Sree Nellikka thiruthi Kazhakam
ശ്രീ നെല്ലിക്കാത്തുരുത്തി കഴകം നിലമംഗലത്ത് ഭഗവതി ക്ഷേത്രം
◆■◆■◆■◆■◆■◆■◆■◆■◆■◆■◆■◆■◆◆ഉത്തര കേരളത്തിലെ വൈദികേതരമായ കൂട്ടയ്‌മയിൽ പ്രഥമസ്ഥാനം അർഹിക്കുന്നവയാണ് കഴകങ്ങൾ. ജാതിവ്യവസ്ഥയും നാട്ടു രാജാക്കൻമാരുടെ ആധിപത്യവും നിലനിന്നിരുന്ന കാലത്ത് ഭരണനിർവ്വഹണത്തിന്റെ ഭാഗമായി ജാതിക്കൂട്ടങ്ങളുടെ ഇടയിലാണ് കഴകങ്ങൾ രൂപം കൊണ്ടത്. രാജ്യത്തിന്റെ പൊതുകാര്യങ്ങളിൽ ചർച്ച നടത്താനും തിരുമാനമെടുക്കാനുമുള്ള സഭ എന്ന അർത്ഥമാണ് അന്നു കഴകത്തിനുണ്ടായിരുന്നത്. കഴകത്തിന്റെ നിയമവ്യവസ്ഥയിൽ ഒരു സമുദായം കെട്ടുറപ്പോടെ നിലനിന്നു പോന്നു.
വടക്കേ മലബാറിൽ ഓരോ സമുദായത്തിനും കഴകങ്ങൾ രൂപംകൊണ്ടതിനെപറ്റിയും അതാത് ജാതിസമൂഹത്തിൽ അവയുടെ സ്ഥാനത്തെപ്പറ്റിയും മുന്നേയുള്ള ലേഖനങ്ങളിൽ ഞങ്ങൾ പരാമർശിച്ചിട്ടുണ്ട്. അത്യുത്തര കേരളത്തിലെ തീയരുടെ 4 കഴകങ്ങളിൽ ഏറ്റവും വടക്കേയറ്റത്തുള്ള ഉദുമ ശ്രീ പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം
തീയരുടെ കഴകങ്ങളിൽ പ്രഥമഗണനീയ സ്ഥാനത്തുള്ള നെല്ലിക്കാത്തുരുത്തി കഴകം നിലയമംഗലത്ത് ഭഗവതി ക്ഷേത്രത്തെപ്പറ്റിയാണ് ഈ ലേഖനത്തിൽ പരാമർശിക്കുന്നത്.
കാസർഗോഡ് ജില്ലയിൽ ചെറുവത്തൂരിനടുത്ത് തേജസ്വിനിപ്പുഴയാൽ ചുറ്റപ്പെട്ട തുരുത്തിയിലാണ് നിലയമംഗലത്ത് ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സാക്ഷാൽ ആദിപരാശക്തിയാണ് നിലമംഗലത്ത് ഭഗവതിയായി ഈ ക്ഷേത്രത്തിൽ കുടികൊള്ളുന്നത്. പണ്ട് ബ്രാഹ്മണ ക്ഷേത്രമായിരുന്നത് പിൽക്കാലത്ത് തീയ്യ സമുദായത്തിനു ലഭിച്ചതാണത്രേ. നിലമംഗലത്ത് ഭഗവതിയോടൊപ്പം പൂമാല ഭഗവതി, പൂമാരുതൻ,വിഷ്ണുമൂർത്തി, രക്തചാമുണ്ടി തുടങ്ങിയവർ ഉപദേവതകളായി സാന്നിധ്യം ചെയ്തിരിക്കുന്നു. വിഷ്ണുമൂർത്തിയും പൂമാരുതനും ഒരു പീഠത്തിൽ സോമേശ്വരിയും നിലമംഗലത്ത് ഭഗവതിയുടെ വലതു ഭാഗത്താണുള്ളത്. പൂമാലക്ക് പള്ളിയറ ഉണ്ടെങ്കിലും നിലമംഗലത്ത് ഭഗവതിയുടെ കൂടെയാണ് സ്ഥാനം.
