കാടാമ്പുഴ ഭഗവതി ക്ഷേത്രം
കാടാമ്പുഴ ഭഗവതിക്ഷേത്രം
കേരളത്തിലെ മലപ്പുറം ജില്ലയിൽ മാറാക്കര പഞ്ചായത്തിൽ, കോട്ടക്കലിനടുത്ത് കാടാമ്പുഴയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധ ക്ഷേത്രമാണ് കാടാമ്പുഴ ഭഗവതിക്ഷേത്രം. പ്രധാന മൂർത്തി ഭഗവതിയാണ്. പാർവ്വതിയുടെ കിരാതരൂപത്തിലുള്ള സങ്കല്പം. ഇവിടത്തെ “മുട്ടറുക്കൽ“ വഴിപാട് പ്രസിദ്ധമാണ് . ഈ ക്ഷേത്രത്തിൽ വിഗ്രഹങ്ങളില്ല. ഉത്സവമോ മറ്റാഘോഷങ്ങളോ ക്ഷേത്രത്തിൽ നടത്തപ്പെടുന്നില്ല. കാടാമ്പുഴ ക്ഷേത്രത്തിന്റെ ഉത്ഭവകാലം വ്യക്തമായി അറിയാൻ രേഖകളില്ല. ഭഗവതി പ്രതിഷ്ഠയായതിനാൽ ഇത് പുരാതനകാലത്തെ ദ്രാവിഡക്ഷേത്രമായിരുന്നെന്നും മുട്ടറുക്കൽ തുടങ്ങിയ ആചാരങ്ങൾ ഉള്ളതിനാൽ ഇത് പിന്നീട് ജൈന-ബുദ്ധ ക്ഷേത്രമായിG മാറിയതായും അതിനുശേഷം ശങ്കരാചാര്യരുടെ കാലത്ത് ഹൈന്ദവ ക്ഷേത്രമായി പരിവർത്തനം ചെയ്തതായും കണക്കാക്കാം.*ഐതിഹ്യം*
പാശുപതാസ്ത്രം സമ്പാദിക്കാൻ അർജ്ജുനൻ പരമശിവനെ ധ്യാനിച്ചു. എന്നാൽ അർജ്ജുനന്റെ അഹങ്കാരം അടങ്ങിയ ശേഷമേ ദിവ്യായുധം നല്കിയിട്ട് ഫലമുള്ളു എന്ന് ശിവൻ തീരുമാനിക്കുകയും അതിനുവേണ്ടി ശിവനും പാർവ്വതിയും കാട്ടാളവേഷത്തിൽ അർജ്ജുനൻ തപസ്സു ചെയ്യുന്ന സ്ഥലത്ത് എത്തുകയും ചെയ്തു. ദുര്യോധനൻ മുകാസുരനെ, അർജ്ജുനൻറെ തപസ്സ് മുടക്കുവാൻ വേണ്ടി , പന്നിയുടെ വേഷത്തിൽ പറഞ്ഞയച്ചു. ഇതു കണ്ടുനിന്ന ശിവൻ പന്നിയെ അമ്പെയ്തു. ഉപദ്രവിക്കാൻ വന്ന പന്നിയെ അർജ്ജുനനും അമ്പെയ്തു വീഴ്ത്തി. പന്നിയെ കൊന്ന അവകാശവാദവുമായി ശിവനും അർജ്ജുനനും തമ്മിൽ യുദ്ധമായി. അമ്പുകളേറ്റ് ശിവന്റെ ശരീരം കീറിമുറിഞ്ഞപ്പോൾ പാർവ്വതി അർജ്ജുനനെ ശപിച്ചു - എയ്യുന്ന ശരങ്ങൾ പുഷ്പങ്ങളായി വർഷിക്കട്ടേയെന്ന്. കാട്ടാളവേഷത്തിൽ വന്നിരിക്കുന്നതു ശിവനും പാർവ്വതിയുമാണെന്ന് മനസ്സിലാക്കിയ അർജ്ജുനൻ സാഷ്ഠാംഗം പ്രണമിച്ച് മാപ്പപേക്ഷിച്ചു. ശിവനും പാർവ്വതിയും സന്തുഷ്ടരായി പാശുപതാസ്ത്രം സമ്മാനിച്ചു. ആ കാട്ടാളസ്ത്രീയുടെ ഭാവമാണ് കാടാമ്പുഴ ഭഗവതിക്ക്. അർജ്ജുനബാണങ്ങൾ പൂക്കളായി വർഷിച്ചതിന്റെ സ്മരണയ്ക്കായി പ്രതിഷ്ഠയ്ക്കു ശേഷം ശങ്കരാചാര്യസ്വാമികൾ പൂമൂടൽ ചടങ്ങ് ആരംഭിച്ചത് എന്നാണ് ഐതിഹ്യം.
