ശിവരാത്രി വ്രതം

ശിവരാത്രി വ്രതം 


ശിവരാത്രി വ്രതം എടുക്കുന്നവർ  ശിവരാത്രിയുടെ തലേദിവസം
വീട് കഴുകി ശുദ്ധിവരുത്തണം.  തലേന്നു രാത്രി അരിയാ ഹാരം പാടില്ല. (ഇത്തവണ ശിവരാത്രി തലേന്നു  സോമവാര പ്രദോഷ വ്രതമാകയാല്‍ ഞായറും  വ്രതം അനുഷ്ടിക്കുന്നത് വളരെ വിശേഷമാണ്.) എന്തെങ്കിലും പാലോ പഴങ്ങളോ മറ്റു ലഘുവായ ആഹാരങ്ങളോ ആകാം . ശിവരാത്രി വ്രതം രണ്ടുരീതിയില്‍ നോല്കാവുന്നതാണ്. ഉപവാസം',  'ഒരിക്കല്‍' എന്നിങ്ങനെ രണ്ടുരീതിയില്‍ വ്രതം അനുഷ്ടിക്കാം.ആരോഗ്യ സ്ഥിതി  അനുകൂലമായിട്ടുള്ളവര്‍ 'ഉപവാസം' നോല്‍ക്കുകയും  അല്ലാത്തവര്‍ 'ഒരിക്കല്‍' വ്രതം നോല്‍ക്കുകയും  ചെയ്യാവുന്ന താണ്. 'ഒരിക്കല്‍' നോല്‍ക്കുന്നവര്‍ക്ക്   ഒരു നേരം അരി ആഹാരം ആകാം. അത്  ശിവക്ഷേത്രത്തില്‍ നിന്നും ലഭിക്കുന്ന വെള്ളനിവേദ്യം  ആകുന്നത് ഉത്തമം. വയര്‍ നിറയെ കഴിക്കാന്‍ പാടില്ല. ശിവരാത്രി വ്രതത്തില്‍ രാത്രി ജാഗരണത്തിനു വളരെ പ്രാധാന്യമുണ്ട്.  രാത്രിയോ പകലോ  ഉറക്കം പാടില്ല. പഞ്ചാക്ഷരീ മന്ത്ര ജപത്തോടുകൂടി ശിവക്ഷേത്രത്തില്‍ തന്നെ സമയം ചിലവഴിക്കുന്നത് അഭികാമ്യം. ക്ഷേത്ര ദര്‍ശനത്തിനു സാധിക്കാത്തവര്‍ വീട്ടില്‍ ഇരുന്ന് ശിവപുരാണം, ശിവ സഹസ്ര നാമം, അഷ്ടോത്തരശത നാമ സ്തോത്രം,ശിവ പഞ്ചാക്ഷരീ സ്തോത്രം,  വില്വാഷ്ടകം, ലിംഗാഷ്ടകം മുതലായ ശിവ സ്തോത്രങ്ങള്‍ പാരായണം ചെയ്യുക.  വൈകിട്ട് ക്ഷേത്രത്തില്‍ ശിവന്  അഭിഷേകം ചെയ്ത പാലോ നിവേദിച്ച കരിയ്ക്കോ വാങ്ങി കുടിക്കാവുന്നതാണ്. (പൂര്‍ണ്ണ ഉപവാസം നോല്‍ക്കുന്നവര്‍ അത് വരേയ്ക്കും ജലപാനം പാടുള്ളതല്ല.) ശിവക്ഷേത്രത്തില്‍ ഇരുന്നും, സോമരേഖ (ശിവന്‍റെ അഭിഷേകജലം ഒഴുകുന്ന വടക്കേ ഓവ്) മുറിയാതെയും (അഥവാ പൂര്‍ണ്ണപ്രദക്ഷിണം വയ്ക്കാതെ) അര്‍ദ്ധപ്രദക്ഷിണം വെച്ചും 'നമ:ശിവായ' എന്ന പഞ്ചാക്ഷരീമന്ത്രമോ 'ഓം'കാര സഹിതമായി 'ഓം നമ:ശിവായ' മന്ത്രമോ അറിയാവുന്ന മറ്റ് മന്ത്രങ്ങളോ പുസ്തകം നോക്കി വായിക്കാവുന്ന അഷ്ടോത്തരമോ മറ്റ് ഇഷ്ടസ്തോത്രങ്ങളോ യഥാശക്തി ജപിക്കാവുന്നതാണ് ( ജപിക്കേണ്ട എല്ലാ സ്തോത്രങ്ങളും വരും ദിവസങ്ങളിൽ ഗ്രൂപ്പിൽ പ്രസിദ്ധീകരിക്കും ). ക്ഷേത്രത്തില്‍ പോകാന്‍ സാധിക്കാത്തവര്‍ സ്വന്തം വീട്ടിലോ, വിദേശത്ത് ജോലിയുമായി കഴിയുന്നവര്‍ ശരീരവും മനസ്സും ശുദ്ധമാക്കി പഞ്ചാക്ഷരീമന്ത്രം ജപിച്ച് വ്രതം പിടിക്കാവുന്നതാണ്. അര്‍പ്പണമനോഭാവം എന്നത്, എല്ലാത്തിലും വലുതാകുന്നു. വൈകിട്ട് ക്ഷേത്രത്തില്‍ സമര്‍പ്പിച്ച് ദേവന് അഭിഷേകം ചെയ്ത പാലോ കരിയ്ക്കോ വാങ്ങി കുടിക്കാവുന്നതാണ്. ശിവരാത്രിവ്രതം അനുഷ്ഠാനമായി ആചരിക്കുന്ന പ്രമുഖ ശിവക്ഷേത്രങ്ങളിൽ ശിവരാത്രിവ്രതവും പൂജകളും നടത്തിവരുന്നുണ്ട്, രാത്രി പ്രത്യേക അന്നദാനം നടത്താറുണ്ട്. ശിവരാത്രിയുടെ തൊട്ടടുത്തദിവസം രാവിലെ ക്ഷേത്രത്തില്‍ നിന്നും തീര്‍ത്ഥം പാനം ചെയ്ത് ശിവരാത്രി വ്രതം അവസാനിപ്പിക്കാം.

