങിയിരിക്കുന്നു. ഉദാഹരണമായി ഭാരതീയ മഹോത്സവങ്ങളില്‍ മഹത്തായ ശിവരാത്രി ആഘോഷിക്കുന്നത് രാത്രിയില്‍ ആണെങ്കില്‍ വിഷുക്കണിയും വിഷുകൈനീട്ടവുമെല്ലാം രാവിലെയാണ്.
ഇവിടെ രാത്രിയെന്നത് അജ്ഞതയുടെ, അധര്‍മത്തിന്റെ കലിയുഗത്തിന്റെ സമയത്തെയാണ് സൂചിപ്പിക്കുന്നതെങ്കില്‍ സുഖത്തിന്റെ സമ്പത്തിന്റെ ഐശ്വര്യത്തിന്റെ വരവിനെയാണ് പുതുദിന ആരംഭത്തിലെ കണികൊണ്ട് ഉദ്ദേശിക്കുന്നത്.

യുഗാരംഭത്തെ സൂചിപ്പിക്കുന്ന നന്മയുടെ സമൃദ്ധിയുടെ ദിനമായ, വെളിച്ചത്തിന്റെ പ്രതീകമായ ദീപത്തെ സാക്ഷിയാക്കിയാണ് നമ്മള്‍ കണികാണുന്നത്. ഫലങ്ങളും ധാന്യങ്ങളും നാളികേരം, നാരങ്ങ, കൊന്നപ്പൂവ്, നാണയം, സ്വര്‍ണം, കസവുമുണ്ട്, വാല്‍ക്കണ്ണാടി, ദീപം എന്നിവയാണ് കണിയൊരുക്കാനുപയോഗിക്കുന്നത്. ഇവയെല്ലാം സമൃദ്ധിയുടെയും സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും സൂചകങ്ങളാണ്....

സ്വയം കാണാനും കണികാണാനും വേണ്ടിയുള്ള സാത്വികവസ്തുക്കളോടൊപ്പം സതോപ്രധാന സത്‌യുഗ ദേവനായ ശ്രീകൃഷ്ണനെയും അണിയിച്ച് നിര്‍ത്തിയാല്‍ അതില്‍പ്പരം ആനന്ദകരമായ ശുഭസൂചകമായ മറ്റൊരു കാഴ്ചയില്ലത്രെ.

നാണയവും സ്വര്‍ണവും നവ ധാന്യങ്ങളും ഫലങ്ങളും പുത്തന്‍മുണ്ടും എല്ലാം സമ്പത്തിന്റെയും സമൃദ്ധിയുടെയും പ്രതീകങ്ങള്‍ ആകുമ്പോള്‍ പതിനാറു കലാ സമ്പൂര്‍ണനും സമ്പൂര്‍ണ നിര്‍വികാരിയും അഹിംസാ പരമോധര്‍മിയുമായ കൃതയുഗത്തിലെ ദേവനെ-കൃഷ്ണനെ അതിരാവിലെ ദീപപ്രഭയില്‍ കണ്‍നിറയെ കണ്ട് കൈകൂപ്പി വണങ്ങി കൈനീട്ടം നല്‍കുന്നത് നല്ല നാള്‍ ആഘോഷിക്കലാണ്.
അതായത് കലിയുഗമാകുന്ന രാത്രി കഴിഞ്ഞ് സത്യയുഗമാകുന്ന പ്രഭാതം പൊട്ടിവിരിയുന്ന

 ആനന്ദകരമായ ഭാഗ്യാനുഭവം പങ്കുവെയ്ക്കലാണ്. പ്രകൃതി പോലും അതിനു കൂട്ടുനില്‍ക്കുന്നു. സൂര്യന്‍ പോലും നേരെ ഉദിക്കുന്ന സുദിനം.

അതിരാവിലെ അതായത് ഉറക്കം ഉണരുമ്പോള്‍ നമ്മുടെ മനസ്സില്‍ വരുന്ന സങ്കല്‍പ്പത്തെ ആശ്രയിച്ചായിരിക്കും ആ ദിവസം മുഴുവന്‍ നടക്കുന്ന ഫലങ്ങള്‍. ശാസ്ത്രീയമായി ചിന്തിച്ചാല്‍ ദിവസാരംഭത്തില്‍
 മനസ്സിലുദിക്കുന്ന ആദ്യ ചിന്തയെ ആശ്രയിച്ചാണ് അടുത്ത ചിന്ത വരുന്നത്. ആദ്യ ചിന്ത സാകരാത്മാവും സന്തോഷം തരുന്നതും ശക്തിഭാവകവുമായിരുന്നാല്‍ ആ ദിവസം മുഴുവന്‍ ഉണ്ടാകുന്ന അനുഭവങ്ങളെ അതിജീവിക്കാന്‍ ആദ്യ അനുഭവം നമ്മെ അധികം സ്വാധീനിക്കുന്നു.

ഇതാണ് വിഷുക്കണിയുടെ പൊരുള്‍. മംഗളകരമായ മനുഷ്യജീവിതം സഫലമാക്കിതീര്‍ക്കുവാന്‍

മഹത്തുകള്‍ അനവധി ആചാരങ്ങളും അനുഷ്ഠാനങ്ങളും രചിച്ചിരിക്കുന്നു. ഇതു മനസ്സിലാക്കി ജീവിതത്തില്‍ നന്മ വരുത്തുവാന്‍ മനനശീലരായ മാനവ ലക്ഷങ്ങള്‍ക്ക് കഴിയണം. അതായിരിക്കട്ടെ കാര്യമായ കണികാണല്‍.... അറിവിനൊപ്പം അനുഷ്ഠാനവും ആവശ്യമാണ്. അതിനാല്‍ അര്‍ത്ഥപൂര്‍ണമായ വിഷുദിന ആശംസകള്‍ നമുക്ക് നേരാം. സ്വയവും മറ്റുള്ളവര്‍ക്കും.


അഭിപ്രായങ്ങള്‍

ഒരു നിമിഷം

101 ശരണ നാമങ്ങൾ

പൊതു വിജ്ഞാനം

അയ്യപ്പന്‍ വിളക്ക്

പരശുരാമൻ പ്രതിഷ്ഠ നടത്തിയ ശാസ്താ ക്ഷേത്രങ്ങൾ

ശ്രീധർമ്മശാസ്താവും അയ്യപ്പസ്വാമിയും