കിരാതപാർവ്വതിദേവിയുടെ ഉഗ്രഭാവം കുറയ്ക്കുവാൻ വേണ്ടി പ്രതിഷ്ഠാവേളയിൽ സുദർശനമന്ത്രവും നരസിംഹമന്ത്രവും ജപിച്ചു പ്രീതിപ്പെടുത്തുകയും ദേവിയുടെ അമിതതേജസ്സിനെ നിയന്ത്രിച്ച് ശ്രീകോവിലിൻറെ മദ്ധ്യത്തിൽ കാണുന്ന ദ്വാരത്തിലേക്ക് സന്നിവേശിപ്പിച്ച് ശാന്തസ്വരൂപിണി ആക്കിതീർക്കുകയും ചെയ്തു എന്നാൺ വിശ്വാസം. ദേവി ഒരിക്കലും ഉഗ്രസ്വരൂപിണി ആകാതിരിക്കാൻ സുദർശനത്തേയും നരസിംഹത്തേയും ദേവിക്ക് അഭിമുഖമായി പ്രതിഷ്ഠിച്ചു എന്നാൺ ഐതിഹ്യം. ക്ഷേത്രത്തിൽ ദേവീപ്രതിഷ്ഠ നടത്തിയത് ശങ്കരാചാര്യരാണെന്ന് വിശ്വസിക്കപ്പെടുന്നു.
*പ്രതിഷ്ഠ*
പ്രധാന പ്രതിഷ്ഠ ഭഗവതി. വിഗ്രഹമല്ല. ഒരു ദ്വാരത്തിൽ സ്വയംഭൂ ചൈതന്യം. പടിഞ്ഞാറാണ് ദർശനം.
*ഉപദേവത* : ഒരേ വിഗ്രഹത്തിൽ തെക്കോട്ട് ദർശനമായി നരസിംഹമൂർത്തിയും വടക്കോട്ട് ദർശനമായി സുദർശനചക്രവും ശ്രീകോവിന്റെ മുന്നിൽ ഉയർന്നുകാണുന്ന തറയിൽ പ്രതിഷ്ഠിച്ചിരിക്കുന്നു.
ശ്രീകോവിലിൻറെ വടക്കുഭാഗത്ത് നാഗകന്യകയുടെയും തെക്കുഭാഗത്ത് പൂർണ്ണ പുഷ്കലാസമേതനായ ശാസ്താവിൻറെയും പ്രതിഷ്ഠയുണ്ട്.
മൂന്ന് പൂജയുണ്ട്. ഉച്ചപൂജയ്ക്കു മുമ്പ് പൂമൂടൽ. മൂന്നാമത്തെ പൂജ അസ്തമയത്തിനു മുമ്പ് കഴിയണം എന്നാൺ ചിട്ട. തന്ത്രം അണ്ടലാടി.