ഈ വര്‍ഷത്തെ മഹാശിവരാത്രിയും പ്രദോഷവും ഒന്നിച്ച് വന്നിരിക്കുന്നതിനാല്‍ ഫലം ഇരട്ടിയായിരിക്കും.
പ്രമുഖ ശിവക്ഷേത്രങ്ങളിൽ ശിവരാത്രിദിവസം വിശേഷ പൂജകളും നടത്തിവരുന്നുണ്ട്, രാത്രി ഋഷഭ വാഹനത്തില്‍ പുറത്തെഴുന്നെള്ളത്ത്, സമൂഹ നാമജപം, യാമ പൂജ, പ്രത്യേക അഭിഷേകങ്ങള്‍ മുതലായവ. ഇവയില്‍ എല്ലാം പങ്കെടുത്ത്, രാത്രി ഉറക്കം ഒഴിഞ്ഞ്, തൊട്ടടുത്തദിവസം രാവിലെ ക്ഷേത്രത്തില്‍ നിന്നും തീര്‍ത്ഥം പാനം ചെയ്ത് ശിവരാത്രി വ്രതം അവസാനിപ്പിക്കാം. പൊതുവേ സര്‍വ്വാഭീഷ്ടസിദ്ധിക്കായി നോല്‍ക്കുന്നമഹാശിവരാത്രി വ്രതം ദീര്‍ഘായുസ്സിന് അത്യുത്തമവും സകല പാപ മോചകവും ആകുന്നു...


ശിവരാത്രിനാളില്‍ പ്രഭാതസ്നാനം കഴിച്ചശേഷം പൂജസാമഗ്രികളൊരുക്കല്‍ ഭസ്മധാരണം നടത്തുക.  മാഹാത്മ്യപാരായണം, ഉപവാസം, ക്ഷേത്രത്തിലോ ഗ്രഹത്തിലോ വച്ച് രാത്രിയിലെ നാലുയാമങ്ങളിലും വിധിപ്രകാരമുള്ള പൂജ,ജാഗരണം, ബില്വപത്രാചരണം, നാമ സങ്കീര്‍ത്തനം, അപരാധക്ഷമാപണത്തോടും ആത്മസമര്‍പ്പണത്തോടും കൂടിയ ഉദ്യാപനം, എന്നിവയാണ് വ്രതചടങ്ങുകള്‍.

തുടര്‍ന്ന് ശിവക്ഷേത്രദര്‍ശനം നടത്തുക. പകല്‍ മുഴുവന്‍ ഉപവസിച്ച് ശിവപുരാണം വായിക്കുകയും ശിവമാഹാത്മ്യകഥകള്‍ പറയുകയും കേള്‍ക്കുകയും പഞ്ചാക്ഷരീമന്ത്രം ഓം നമശിവായ ജപിക്കുകയും വേണം. പകലോ രാത്രിയിലോ ഉറങ്ങരുത്. ശിവന് കൂവളത്തിലമാല, കൂവളത്തിലകള്‍കൊണ്ട് അര്‍ച്ചന, ശുദ്ധജലംകൊണ്ടും പാല്‍കൊണ്ടും അഭിഷേകവും ധാരയും തുടങ്ങിയ വഴിപാടുകള്‍ നടത്തുക. ശിവരാത്രിപ്പിറ്റെന്നു കുളിച്ച് തീര്‍ഥക്കരയില്‍ പിതൃബലി ഇട്ടശേഷം പാരണ കഴിച്ച് വ്രതമവസാനിപ്പിക്കാം...

