ശബരിമലയിലെ വിശേഷദിവസങ്ങൾ

ശബരിമലയിലെ വിശേഷദിവസങ്ങൾ


ശബരിമല ക്ഷേത്രത്തിൽ മകരവിളക്കിനും മണ്ഡലകാലത്തും മാത്രമേ തുറന്ന് പൂജ നടത്തിയിരുന്നുള്ളു. എന്നാൽ ഭക്തജനങ്ങളുടെ തിരക്ക് വർദ്ധിച്ചപ്പോൾ അതിൽ മാറ്റങ്ങൾ ഉണ്ടായി. ഇന്ന് എല്ലാ മലയാളമാസവും ഒന്ന് മുതൽ അഞ്ചാം തിയതി വരെയും, മണ്ഡലം 41 ദിവസവും, മകരം ഒന്നിൻ മുമ്പ് 9 ദിവസവും, മേടം ഒന്നിൻ മുമ്പ് 4 ദിവസവും എടവത്തിൽ ഉത്രം, അത്തം, തിരുവോണം നാളുകളും നടതുറക്കുന്ന ദിവസങ്ങളാണ്. എടവത്തിലെ അത്തമാണ്‌‍ പ്രതിഷ്ഠാദിവസം.
ശബരിമല ക്ഷേത്രത്തിലെ ഉത്സവം പത്തുദിവസമാണ്. മീനമാസത്തിലെ കാർത്തികനാളിൽ കൊടികയറും. അയ്യപ്പന്റെ പിറന്നാളായ പൈങ്കുനി ഉത്രം നാളിൽ പമ്പാനദിയിലാണ് ആറാട്ട്.

മകരവിളക്ക്

ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ പ്രസിദ്ധമായ ഉത്സവമാണ് മകര വിളക്ക്. മകരമാസം തുടങ്ങുന്ന മകരം ഒന്നാം തീയ്യതിയാണ് ഈ ഉത്സവം നടക്കുന്നത്. അന്നേദിവസം ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ വളരെ വലിയ ഉത്സവവും വിശേഷാൽ പൂജകളും നടക്കുന്നു. ഇതുകാണാനായി ഇന്ത്യയുടെ പലഭാഗത്തുനിന്നും ഭക്തജനങ്ങൾ എത്തിച്ചേരാറുണ്ട്. വൈകുന്നേരം നടക്കുന്ന ദീപാരാധന വളരെ വിശേഷപ്പെട്ടതാണ്. ഈ ദീപാരാധനയോടൊപ്പം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൻറെ ഒരു കോണിലുള്ള പൊന്നമ്പലമേട് എന്ന മലയുടെ മുകളിലുള്ള വനക്ഷേത്രത്തിലും ദീപാരാധന നടക്കും. ഇതിനെ മകരജ്യോതി എന്നാണ് വിശേഷിപ്പിക്കുന്നത്. മൂന്നുപ്രാവശ്യമാണ് മകരജ്യോതി തെളിയുക. ശബരിമല സന്നിധിയിൽ നിന്നും ഈ ദൃശ്യം വീക്ഷിക്കുവാൻ അനവധി ആളുകൾ എത്താറുണ്ട്.
പൊന്നമ്പലമേട്ടിൽ ശാസ്‌താവിന്റെ മൂലസ്‌ഥാനത്ത്‌ പണ്ട്‌ ആദിവാസികൾ വിളക്കു തെളിയിച്ച്‌ ദീപാരാധന നടത്തിയിരുന്നതാണ് മകരവിളക്കായി അറിയപ്പെട്ടത്‌ എന്ന് ചിലർ വാദിക്കുന്നു. പരശുരാമനാണ്‌ ഇത്തരത്തിലുള്ള ദീപാരാധന അവിടെ ആദ്യം തുടങ്ങിയതെന്നാണ്‌ ഐതിഹ്യം.

മകരസംക്രമപൂജ

ദക്ഷിണായനത്തിൽ നിന്ന് ഉത്തരായനത്തിൻറെ തുടക്കം കുറിച്ച് സൂര്യൻ ധനു രാശിയിൽ നിന്നും മകരം രാശിയിലേക്ക് മാറുന്ന സംക്രമ വേളയിലാണ് മകര സംക്രമപൂജ. സൂര്യൻ രാശി മാറുന്ന മുഹൂർത്തത്തിൽ സംക്രമാഭിഷേകം നടക്കും. തിരുവിതാംകൂർ രാജവംശത്തിന്റെ കവടിയാർ കൊട്ടാരത്തിൽ നിന്നു പ്രത്യേക ദൂതൻ വശം കൊണ്ടുവന്ന അയ്യപ്പ മുദ്രയിലെ നെയ്യാണ് സംക്രമവേളയിൽ അഭിഷേകം ചെയ്യുക.