*വഴിപാടുകൾ*
*മുട്ടറുക്കൽ*
പ്രധാന വഴിപാട് “മുട്ടറുക്കൽ‘ ആണ്. ഒരു ദിവസം ഏറ്റവും കുറവ് 6000 നാളികേരങ്ങൾ മുട്ടറുക്കലിനു ഉണ്ടാകും. 16,000 നാളികേരം മുട്ടറുക്കാൻ ഉണ്ടായ ദിവസങ്ങളുണ്ട്. പുറത്തുനിന്നും നാളികേരം വാങ്ങി ക്ഷേത്രക്കുളത്തിൽ മുക്കിയാണ് ഭക്തൻ ക്ഷേത്രത്തിനുള്ളിൽ കടക്കേണ്ടത്. നാളും, പേരും, മുട്ടറുക്കൽ എന്തിനോ അതും പറഞ്ഞ് ശാന്തിക്കാരൻ ശ്രീകോവിലിൽ നാളികേരം ഉടയ്ക്കുന്നു. ഉടയ്ക്കുന്നതനുസരിച്ച് ശരിയായോ, ദോഷം തീർന്നോ എന്നു മനസ്സിലാക്കുന്നു. നാളികേരത്തിൻറെ രണ്ട് മുറികളും വഴിപാടുകാരനു തന്നെ നൽകുന്നു. ഭൂമിമുട്ട്, ഗൃഹമുട്ട്, വിദ്യാമുട്ട്, മംഗലമുട്ട്, സന്താനമുട്ട്, വാഹനമുട്ട് എന്ന് പല മുട്ടറുക്കൽ വഴിപാട് നടത്തുന്നുണ്ട്.
*പൂമൂടൽ*
മുട്ടറുക്കലാണ് ക്ഷേത്രത്തിലെ പ്രധാനവഴിപാടെങ്കിലും പരിപാവനവും പ്രധാനപ്പെട്ടതുമായ മറ്റൊരു വഴിപാടാണ് പൂമൂടൽ. ഒരു ദിവസം ഒരാൾക്കു മാത്രമേ ഈ വഴിപാട് നടത്തുകയുള്ളു. ദേവിക്ക് ആദ്യ പൂമൂടൽ നിർവഹിച്ചത് ശങ്കരാചാര്യസ്വാമികൾ എന്നാണ് ഐതിഹ്യം. കാട്ടുച്ചെത്തി പൂക്കൾ കൊണ്ടാൺ ആദ്യ പൂമൂടൽ. അതുകൊണ്ട് ക്ഷേത്രത്തിൽ ചെത്തിപ്പൂവിന് പ്രാധാന്യമേറെയുണ്ട്. ഉച്ചപൂജ സമയത്താണ് പൂമൂടൽ നടത്തുന്നത്. മുന്നിൽ വച്ചിരിക്കുന്ന വെള്ളിതളികയിലേക്ക് നാളും പേരും പറഞ്ഞ് തെച്ചിപ്പൂവ് വർഷിക്കുന്നു. തുടർന്ന് ഇരുപതു മിനിറ്റോളം പൂമൂടൽ ചടങ്ങുകൾ നടത്തുന്നു. ദേവീസ്തുതികളാൽ പൂക്കൾ വർഷിച്ചു കൊണ്ടിരിക്കും. ശ്രീകോവിലിലെ ദേവീ തിടമ്പ് ഏടുത്തു മാറ്റിയ ശേഷമാണ് ഈ ചടങ്ങ് നടത്തുന്നത്. ഈ സമയമത്രയും ശ്രീകോവിൽ അടയ്ക്കാതെ മുൻപിൽ പട്ടു വിരിച്ചിരിക്കും. അതിനാൽ ഈ സമയം ദർശനം അസാധ്യമാണ്.
ദേഹപുഷ്പാഞ്ജലി
രക്തപുഷ്പാഞ്ജലി
ത്രികാലപൂജ
കോഴിക്കോട് നിന്ന് 60 കിലോമീറ്ററും തൃശ്ശൂരിൽനിന്ന് 75 കിലോമീറ്ററുമാണ് കാടാമ്പുഴ ക്ഷേത്രത്തിലേക്കുള്ള ദൂരം. ഇരു വശത്തുനിന്നും വരുമ്പോൾ ദേശീയപാത 17-ൽ വെട്ടിച്ചിറയിൽനിന്ന് തിരിഞ്ഞ് 2 കിലോമീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിൽ എത്തിച്ചേരാം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