നെല്ലിക്കാത്തീയനു മുന്നിൽ വൃക്ഷരൂപത്തിൽ സാന്നിധ്യം അറിയിച്ച് ഓർക്കുളത്ത് ബ്രാഹ്മണന്റെ തപശ്ചര്യയിൽ സംപ്രീതയായി പ്രത്യക്ഷയായ ദേവിയാണത്രേ സ്വയംഭൂവായ നിലയമംഗലത്ത് ഭഗവതി. പണ്ട് നൂലിട്ടാ നിലയെത്താത്ത സമുദ്രമായിരുന്ന പ്രദേശത്ത് പ്രത്യക്ഷയായതിനാലാണ് നിലയമംഗലത്ത് ഭഗവതിയെന്നറിയപ്പെട്ടത് (നിലയമംഗലം പിൽക്കാലത്ത് ലോപിച്ച് നിലമംഗലമായതാണത്രേ). പിന്നീട് ഈ പ്രദേശം ബ്രഹ്മണർക്ക് അപ്രാപ്യമായപ്പോൾ തങ്ങളുടെ ദേവീ ക്ഷേത്രം നെല്ലിക്കാത്തീയ്യൻ്റെ പിൻഗാമികൾക്കു നൽകി ബ്രാഹ്മണർ പിൻവാങ്ങി. അപ്രകാരം നിലയമംഗലത്തമ്മ എട്ടില്ലത്തിനു പരം പൊരുളായി കുടികൊണ്ടു.
പുരാവൃത്തം
* * * * * * * * *
പണ്ട് ഓർക്കുളത്ത് ബ്രാഹ്മണൻ ആരാധിച്ചിരുന്ന ക്ഷേത്രം പിന്നീട് അവർക്ക് അപ്രാപ്യമായപ്പോൾ തീയസമുദായത്തിന്റെ ചുമതലയിലേക്ക് ഏല്‍പ്പിച്ചു കൊടുക്കുകയയായിരുന്നത്രേ. ഇന്ന് നിലയമംഗലത്തു ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശം പണ്ട് ഓർക്കുളത്ത് ബ്രാഹ്മണൻ്റെ കന്നുകാലികളെ സംരക്ഷിച്ചിരുന്ന സ്ഥലമായിരുന്നു. ക്ഷേത്രം നിലനിൽക്കുന്ന സ്ഥലത്തിൻ്റെ വടക്കു പടിഞ്ഞാറു ഭാഗത്തായിരുന്നു അന്ന് ഗോശാല. ഗോശാല നോക്കി നടത്തിയിരുന്നത് തീയ സമുദായത്തിൽ (നെല്ലിക്കാ തീയൻ, ഇന്ന് ഓർക്കുളത്ത് വീട്ടിൽ താമസിക്കുന്നവരുടെ പൂർവികൻ) പെട്ട ഒരാളായിരുന്നു. ഒരുനാൾ അതിരാവിലെ പശുക്കളെ കറന്നശേഷം പറമ്പിലെത്തിയ അദ്ദേഹം ഇന്ന് ക്ഷേത്രമിരിക്കുന്ന അതേ സ്ഥാനത്ത് ഒരു വലിയ വടവൃക്ഷം കണ്ടുവത്രേ. ഇതുവരെയില്ലാത്ത ആ കാഴ്ച കണ്ട് ഭയന്നു പോയ അദ്ദേഹം ഓടിച്ചെന്ന് ഓർക്കുളത്ത് ബ്രാഹ്മണനെ വിവരമറിയിച്ചു. തീയനോടൊപ്പം അവിടെയെത്തിയ ബ്രാഹ്മണനു അവിടെയൊന്നും കാണാൻ സാധിച്ചില്ല. എന്നാൽ താൻ പറഞ്ഞതിൽ ഉറച്ചു നിന്ന തീയനോടു അവിടെ നിന്നു പോയ്ക്കൊള്ളാൻ പറഞ്ഞ ശേഷം ഓർക്കുളത്ത് ബ്രാഹ്മണൻ സത്യാവസ്ഥയറിയാൻ വൃക്ഷം കണ്ടുവെന്നു പറഞ്ഞ സ്ഥലത്ത് കിഴക്ക് ദിക്കു നോക്കി ധ്യാന നിരതനായി.