ശിവ ക്ഷേത്രത്തിൽ വൃതം ആചരിക്കുന്നവർ  ശിവരാത്രി ദിവസം ശിവക്ഷേത്രങ്ങളില്‍ നടത്തുന്ന യാമപൂജ വളരെ വിശേഷപ്പെട്ടതാണ് അതിൽ പങ്കെടുക്കണം. രാത്രി എട്ടര , പതിനൊന്ന്,ഒന്നര, നാല്, ആറര എന്നീ സമയങ്ങളിലാണ് യാമപൂജ നടത്താറുള്ളത്... ഒരു ശിവരാത്രിയില്‍ അഞ്ചു യാമപൂജകളില്‍ പങ്കെടുത്താല്‍ അത് ആയിരം സോമവാര വൃതം എടുക്കുന്നതിനു തുല്യമാണ്... രാത്രി , വിശേഷാല്‍ അഭിഷേകം അര്‍ച്ചന. പൂജ എന്നിവയെല്ലാം നടത്തുന്നത് ഇടയ്ക്കവാദ്യത്തോടുകൂടിയാണ്. എല്ലാ ദുഖങ്ങളും തീര്‍ത്തു ഗൃഹത്തില്‍ ശാന്തിയുണ്ടാവാന്‍ അന്നേദിവസം നാമജപത്തോടെ രാത്രി ഉറങ്ങാതെ ക്ഷേത്രാങ്കണത്തില്‍ കഴിഞ്ഞാല്‍ ഫലം സുനിശ്ചയം...

ശ്രീ പരമേശ്വരന് ശിവരാത്രിദിനം ചെയ്യേണ്ട പ്രധാന വഴിപാടുകളില്‍ ചിലതാണ് മഹാരുദ്രാഭിഷേകം, ലക്ഷാര്‍ച്ചന, യാമപൂജ, ദമ്പതിപൂജ തുടങ്ങിയവ... ആദ്ധ്യാത്മികഭൌതിക രോഗ ദുരിതങ്ങളുടെ മോചനത്തിനും ജാതകവശാലുണ്ടാകുന്ന കാലദോഷത്തിനും മറ്റും പരിഹാരമായാണ് മഹാരുദ്രാഭിഷേകം നടത്താറുള്ളത്..... പുഷ്പംകൊണ്ട് ദേവനെ പൂജിച്ച് മന്ത്രാദികളാല്‍ ലക്ഷാര്‍ച്ചന നടത്തിയാല്‍ അഭീഷ്ടസിദ്ധിയുണ്ടാകും... കുടുംബത്തിനും പുത്രകളത്രാധികള്‍ക്കും ക്ഷേമത്തിനും സമൃദ്ധിക്കും ജന്മദുരിതം അകറ്റി മനശാന്തി നേടി ഐക്യത്തോടെ ജീവിതം സമ്പൂര്‍ണ്ണമാക്കുവാന്‍ ഭക്ത്യാദരപൂര്‍വ്വം ചെയ്യുന്ന ഒരു കര്‍മ്മമാണ്‌ ദമ്പതിപൂജ.. വിവാഹസങ്കല്‍പ്പത്തില്‍ "ഏക വിംശതികുലോദാരണായ " എന്നാ മന്ത്രത്തില്‍ ഇവര്‍ ഇരുപത്തൊന്നു ജന്മത്തില്‍ ഭാര്യാഭര്‍ത്താക്കന്മാരാകട്ടെ എന്നാണു സങ്കല്പം... ദമ്പതിപൂജയ്ക്ക് ഏറ്റവും ശ്രേഷ്ടമായ സ്ഥലം ശ്രീപരമേശ്വരന്‍ പാര്‍വ്വതി സമേധം കുടികൊള്ളുന്ന ക്ഷേത്രമാണ്.... ദമ്പതികള്‍ പുതുവസ്ത്രം ധരിക്കുന്നത് ഉത്തമമാണ് ...

ശിവരാത്രി വ്രതം സര്‍വ്വപാപഹരമാണ്. അത് ഭാര്യയും ഭര്‍ത്താവും ഒരുമിച്ച് അനുഷ്ഠിക്കുന്നതാണ് ഉത്തമം...

അഭിപ്രായങ്ങള്‍

ഒരു നിമിഷം

അയ്യപ്പന്‍ വിളക്ക്

പൊതു വിജ്ഞാനം

101 ശരണ നാമങ്ങൾ

നാള്‍മരം മുറിക്കല്‍

ച്യവന മഹർഷി