പഞ്ചതന്ത്രം

ലോകസാഹിത്യത്തിന് ഭാരതം നല്കിയ ഏറ്റവും അമൂല്യമായ സംഭാവനകളിലൊന്നാണ് പഞ്ചതന്ത്രം.



 ബി.സി.ഇ. മൂന്നാം ശതകത്തിനോടടുപ്പിച്ച് വിഷ്ണുശര്‍മ്മ എന്ന പണ്ഡിതന്‍ രചിച്ചതാണ് ഈ കൃതി എന്നു കരുതപ്പെടുന്നു. ലോകത്തിലെ ഒട്ടുമിക്കഭാഷകളിലും എത്രയോ ശതകങ്ങള്‍ക്കുമുമ്പുതന്നെ പഞ്ചതന്ത്രത്തിന് പരിഭാഷകള്‍ വന്നുകഴിഞ്ഞുവെന്നതുതന്നെ ഇതിന്റെ മഹത്വത്തെ വിളിച്ചോതുന്നു. ഇതിലെ കഥാപാത്രങ്ങള്‍ പക്ഷിമൃഗാദികളാണെന്നുള്ളതാന് ഇതിന്റെ മറ്റൊരു പ്രത്യേകത.
പാടലീപുത്രത്തിലെ രാജാവായിരുന്ന അമരശക്തിയുടെ എന്ന രാജാവിന് മൂന്നു പുത്രന്മാർ ജനിച്ചു. വസുശക്തി, ഉഗ്രശക്തി, അനേകശക്തി എന്നിങ്ങനെയായിരുന്നു അവരുടെ പേരുകൾ. ബുദ്ധിഹീനരായിരുന്ന അവർ കുബുദ്ധികളായി മാറുകയായിരുന്നു. മന്ദബുദ്ധികളായ മൂന്നു പുത്രന്മാരെ രാജ്യഭരണത്തിനു പ്രാപ്തരാക്കുന്നതിനുവേണ്ടിയാണ് വിഷ്ണുശര്‍മ്മ ഈ രാജനീതിഗ്രന്ഥം രചിച്ചതെന്നു പറയപ്പെടുന്നു. ആരൊക്കെ ശ്രമിച്ചിട്ടും വിദ്യാദേവതയുടെ ശ്രീകോവിലില്‍ പ്രവേശനം ലഭിക്കാതിരുന്ന ആ രാജകുമാരന്മാരെ വെറും ആറുമാസങ്ങള്‍ കൊണ്ട് സര്‍വശാസ്ത്രസാരജ്ഞന്മാരും രാജനീതിജ്ഞന്മാരുമാക്കിത്തീര്‍ത്ത വിഷ്ണൂശര്‍മ്മയെ മഹാരാജാവ് യഥോചിതം പാരിതോഷികങ്ങള്‍ നല്കി ആദരിച്ചുവെന്നാണ് ഐതിഹ്യം.
രാജ്യഭരണമോ തത്തുല്യമായ ഉത്തരവാദിത്വമോ വഹിക്കുന്നവര്‍ അവശ്യം അറിഞ്ഞിരിക്കേണ്ട അഞ്ചു തന്ത്രങ്ങളാണ് ഇതില്‍ സരസവും, സാരഗര്‍ഭിതങ്ങളുമായ കഥകളിലൂടെ പ്രതിപാദിച്ചിരിക്കുന്നത്. പഞ്ചതന്ത്രത്തില്‍ അഞ്ച് തന്ത്രങ്ങള്‍ ഉള്‍പ്പെടുന്നു. മിത്രഭേദം, മിത്രസംപ്രാപ്തി, കാകോലൂകീയം, ലബ്ധപ്രണാശം, അപരീക്ഷിതകാരിതം എന്നിവയാണ് ഈ അഞ്ച് തന്ത്രങ്ങള്‍.
മിത്രഭേദം: ശത്രുവിനെ ഭിന്നിപ്പിച്ചു ദുര്‍ബ്ബലനാക്കുക എന്ന തത്ത്വം ആണ് ഈ തന്ത്രത്തിലൂടെ വ്യാഖ്യാനിയ്ക്കുന്നത്. ഇതിലെ പ്രധാന കഥാപാത്രങ്ങള്‍ കരടകന്‍ എന്നും ദമനകന്‍ എന്നും പേരായ രണ്ട് കുറുക്കന്മാരാണ്. വളരെ സ്നേഹത്തില്‍ കഴിഞ്ഞിരുന്ന ഒരു സിംഹത്തേയും കാളയേയും ഏഷണികള്‍ പറഞ്ഞ് ഭിന്നിപ്പിച്ച് കാര്യസാധ്യം നടത്തുന്നതാണ് ഇതിന്റെ ഉള്ളടക്കം.
മിത്രസംപ്രാപ്തി: ഈ തന്ത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍ ആമ, മാന്‍, കാക്ക, എലി ഇവയാണ്. ശരിയായി വിവേചിച്ചറിഞ്ഞതിനുശേഷം മാത്രമേ അന്യരെ മിത്രങ്ങളാക്കാവൂ എന്ന തത്വമാണ് ഇവരുടെ കഥയിലൂടെ വിശദമാക്കുന്നത്. യഥാര്‍ഥമിത്രമുള്ളവന് ആപത്ഘട്ടങ്ങളെ തരണം ചെയ്യാന്‍ സാധിക്കുമെന്നും ഇതിലെ കഥകള്‍ വ്യക്തമാക്കുന്നു.