അർധരാത്രി സാക്ഷാൽ ആദിപരാശക്തി വിരാട് രൂപത്തിൽ ഓർക്കുളത്ത് ബ്രാഹ്മണൻ്റ മുന്നിൽ പ്രത്യക്ഷയായി. തനിക്കും തൻ്റെ തലമുറയ്ക്കും ദേവിയെ ആരാധിക്കാനുള്ള വരം നൽകണമെന്ന് ബ്രാഹ്മണൻ ആഗ്രഹം പ്രകടിപ്പിച്ചു. ബ്രാഹ്മണൻ്റെ ഭക്തിയിൽ സംപ്രീതയായ ദേവി അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരം വരം നൽകിയത്രേ. ഓർക്കുളത്ത് ബ്രാഹ്മണൻ അവിടെ ക്ഷേത്രം പണിത് ദേവിയെ പ്രതിഷ്ഠിച്ച് താന്ത്രികവിധിപ്രകാരം പൂജ ചെയ്യാനാരംഭിച്ചു. പരമഭക്തനായ അദ്ദേഹം മരണാനന്തരം പരാശകതിയിൽ വിലയം പ്രാപിച്ചത്രേ.
ഓർക്കുളത്ത് ബ്രാഹ്മണൻ്റെ പിൻമുറക്കാരും ദേവിയുടെ ഉപാസകരായി തുടർന്നു പോന്നു. അങ്ങനെയിരിക്കെ കാര്യങ്കോട് പുഴയിൽ സംഭവിച്ച പ്രകൃതി പ്രതിഭാസത്തെ തുടർന്ന് പുഴ ക്ഷേത്രത്തിനു ചുറ്റും ഒഴുകാൻ തുടങ്ങുകയും ക്ഷേത്രത്തിൻ്റെ പ്രദേശം ഒരു തുരുത്തായി മാറുകയും ചെയ്തു. ഓർക്കുളത്ത് വീട് ക്ഷേത്രത്തിനു പടിഞ്ഞാറ് പുഴയ്ക്കക്കരെയായിരുന്നു. പുഴ കടന്നു വന്ന് പൂജ നടത്താൻ ബ്രാഹ്മണർക്ക് സാധിക്കാതെ വന്നപ്പോൾ അവർ പണ്ട് ദേവിയുടെ സാന്നിധ്യം ആദ്യമായി അറിഞ്ഞ നെല്ലിക്കാ തീയൻ്റെ പിൻതലമുറയിൽപ്പെട്ടവർക്ക് ക്ഷേത്രത്തിൻ്റെ ചുമതല ഏൽപിച്ചു കൊടുക്കുകയായിരുന്നുവത്രേ.
ഓർക്കുളത്തു ബ്രാഹ്മണൻ തീയത്തറവാട്ടിലെ കാരണവരോട് തൻ്റെ കൂടെ ക്ഷേത്രത്തിലേക്ക് വരാൻ ആവശ്യപ്പെട്ടു. തീയകാരണവർ ക്ഷേത്രത്തിലേക്ക് പോയപ്പോൾ കുട്ടിയായിരുന്ന തൻ്റെ മകനേയും കൂടെ കൂട്ടിയത്രേ. ക്ഷേത്രത്തിലെത്തിയ ബ്രാഹ്മണൻ തൻ്റെ കൈവശമുണ്ടായിരുന്ന താക്കോൽ നെല്ലിക്കാത്തീയനു നല്‍കി ക്ഷേത്രവാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടു എന്നാൽ എത്ര ശ്രമിച്ചിട്ടും അദ്ദേഹത്തിനു വാതിൽ തുറക്കാന്‍ സാധിച്ചില്ല. വിഷമിച്ചു നിന്ന ബ്രാഹ്മണൻ അപ്പോഴാണ് തീയകാരണവരുടെ കൂടെ വന്ന മകനെ ശ്രദ്ധിച്ചത് ചൈതന്യവാനായ ആ കുട്ടിയുടെ കൈയിൽ താക്കോൽ നൽകി വാതിൽ തുറക്കാൻ ആവശ്യപ്പെട്ടു. നിഷ്പ്രയാസം നടതുറന്നു വന്നത്രേ. ഭഗവതിയുടെ തീരുമാനം മനസ്സിലാക്കിയ ഓർക്കുളത്ത് ബ്രാഹ്മണൻ തൻ്റെ കൈയിലെ വിരുദ് അഴിച്ച് ആ കുട്ടിയുടെ കൈയിൽ കെട്ടിക്കൊടുത്തു. മകനു പ്രായമാകുന്നതു വരെ പൂജാദികർമങ്ങൾ ചെയ്യാനും ശേഷം അവനു സ്ഥാനം നൽകാനും കാരണവരോട് ആവശ്യപ്പെട്ട ബ്രാഹ്മണൻ തൻ്റെ ഇല്ലവും നെല്ലിക്കാത്തീയനു വിട്ടുകൊടുത്തു ശേഷം ആ നാടുവിട്ടു പോവുകയുമാണുണ്ടായതത്രേ.