ശബരിമല പൂജാക്രമം

ശബരിമലയില്‍ മണ്ഡലപൂജയ്ക്കായി തുലാം അവസാനത്തെ ദിവസം നടതുറക്കും. അന്ന് ഒരു പൂജയുമില്ല. ഭസ്മാഭിഷിക്തനായിരിക്കുന്ന അയ്യപ്പനെ അപ്പോള്‍ ദര്‍ശിക്കാം. അന്നു വൈകീട്ടാണ് തന്ത്രി പുതിയ മേല്‍ശാന്തിയെ അവരോധിക്കുന്നത്. അതിനുശേഷം ശ്രീകോവിലിനുള്ളില്‍ തന്ത്രി, മേല്‍ശാന്തിക്ക് മന്ത്രോപദേശം നല്‍കും.

എല്ലാ ദിവസവും മൂന്നു പൂജയാണ് അയ്യപ്പസന്നിധിയില്‍ നടത്തുന്നത്. ഉഷഃപൂജ, ഉച്ചപ്പൂജ, അത്താഴപൂജ. രാവിലെ നാലുമണിക്ക് നടതുറന്നാല്‍ തന്ത്രി ആദ്യമായി അഭിഷേകം നടത്തും. അതിനുശേഷം ഗണപതിഹോമം. 7.30നാണ് ഉഷഃപൂജ. ഉഷഃപൂജക്ക് നൈവേദ്യം ഉഷപ്പായസമാണ്. ഇടിചുപിഴിഞ്ഞ പായസമാണ് ഉഷപ്പായസം. പ്രധാന നൈവേദ്യം അയ്യപ്പന് നല്‍കി നടയടച് പുറത്തുവന്ന ശേഷം ഗണപതി, നാഗരാജാവ് എന്നിവര്‍ക്ക് നൈവേദ്യം നല്‍കും. പിന്നീട് നടതുറന്ന് വീണ്ടും അടച്ചശേഷം പ്രസന്നപൂജ. ഉഷഃപൂജക്കു ശേഷം തുടങ്ങുന്ന നെയ്യഭിഷേകം ഉച്ചക്ക് 12 വരെ തുടരും. അതിനുശേഷം ശ്രീകോവില്‍ കഴുകിത്തുടച്ച് ഉച്ചപ്പൂജ. മണ്ഡപത്തില്‍ പ്രത്യേകം പൂജിച്ചു വച്ചിരിക്കുന്ന 25 കലശം തന്ത്രി, വിഗ്രഹത്തില്‍ അഭിഷേകം നടത്തും. തുടര്‍ന്ന് നൈവേദ്യം. ഉച്ചപ്പൂജക്കുശേഷം നടയടച്ചാല്‍ വൈകീട്ട് നാലിന് നട തുറക്കും. സന്ധ്യക്ക് ദീപാരാധന. അതിനുശേഷം വഴിപാടായി പുഷ്പാഭിഷേകം. എല്ലാ ദിവസവും മുടങ്ങാതെ പുഷ്പാഭിഷേകമുണ്ടാവും. രാത്രി പത്തുമണിക്കുശേഷം അത്താഴപൂജ. അപ്പവും പാനകവും നിവേദിക്കും. പൂജക്കു ശേഷം ഇവ പ്രസാദമായി നല്‍കും. അത്താഴപൂജ കഴിഞ്ഞ് ശ്രീകോവില്‍ വൃത്തിയാക്കിയ ശേഷം ഹരിവരാസനം ചൊല്ലി നടയടയ്ക്കും.

എരുമേലി ക്ഷേത്രദര്‍ശന സമയം രാവിലെ 5മുതല്‍ ഉചയ്ക്ക് 12 വരെ, വൈകുന്നേരം 5മുതല്‍ 10 വരെ

പന്തളം വലിയകോയിക്കല്‍ ധര്‍മ്മശാസ്താക്ഷേത്രം രാവിലെ 5 മുതല്‍ 12വരെ, വൈകുന്നേരം 5 മുതല്‍ 8.30 വരെ

പന്തളത്ത് തിരുവാഭരണ ദര്‍ശനം രാവിലെ 5മുതല്‍ രാത്രി 8 വരെ തുടര്‍ചയായി.

മണ്ഡല പൂജ കഴിഞ്ഞ് ശബരിമല നട അടച്ച് തുറക്കുന്നത് വരെയുള്ള ഇടവേളയില്‍ തിരുവാഭരണദര്‍ശനം ഉണ്ടാവില്ല.

അഭിപ്രായങ്ങള്‍

ഒരു നിമിഷം

അയ്യപ്പന്‍ വിളക്ക്

കുരുക്ഷേത്രയുദ്ധം

ശബരിമലയിലെ ഉപദൈവങ്ങൾ

ക്ഷേത്രാചാരം