കാകോലൂകീയം (സന്ധി-വിഗ്രഹം): കാക്കകളും മൂങ്ങകളും തമ്മിലുള്ള ശത്രുതയെ ആസ്പദമാക്കി ശത്രു-മിത്ര-ഉദാസീനന്മാരോട് ഏതു സാഹചര്യത്തില്‍ എപ്രകാരം സന്ധി, വിഗ്രഹം എന്നിവ ആചരിക്കണമെന്ന് ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു.
ലബ്ധപ്രണാശം: കൈക്കല്‍ വന്നുകഴിഞ്ഞ വസ്തുക്കള്‍ എപ്രകാരം നഷ്ടപ്പെടുന്നുവെന്ന് മുതലയുടെയും കുരങ്ങന്റെയും കഥയിലൂടെ ഈ തന്ത്രത്തില്‍ വിശദീകരിച്ചിരിക്കുന്നു.
• അപരീക്ഷിതകാരിതം: ഒരു സാഹചര്യത്തിന്റെ എല്ലാ വശങ്ങളും ചിന്തിക്കാതെ എടുത്തുചാടി പ്രവര്‍ത്തിക്കുന്നതിന്റെ ഫലമായി വന്നുചേരാവുന്ന വിപത്തുക്കളാണ് ഈ തന്ത്രത്തിലെ പ്രതിപാദ്യവിഷയം.
ബൈബിൾ കഴിഞ്ഞാൽ ഏറ്റവും പ്രചാരം സിദ്ധിച്ചതും 200ലധികം ഭാഷകളിലേയ്ക്ക് തർജ്ജമ ചെയ്യപ്പെട്ടതുമായ കൃതിയാണിത്എ.ഡി.മൂന്നാം ശതകത്തിൽ ആണ് ഇതിന്റെ രചന നടന്നിരിയ്ക്കുന്നത് എന്ന് വിശ്വസിയ്ക്കുന്നുഎ.ഡി 570കളിലാണ് ഈ കൃതി അന്യഭാഷകളിലേയ്ക്ക് ആദ്യമായി തർജ്ജമ ചെയ്യപ്പെട്ടത്. എ.ഡി 531നും 575നും ഇടയ്ക്ക് സംസ്കൃതത്തിൽ നിന്നും പഹ്ലവി ഭാഷയിലേയ്ക്ക് തർജ്ജമ ചെയ്യപ്പെട്ടു. തുടര്‍ന്ന്‍ എ.ഡി 570ൽ സിറിയൻ ഭാഷയിലേയ്ക്ക് ബഡ് എന്ന പണ്ഡിതൻ തർജ്ജമ ചെയ്തു,എ.ഡി 750ൽ അറബി ഭാഷയിലേയ്ക്ക് തർജ്ജമ ചെയ്യപ്പെട്ടു. പിൽക്കാലത്ത്ഗ്രീക് (എ.ഡി1080),എബ്രായ (എ.ഡി1100), ലാറ്റിൻ (എ.ഡി1280),ജർമ്മൻ (എ.ഡി1460),ഇറ്റാലിയൻ (എ.ഡി1552),ഫ്രെഞ്ച് (എ.ഡി1678) എന്നീ ഭാഷകളിലും ഇതിന്നു തർജമകൾ ഉണ്ടായി. സംസ്കൃതത്തില്‍ വിരചിക്കപ്പെട്ട ഈ അമൂല്യഗ്രന്ഥത്തെ പദ്യരൂപത്തില്‍ അവതരിപ്പിച്ച് മലയാളത്തിൽ കുഞ്ചൻ (1705-1770) നമ്പ്യാരുടെ പ്രസിദ്ധമായ പുനരാഖ്യാനത്തിനു ശേഷം സുമംഗല അടക്കം നിരവധി പേർ പഞ്ചതന്ത്രകഥകൾ പുനരാഖ്യാനം ചെയ്തിട്ടുണ്ട്
മനുഷ്യരുടെ വിഭിന്നസ്വഭാവങ്ങള്‍, ജീവിതവിജയത്തിനാവശ്യമായ നയങ്ങള്‍, രാജ്യം ഭരിക്കേണ്ടവര്‍ അനുസരിക്കേണ്ട തന്ത്രങ്ങള്‍ എന്നിങ്ങനെ അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ അനായാസമായും സരസമായും ഈ കഥകളില്‍ പ്രതിപാദിച്ചിരിക്കുന്നു. രാജ്യം ഭരിക്കുന്നവര്‍ പ്രത്യേകം ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അനുപേക്ഷണീയമാണ്.
അധീതേ യ ഇദം നിത്യം നീതിശാസ്ത്രം ശൃണോതി ച, ന പരാഭവമാപ്നോതി ശക്രാദപി കദാചന
“ഈ നീതിശാസ്ത്രം പാരായണം ചെയ്യുകയും കേള്‍ക്കുകയും ചെയ്യുന്നവന് ഒരിക്കലും,  പരാജയം ഏല്‍ക്കുകയില്ല” എന്ന് ഗ്രന്ഥത്തിന്റെ മൂലകര്‍ത്താവു തന്നെ ഇതിന്റെ പ്രയോജനത്തെപ്പറ്റി പറഞ്ഞിരിക്കുന്നു.

അഭിപ്രായങ്ങള്‍

ഒരു നിമിഷം

കേരളത്തിലെ ഏറ്റവും പ്രശസ്തമായ 50 ക്ഷേത്രങ്ങൾ

കര്‍ക്കിടകവാവ് 2019 അറിയേണ്ടതെല്ലാം .....

ശ്രീകൃഷ്ണകഥകൾ

ശ്രീകൃഷ്ണ കഥകൾ

ഹൈന്ദവ പുരാണങ്ങൾ