ഓർക്കുളത്ത് ബ്രാഹ്മണൻ്റെ നിർദ്ദേശം ശിരസാവഹിച്ച നെല്ലിക്കാത്തീയൻ പൂജാദികർമ്മങ്ങൾ തുടരുകയും മകനു പ്രായമായപ്പോൾ ചുമതല മകനു ഏൽപ്പിച്ചു കൊടുക്കുകയും ചെയ്തു. പിതാവിൻ്റെ മരണശേഷവും കർമ്മങ്ങൾ മകൻ ഭംഗിയായി നിർവ്വഹിച്ചു പോന്നു. പിന്നീട് അദ്ദേഹം ക്ഷേത്രത്തിൻ്റെ വടക്കു ഭാഗത്ത് പുതിയ വീടുവെച്ചു (ഇന്നത്തെ പുതിയപുരയിൽ തറവാട്) താമസമാക്കി. കാലാന്തരത്തിൽ എപ്പൊഴോ ഒരിക്കൽ അദ്ദേഹത്തിൽ പൂജാദികർമങ്ങളിൽ പിഴവു സംഭവിച്ചു. അതിൻ്റെ ദോഷം തൻ്റെ പിൻതലമുറയ്ക്ക് ഉണ്ടാവരുതെന്നു നിശ്ചയിച്ച അദ്ദേഹം തൻ്റെ മന്ത്രഗ്രന്ഥവും എഴുത്താണിയുമെടുത്ത് തന്റെ ഭവനത്തിനു തൊട്ട് പടിഞ്ഞാറ് ഭാഗത്ത് സമാധിയായി (സമാധിസ്ഥലം പുതിയപുരയിൽ തറവാട്ടിൽ ഇന്നുമുണ്ട്. ഇന്നും നിത്യദീപം കൊളുത്തുന്നു അവിടെ).അദ്ദേഹത്തിൻ്റെ പിൻമുറക്കാർ ക്ഷേത്രത്തിൻ്റെ സംരക്ഷകരായി തുടർന്നു പോന്നു.
ബ്രാഹ്മണരുടെ കാലത്ത് മംഗലമായിരുന്ന ക്ഷേത്രം (ഇന്നത്തെ നഗരസഭ പോലെയുള്ള സംവിധാനം) തീയരുടെ ചുമതലയിലെത്തിയപ്പോഴും അതുപോലെ തുടർന്നു. പീന്നീട് പൂമാല ഭഗവതിയുടെ വരവോടെ കൂടിയാണ് ക്ഷേത്രം കഴകമായി മാറുന്നത്.
പൂമാല ഭഗവതിയുടെ വരവ്
* * * * * * * * * * * * * * * * * * *
ആര്യർ നാട്ടിൽ നിന്നും കോലനന്മനാടു കാണാൻ മോഹിച്ച് ശൈവമല്ലനായ ആര്യ പൂമാരുതനൊപ്പമെത്തിയതാണ് പൂമാല ഭഗവതി.രാമന്തളി കുറുവന്തട്ട കഴകത്തിലും തൃക്കരിപ്പൂർ രാമവില്യം കഴകത്തിലും സാന്നിധ്യം ചെയ്ത ശേഷം പയ്യന്നൂരിലെത്തി പെരുമാളിൻ്റെ ആതിഥ്യം സ്വീകരിച്ചു. പിന്നീട് പൂമാലയും പരിവാരങ്ങളുമെത്തിയത് കുളങ്ങാട്ടുമലയിലാണ്. ഒരുനാൾ കത്തിച്ചു വെച്ച കാക്കവിളക്കാധാരമായി ഭഗവതി തലക്കാട്ടേക്കു കൈയെടുത്തു. അന്നവിടെ താമസിച്ചിരുന്നത് പിന്നീട് തലക്കാട്ട് മുത്തശ്ശിമാർ എന്നറിയപ്പെട്ടിരുന്ന രണ്ടു സഹോദരിമാരായിരുന്നു. അവർ വീട്ടുമുറ്റത്തിരിക്കുന്ന വേളയിൽ അവിടെ തെങ്ങിൽ കള്ളുചെത്തുകയായിരുന്ന പരക്കതീയനിൽ വെളിച്ചപ്പെട്ടുകൊണ്ട് പൂമാല അവിടെ സാന്നിധ്യം അറിയിച്ചത്രേ.
പണ്ടാരിക്ക് (പരക്കതീയൻ) വെളിച്ചപ്പെട്ടിട്ടുണ്ടെങ്കിൽ താൻ കടകവും കുണ്ഡലവും നൽകുമെന്ന് സഹോദരിമാരിൽ ഒരാൾ കളിയായി പറഞ്ഞു. അപ്പോൾ തന്നെ പണ്ടാരി തെങ്ങിൽ നിന്ന് ഇറങ്ങി വന്ന് പൈതങ്ങളെ എന്നു വിളിച്ചു. തീയൻ കള്ള വെളിച്ചപ്പാടു ചമയുകയാണെന്നു കരുതിയ മൂത്ത സഹോദരി പരീക്ഷിക്കാനായി കുളങ്ങാട്ടു മലയിലെ കുളത്തിൽ ചെന്ന് പാമ്പിനെ പിടിച്ചു വന്നാൽ താൻ പറഞ്ഞത് നൽകാമെന്നറിയിച്ചു. പണ്ടാരി അപ്രകാരം പാമ്പിനെ കഴുത്തിലണിഞ്ഞു വന്നു. അപ്പോഴാണ് സഹോദരിമാർക്ക് തെറ്റു ബോധ്യപെട്ടത്. മൂത്ത സഹോദരി അന്നേരം സ്വർണ്ണം നൽകാൻ കൈ കുറച്ചിലായിപ്പോയെന്നു (ബുദ്ധിമുട്ടുണ്ടെന്നു ) പണ്ടാരിയോട് പറഞ്ഞു. പൂമാലയുടെ സാന്നിധ്യം മനസ്സിലായ സഹോദരിമാർ പ്രശ്നചിന്ത നടത്തി ക്ഷേത്രം പണിത് പൂമാലയ്ക്കും പൂമാരുതും യഥാവിധി സ്ഥാനം നൽകി പാട്ടുത്സവവും പൂരവും കൊണ്ടാടാൻ തുടങ്ങി. (ഇന്നും ഈ സംഭവത്തിനെ അനുസ്മരിക്കുന്ന ചടങ്ങ് തുരുത്തിയിലുണ്ട്. പാട്ടുത്സവത്തിനു മുന്നേ പയ്യന്നൂർ പെരുമാളിനെ തൊഴുത് വരുന്ന സംഘം തലക്കാട്ട് ക്ഷേത്രത്തിൽ ചെല്ലുകയും വെളിച്ചപ്പാട് അവിടെയുള്ള രണ്ടു സ്ത്രീകളെ പൈതങ്ങളെ എന്നു വിളിക്കുമ്പോൾ അവർ കൈകുറച്ചിലായിപ്പോയെന്നു പറയുകയും ചെയ്യണമത്രേ).
അപ്രകാരം വർഷങ്ങൾ കടന്നു പോയപ്പോൾ ഒരിക്കൽ തലക്കാട്ടു സഹോദരിമാർ പിണങ്ങുകയും ഇളയ സഹോദരി തലക്കാട്ടു നിന്നും വന്ന് നിലയമംഗലത്ത് ക്ഷേത്രത്തിൻ്റെ വടക്കു ഭാഗത്ത് അരയാൽ തുരുത്തിയെന്ന സ്ഥലത്ത് (ഇന്നത്തെ അരയാം തുരുത്ത്) വീടുവെച്ച് താമസമാക്കുകയും ചെയ്തു. അതിനു ശേഷം മൂത്ത സഹോദരി തലക്കാട്ടു സഹോദരിയെന്ന പേരിലും ഇളയ സഹോദരി അരയാംതുരുത്തി സഹോദരിയെന്ന പേരിലും അറിയപ്പെടാൻ തുടങ്ങി. അരയാംതുരുത്തി മുത്തശ്ശി നിത്യപൂജയുണ്ടായിരുന്ന നീലയമംഗലം ക്ഷേത്രത്തിൽ ദിവസവും ഭജന നടത്താറുണ്ടായിരുന്നു. അങ്ങനെയിരിക്കെ മൂത്ത സഹോദരിയോട് വാശി തോന്നിയ അവർ തുരുത്തിയിൽ പൂമാലയ്ക്ക് ക്ഷേത്രം പണിയാൻ തീരുമാനിച്ചു. നിലയമംഗലം ക്ഷേത്രത്തിൻ്റെ നാഗസ്ഥാനത്തിനു തെക്ക് അന്ന് വേളാപുരത്തുകാരുടെ (ഓർക്കുളത്ത് ബ്രാഹ്മണൻ തുരുത്തി വിട്ടുപോകുമ്പോൾ ഒപ്പമുണ്ടായ നായന്മാര് ഇസ്ലാം മതം സ്വീകരിച്ചിരുന്നു അവരാണ് വേളാപുരക്കാർ) സ്ഥലമായിരുന്നു. അരയാം തുരുത്തി മുത്തശ്ശി വേളാപുരത്ത് ചെന്നു ക്ഷേത്രത്തിനടുത്തുള്ള സ്ഥലം പള്ളിയറ കെട്ടാൻ തരണമെന്ന് ആവശ്യപെട്ടു. എന്നാൽ അത് ഇസ്ലാം മതത്തിനെതിരായതിനാൽ തരാൻ പറ്റില്ലെന്നു അവർ പറഞ്ഞത്രേ. നിരാശയോടെ അരയാം തുരുത്തി മുത്തശ്ശി നിലമംഗലത്ത് തിരിച്ചുവന്നു.
പീന്നീട് അരയാംതുരുത്തിയിൽ ക്ഷേത്രം പണിയാനായി ആരംഭിച്ചു. തറ കെട്ടി പൂർത്തിയായപ്പോഴാണ് വേളാപുരത്തെ ജന്മിയുടെ കാര്യസ്ഥൻ മുത്തശ്ശിയെ തേടിയെത്തിയത്. വേളാപുരത്തുകാരുടെ തറവാട്ടിൽ ചില ദുഃശകുനങ്ങൾ ഉണ്ടായത്രേ. അവിടെയെത്തിയ മുത്തശ്ശിക്ക് ക്ഷേത്രം പണിയാനാവശ്യമായ സ്ഥലം ജന്മി പതിച്ചു നൽകി. അങ്ങനെ നിലയമംഗലത്തോടു ചേർന്ന് പൂമാലയ്ക്ക് പള്ളിയറ പണിയാനാരംഭിച്ചു. ക്ഷേത്രപ്പണിയക്കാവശ്യമായ മരം മുറിച്ചത് ക്ഷേത്രത്തിനു കിഴക്കുള്ള അണ്ടോൾ എന്ന സ്ഥലത്തു നിന്നായിരുന്നു. (ഇതിനെ അനുസ്മരിച്ചു കൊണ്ട് പെരുങ്കളിയാട്ടം നടക്കുന്ന വേളയിൽ തിരുമുടിക്കാവശ്യമായ കമുക് കൊണ്ടുവരുന്നത് ഇവിടെ നിന്നാണ്)
ക്ഷേത്രത്തിൻ്റെ പണി കഴിഞ്ഞതിനു ശേഷം തലക്കാട്ടു നിന്നും പൂമാല ഭഗവതിയെ ക്ഷേത്രത്തിലേക്കെത്തിക്കാൻ അരയാംതുരുത്ത് മുത്തശ്ശി ഒരു ഉപായം കണ്ടെത്തി. ഭഗവതിയെ തുരുത്തിയിലേക്കെത്താൻ തലക്കാട്ട് ക്ഷേത്രത്തിലെ വെളിച്ചപ്പാടിനെ ചട്ടം കെട്ടി. പുതിയ ക്ഷേത്രത്തിലേക്ക് കയറരുതെന്നും നിലയമംഗലം പടിഞ്ഞാറ്റയിലാണ് കയറേണ്ടതെന്നും മുത്തശ്ശി പ്രത്യേകം ഓർമ്മിപ്പിച്ചിരുന്നു. (പിന്നീട് ഒരു പ്രശ്നം വന്നാൽ നിലമംഗലത്ത് ക്ഷേത്രത്തിനെതിരെ ആരും സംസാരിക്കില്ലെന്ന ബോധ്യത്താലാണ് അരയാംതുരുത്ത് മുത്തശ്ശി ഇപ്രകാരം പറഞ്ഞതത്രേ). അങ്ങനെ അടുത്ത പാട്ടുത്സവക്കാലത്ത് തലക്കാട്ടെ കർമ്മങ്ങളെല്ലാം കഴിഞ്ഞപ്പോൾ തനിക്ക് നിലയമംഗലത്തേക്ക് കയ്യെടുക്കണമെന്ന് ഭഗവതിയുടെ വെളിച്ചപ്പാടൻ അരുളപ്പാടു ചെയ്തു. അങ്ങനെ തലക്കാട്ടു മുത്തശ്ശിയുടെ സമ്മതത്തോടെ പൂമാല ഭഗവതി തുരുത്തി നിലയമംഗലത്തേക്ക് എഴുന്നള്ളി. നിലയമംഗലം പടിഞ്ഞാറ്റയിലെത്തിയ വെളിച്ചപ്പാട് തിരുവായുധവും ആടയാഭരണങ്ങളും അവിടെ വെച്ചു. എഴുന്നള്ളത്തു പോയ വെളിച്ചപ്പാട് തിരികെ വരാഞ്ഞപ്പോൾ കാര്യം മനസ്സിലായ തലക്കാട്ട് മുത്തശ്ശി ചോദിക്കാനായി വാല്യക്കാരേയും കൂട്ടി തുരുത്തിയിലേക്ക് തിരിച്ചു. അരയാംതുരുത്ത് മുത്തശ്ശിയും ആളെക്കൂട്ടി കാത്തിരുന്നു. സംഘർഷം യുദ്ധസമാനമായ സമയത്താണ് നിലമംഗലത്ത് ഭഗവതിക്ക് വെളിച്ചപ്പാട് ഉണ്ടാവുകയും ഞാൻ എന്റെ പൂമാലക്ക് അർധസ്ഥാനം നൽകി സ്വീകരിച്ചിട്ടുണ്ട് അതുകൊണ്ട് ഇനി മുതൽ പാട്ടും പൂരം ഇവിടെ നടത്തിയാൽ മതിയെന്നും അരുളപ്പാടുണ്ടാവുകയും ചെയ്തു. അന്ന് തൊട്ടാണ് തലക്കാട്ടെ അന്തിതിരിയനും അച്ഛന്മാരും തുരുത്തിയിലാവുകയും തലക്കാട്ട് മുത്തശ്ശിയുടെ ആൾക്കാരെ തെക്കരെന്നും അരയാം തുരുത്തി മുത്തശ്ശിയുടെ ആൾക്കാരെ വടക്കർ എന്നും വിളിച്ചു പോന്നത്. (പൂരത്തിനു മറത്തുകളി നടക്കുന്നത് തെക്കരും വടക്കരും തമ്മിലാണ് )
അങ്ങനെ പൂമാല ഭഗവതി നിലമംഗലത്ത് സ്ഥാനം നേടി. അതിനു ശേഷമാണ് നിലമംഗലം കഴകമായി മാറുന്നതും ക്ഷേത്രത്തിലെ നിത്യപൂജ അവസാനിപ്പിച്ച് പെരുങ്കളിയാട്ടത്തിനു ആരംഭം കുറിക്കുന്നതും. പൂമാലയ്ക്ക് കെട്ടിക്കോലമില്ലാത്തതിനാൽ സങ്കൽപഭേദമായ പുന്നക്കാൽ ഭഗവതിയെയാണ് പെരുങ്കളിയാട്ടത്തിൽ കെട്ടിയാടാറ്
അറിവുകൾ സംരക്ഷിക്കുക എന്ന സദുദ്ദേശം മാത്രം
മറുപടിഇല്ലാതാക്കൂതെറ്റുണ്ടെങ്കിൽ ചൂണ്ടികാണിക്കുക
തിരുത്തൽ വരുത്താവുന്നതാണ്
അറിവുകൾ സംരക്ഷിക്കുക എന്ന സദുദ്ദേശം മാത്രം
മറുപടിഇല്ലാതാക്കൂതെറ്റുണ്ടെങ്കിൽ ചൂണ്ടികാണിക്കുക
തിരുത്തൽ വരുത്താവുന്നതാണ്